ബി.ജെ.പിയുടെ അസംബന്ധ നാടകം പുറത്തായെന്ന് കോണ്‍ഗ്രസ്
പാലക്കാട്: കാണാതായ കൗണ്‍സിലറെ ഹാജരാക്കുക വഴി നഗരസഭാ ഭരണം നിലനിര്‍ത്തുവാന്‍ ബി.ജെ.പി. നടത്തിയ അസംബന്ധ നാടകം പുറത്തായെന്ന് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍. അധികാരത്തിനുവേണ്ടി കാലുമാറ്റവും കുതിരക്കച്ചവടവും നടത്തിയ ബി.ജെ.പി.യുടെ നീചമുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത്തരത്തിലുളള അവസരങ്ങള്‍ ഇനിയും മുതലെടുക്കുമെന്ന ബി.ജെ.പി. നേതാവ് എ.എല്‍.രാധാകൃഷ്ണന്റെ പ്രസ്താവന ജനാധിപത്യത്തോടുതന്നെയുളള വെല്ലുവിളിയാണ്.അഴിമതിയില്‍ മുങ്ങിയ നഗരസഭാ ഭരണത്തിനെതിരെ 26 കൗണ്‍സിലര്‍മാര്‍ വോട്ട്‌ചെയ്തത് നേതാക്കള്‍ മറക്കണ്ട. 24 പേരുളള ബി.ജെ.പി.ക്ക് അധികാരത്തില്‍ തുടരുവാനുളള ധാര്‍മ്മികത നഷ്ടപ്പെട്ടിരിക്കുകയാണ്. അര്‍ധരാത്രിയില്‍ കാണാതായ കൗണ്‍സിലറെയും കുടുംബത്തേയും കണ്ടു പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയാല്‍ പീഡനമാകുമെന്ന കണ്ടുപിടുത്തം നടത്തിയ ബി.ജെ.പി.ജില്ലാ പ്രസിഡന്റിനെ ചിത്തഭ്രമത്തിന് ചികിത്‌സിക്കുകയാണ് വേണ്ടത്. കൗണ്‍സിലറുടെ ജനവഞ്ചന ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കൈപ്പത്തി ചിഹ്നത്തില്‍ മത്‌സരിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിപ്പ് ലംഘിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഒരു കൗണ്‍സിലര്‍ രാജിവെച്ചാല്‍ മുങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ഏറെനാള്‍ ഈ നഗരസഭാ മുന്നോട്ട് പോകില്ല. ഈ ദുര്‍ഭരണത്തിനെതിരെ രാഷ്ട്രീയ പരമായും നിയമപരവുമായുളള ശക്തമായ പോരാട്ടം തുടരുമെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു. കോണ്‍ഗ്രസ് ബി.ജെ.പി. അവിശുദ്ധകുട്ടുകെട്ടന്ന സി.പി.എം. ആരോപണം മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണ്. അവിശ്വസപ്രമേയങ്ങളുടെ ആദ്യഘട്ടത്തില്‍ ഒരു സി.പി.എം.കൗണ്‍സിലറുടെ വോട്ട് അസാധുവായത് കൊണ്ട് മാത്രമാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ബി.ജെ.പി.ഭരിക്കുന്നത്.
അന്നൊന്നും ജില്ലാ കമ്മിറ്റിയും കൊടിയേരി ബാലകൃഷ്ണനും പ്രതികരിച്ചില്ലല്ലോ. അവിശ്വസത്തിലുടെ പൊതുമരാമത്ത്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും ബി.ജെ.പി.ക്ക്്അധികാരത്തിലെത്താന്‍ സ്ഥാനാര്‍ത്തികളെ നിര്‍ത്തി വഴിയൊരുക്കിയവര്‍ വലിയ ആദര്‍ശം പറയണ്ട.അവസരത്തിനൊത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സി.പി.എമ്മിന് വോട്ടു ചെയ്തതുകൊണ്ടാണ് വീണ്ടും ബി.ജെ.പി. വരാതിരുന്നത്. മാത്രമല്ല സി.പി.എം.കാര്‍ രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുകയുമാണ്. കോണ്‍ഗ്രസിന്റെ വോട്ടും വാങ്ങി അധികാരത്തിലിരുന്ന് കോണ്‍ഗ്രസിനെ തന്നെ കുറ്റം പറയാന്‍ സി.പി.എംന്് ഒരു ജാള്യതയുമില്ലെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."