വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചു
മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷത്തിലധികം ഇസ്‌ലാം മതവിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന മാനന്തവാടി മേഖലയില്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് പോലെയുള്ള മതസ്ഥാപനങ്ങളുടെ അഭാവം രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും പ്രയാസത്തിലാക്കുന്ന കാര്യം ബോധ്യപ്പെട്ടതിനാലാണ് ട്രസ്റ്റിന്റെ രൂപീകരണം. ട്രസ്റ്റിന്റെ കീഴില്‍ സമസ്തയുടെ സ്ഥാപക പ്രസിഡന്റായ സയ്യിദ് ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നാമധേയത്തില്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ ആന്‍ഡ് ശരീഅത്ത് കോളജ്, മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയം എന്നിവ ഒരുക്കും.
ട്രസ്റ്റ് മുഖ്യരക്ഷാധികാരിയായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും രക്ഷാധികാരികളായി സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ എന്നിവരെയും പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. പ്രവര്‍ത്തന ഫണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എം.കെ സീര്‍ ഹാജിയില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.വാര്‍ത്താസമ്മേളനത്തില്‍ സി കുഞ്ഞബ്ദുല്ല, പി.വി.എസ് മൂസ, ജലീല്‍ദാരിമി, സൈതലവി മാസ്റ്റര്‍, കെ.പി നാസര്‍ ഹാജി, നിസാര്‍ ദാരിമി, ഹാരിസ് കാട്ടിക്കുളം, നൗഷാദ് ദാരിമി, വി.സി ഉസ്മാന്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."