ദേശങ്ങള്‍ താണ്ടി ഫാല്‍ക്കണ്‍ പക്ഷി കേരളത്തിലെത്തി, അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം
മലപ്പുറം: വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഫാല്‍ക്കണ്‍പക്ഷിയെ കണ്ടെത്തി. പ്രശസ്ത ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുബൈര്‍ മേടമ്മലാണ് ഫാല്‍ക്കണ്‍ (പ്രാപ്പിടിയന്‍) വര്‍ഗ്ഗത്തിലെ ഷഹീന്‍ അഥവാ പെരിഗ്രീന്‍ ഫാല്‍ക്കണ്‍ പക്ഷിയെ കണ്ടെത്തിയത്. ഗുരുവായൂര്‍ കോളില്‍ ഡോ. സുബൈര്‍ മേടമ്മല്‍ നടത്തിയപക്ഷി നിരീക്ഷണത്തിനിടെ മുല്ലശേരി കോള്‍ പ്രദേശത്ത് ഇലകൊഴിഞ്ഞ മരത്തില്‍ ഇരിക്കുന്ന ആണ്‍പക്ഷിയെ കാമറയില്‍ പകര്‍ത്തുകയായിരുന്നു.
പക്ഷികളുടെ ദേശാടനകാലമായ ഒക്‌ടോബര്‍-മാര്‍ച്ച് മാസങ്ങളില്‍ ഫാല്‍ക്കണുകളുടെ ദേശാടനം ഇന്ത്യയില്‍ നടക്കാറുണ്ടെന്നും അക്കൂട്ടത്തില്‍ കോളില്‍ എത്തിയതായിരിക്കാം ഈ പക്ഷിയെന്നും ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു. ഇതിന് മുമ്പ് 1991 ല്‍ സൈലന്റ് വാലിയിലെ നീലിക്കല്‍ ഡാം സൈറ്റില്‍ അമേച്വര്‍ പക്ഷിനിരീക്ഷകനായ പി.കെ ഉത്തമനും 2003 ല്‍ ഡോ. സുബൈര്‍ മേടമ്മലും ഈ പക്ഷിയെ കണ്ടെത്തിയിരുന്നു. അതിനുശേഷം 2013 ല്‍ നെല്ലിയാമ്പതി സീതാര്‍ ഗുണ്ടില്‍ ഡോ. സുബൈര്‍ മേടമ്മല്‍ ഷഹീന്‍ ഫാല്‍ക്കണെ കണ്ടെത്തിയിരുന്നു.
അതിനുശേഷം ഇപ്പോഴാണ് സംസ്ഥാനത്ത് ഷഹീന്‍ ഫാല്‍ക്കണെ കണ്ടെത്താനായത്. കോളില്‍ കണ്ടെത്തിയ ആണ്‍ പക്ഷിക്ക് ഏതാണ്ട് ഒരു കിലോയിലേറെ തൂക്കം വരും. ഏതാണ്ട് 5 മിനിറ്റോളം പക്ഷിയെ നിരീക്ഷിക്കാന്‍ കഴിഞ്ഞ ഡോ. സുബൈര്‍ മേടമ്മലും ഒപ്പമുണ്ടായിരുന്ന തളിക്കുളം സ്വദേശിയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറുമായ ബിനു വാലത്തും ഏതാനും ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഷഹീന്‍ ഫാല്‍ക്കണാണ്. രാജസ്ഥാനിലെ ജൈസാല്‍മീറിലും വടക്കേ ഇന്ത്യയിലെ അപൂര്‍വ്വം ചിലയിടങ്ങളിലും ഇവയെ കാണുന്നു. ദക്ഷിണേന്ത്യയില്‍ അപൂര്‍വ്വമായാണ് ഫാല്‍ക്കണുകളെത്തുന്നത്.
[caption id="attachment_650728" align="alignleft" width="309"] ഗുരുവായൂര്‍ കോളില്‍ ഷഹീന്‍ ഫാല്‍ക്കണ്‍ കണ്ടെത്തിയ മരത്തിന് സമീപം ഡോ. സുബൈര്‍ മേടമ്മല്‍[/caption]യു.എ.ഇ യുടെ ദേശീയ ചിഹ്നവും ദേശീയ പക്ഷിയുമായ ഫാല്‍ക്കണ്‍ ചില ഗള്‍ഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയുമാണ്. അറബികള്‍ അവയുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാക്കി ഇവയെ ഇണക്കി വളര്‍ത്തുന്നു. അന്താരാഷ്ട്രവിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഷഹീന്‍ഫാല്‍ക്കണുകള്‍ വേട്ടയാടലില്‍ അതിസമര്‍ത്ഥരാണ്. ലോകത്തില്‍ ഏറ്റവും വേഗതയേറിയ പക്ഷിയാണ് ഫാല്‍ക്കണ്‍. മണിക്കൂറില്‍ 350 സ.ാ. വരെ കുത്തനെ പറക്കാന്‍ കഴിയുന്ന ഫാല്‍ക്കണുകള്‍ ഇരയെ അതിവേഗം കൈപ്പിടിയിലൊതുക്കും. തല കഴുത്തിന് ചുറ്റും പൂര്‍ണ്ണമായും തിരിക്കാന്‍ പറ്റുമെന്ന അപൂര്‍വ്വതയും ഇവക്കുണ്ട്. ഏത് ദിശയിലും ഏത്ര ദൂരത്തുമുള്ള ഇരകളെ കണ്ടെത്താനുള്ള ഇവയുടെ തീക്ഷ്ണമായ കാഴ്ചശക്തി പ്രശസ്തമാണ്. മരുഭൂമികളില്‍ ദിശ അറിയുന്നതിന് അറബികള്‍ ഫാല്‍ക്കണുകളെ ഉപയോഗിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. ലോകത്തില്‍ യാത്രചെയ്യാന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കപ്പെട്ട ഏക മനുഷ്യേതരജീവിയാണ് ഫാല്‍ക്കണ്‍.
ഭക്ഷണ ദൗര്‍ലഭ്യവും ദേശാടന വേളകളില്‍ ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങളും, ഡി. ഡി.ടി, എല്‍ഡ്രിന്‍, ഡൈ എല്‍ഡ്രിന്‍ തുടങ്ങിയ കീടനാശിനികളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതും ഫാല്‍ക്കണുകളുടെ വംശ നാശത്തിന് ഹേതുവായിത്തീരുന്നു. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യങ്ങളില്‍ വാസസ്ഥലങ്ങള്‍ക്ക് സംഭവിച്ച്‌കൊണ്ടിരിക്കുന്ന നാശവും പ്രാവ്, കുയില്‍ തുടങ്ങിയ ഫാല്‍ക്കണിന്റെ ഇരകളെ വന്‍ തോതില്‍ വളര്‍ത്തുന്ന ഫാമുകളുടെ സമീപത്തേക്ക് ഇരതേടിയെത്തുമ്പോള്‍ കെണിയൊരുക്കിയും വെടിവെച്ച് വീഴ്ത്തിയും ഫാല്‍ക്കണുകളെ വ്യാപകമായി നശിപ്പിച്ച് വരുന്നതും ഇവകളുടെ വംശനശീകരണത്തിന് വലിയൊരളവില്‍കാരണമായിത്തീരാറുണ്ട്.
തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ. സുബൈര്‍ മേടമ്മല്‍ ഫാല്‍ക്കണ്‍ പക്ഷികളെക്കുറിച്ച് ജര്‍മ്മനിയിലും അറബ് രാജ്യങ്ങളിലും ആറ് വര്‍ഷത്തോളം ഗവേഷണം നടത്തി 2004 ലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോകടറേറ്റ് നേടിയത്. ഈ വിഷയത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണദ്ദേഹം. ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് www.falconpedia.com ഫാല്‍ക്കണുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."