മണ്ണാര്‍ക്കാട് ഡെങ്കിപ്പനി നിയന്ത്രണവിധേയമാവുന്നില്ല
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയിലെ ഡെങ്കിപ്പനിക്ക് ശമനമായില്ല. താലൂക്ക് ആശുപത്രിയില്‍ കിടക്കാനിടമില്ലാതെ രോഗികള്‍ ദുരിതത്തില്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് ആക്ഷേപം. താലൂക്ക് ആശുപത്രിയിലും, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, മഞ്ചേരി സ്വകാര്യ ആശുപത്രികളിലുമായി ഇരുന്നൂറിലധികം ഡെങ്കിപ്പനി കേസുകളാണ് ചികിത്സയിലുളളത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ കണക്കുകളില്‍ 50ല്‍ താഴെ ഡെങ്കിബാധിതരാണ് ഉളളത്.
കഴിഞ്ഞ മൂന്നുമാസത്തോളമായി മണ്ണാര്‍ക്കാട് മേഖലയില്‍ പനി പടരാന്‍ തുടങ്ങിയിട്ട്. ആദ്യ ഘട്ടത്തില്‍ ജില്ലാ മെഡിക്കല്‍ ടീമുള്‍പ്പെടെ മണ്ണാര്‍ക്കാടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും പിന്നീട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ട് പോയെന്ന ആരോപണം ശക്തമാണ്. താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചെത്തുന്നവരെ കിടക്കാന്‍ സ്ഥലമില്ലാത്തത് മൂലം ചികിത്സാ വിധികള്‍ നിര്‍ദേശിച്ച് തിരിച്ചയക്കുകയാണ്. ഡെങ്കിപ്പനി കൂടാതെ മറ്റുവൈറല്‍ പനികളും, മഞ്ഞപിത്തവും, ചിക്കന്‍ പോക്‌സും വ്യാപകമാവുന്നുണ്ട്. പകര്‍ച്ച വ്യാധികള്‍ പടരുമ്പോഴും വാര്‍ഡ് തല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവുന്നില്ലെന്ന പരാതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."