കെ.ടി ജലീലിന്റെ ബന്ധു നിയമനം: കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി പി.കെ ഫിറോസ്
കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ ആയി തന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥിതീകരിക്കുന്ന തെളിവുകള്‍ ലഭ്യമായതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ കോഴിക്കോട് ചക്കോരത്ത്കുളത്തുള്ള ഓഫീസില്‍ എത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ ചാനല്‍ അവതാരകന്റെ വെല്ലുവിളി ഏറ്റെടുത്ത് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുള്‍ വഹാബ് ക്ഷണിച്ചതനുസരിച്ചാണ് ഫിറോസ് രേഖകള്‍ പരിശോധിക്കാന്‍ എത്തിയത്. രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ഇനന്റര്‍വ്യൂയില്‍ യോഗ്യരല്ലെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കിയതാണെന്ന് മന്ത്രി ഓഫീസ് അവകാശപ്പെട്ട ആറു പേരില്‍ രണ്ട് പേര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തിക പിന്നീട് നല്‍കിയതായി കണ്ടെത്തി.
ഇതിലൊരാള്‍ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് മന്ത്രിക്കനുകൂലമായി സംസാരിച്ച വ്യക്തിയാണ്. ബാക്കിയുള്ള നാല് പേരില്‍ മൂന്ന് പേരും നിലവില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മന്ത്രി ബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാന്‍ ഈ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് മറ്റ് തസ്തികകള്‍ നല്‍കി വഴിയൊരുക്കുകയാണ് ചെയ്തതെന്ന് ഫിറോസ് പറഞ്ഞു.
പൊതുമേഖല സ്ഥാപനത്തില്‍ പതിനൊന്ന് വര്‍ഷം എക്‌സ്പീരിയന്‍സ് ഉള്ള അപേക്ഷകന് എം.ബി.എ യോഗ്യതക്കുള്ള ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് അപേക്ഷ നിരസിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി ബന്ധുവും അപേക്ഷയോടൊപ്പം ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
ഇക്വലന്‍സി സമര്‍പ്പിക്കാത്തതിന് മറ്റൊരാള്‍ക്ക് അവസരം നിഷേധിക്കുകയും മന്ത്രി ബന്ധുവിന് അത്
ബാധകമാക്കാതിരിക്കുകയും ചെയ്തതോട് കൂടി അനധികൃത നിയമനം കൂടുതല്‍ വ്യക്തമായി. സ്വകാര്യ സ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിന് നിയമ തടസ്സം ഇല്ലെന്ന നിയമോപദേശം ലഭിച്ചതായി ഇക്കഴിഞ്ഞ ദിവസം ചെയര്‍മാന്‍ നടത്തിയ പ്രസ്താവനയും തെറ്റാണെന്ന് ബോധ്യപ്പെട്ടു. അത് സംബന്ധിച്ച യാതൊരു രേഖയും ഹാജരാക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞില്ല. ലോണ്‍ തിരിച്ചടക്കാനുള്ള വ്യക്തികളുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് കയ്യിലുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ലോണ്‍ തിരിച്ചടക്കാത്ത ലീഗ് പ്രവര്‍ത്തകരുടെ ലോണുകള്‍ തിരിച്ചു പിടിക്കുന്നതിന്റെ പ്രതികാരമാണ് ആരോപണം ഉന്നയിക്കുന്നവര്‍ നടത്തുന്നതെന്ന മന്ത്രിയുടെ വാദത്തിനും ഇതോടെ അടിസ്ഥാനമില്ലാതെയായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ എന്നിവര്‍ ഫിറോസിനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."