എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള നടപടികള്‍ തുടങ്ങി
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിച്ച് വന്‍തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്
ന്യൂഡല്‍ഹി: നഷ്ടത്തിലോടുന്ന പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. കമ്പനിയുടെ ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നത് വഴി വന്‍തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1.05 ട്രില്യണ്‍ (1,05,000 കോടി രൂപ) സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. എയര്‍ ഇന്ത്യക്ക് നിലവില്‍ 128 വിമാനങ്ങളാണുള്ളത്.
കോര്‍പറേറ്റ് നികുതി കുറച്ചത് മുഖേനയുണ്ടായ 1.45 ട്രില്യണ്‍ രൂപയുടെ (1,45,000 കോടി രൂപ) വരുമാനനഷ്ടം ഇതിലൂടെ നികത്താന്‍ കഴിയുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. 55,000 കോടി രൂപയായിരുന്നു 2018 മാര്‍ച്ച് വരെ എയര്‍ ഇന്ത്യയുടെ ആകെ കടം. എന്നാല്‍ 2019 മാര്‍ച്ചിലേക്കെത്തിയപ്പോള്‍ ഇത് 58,352 കോടിയായി ഉയരുകയായിരുന്നു. വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശംവയ്ക്കാന്‍ കഴിയില്ല.
ഓഹരി വില്‍പ്പന സംബന്ധിച്ച നടപടികള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ കീഴില്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."