മരട് ഫ്‌ളാറ്റ് പൊളിക്കാതെ അടര്‍ത്തി മാറ്റി വീടുള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കാം: നിര്‍ദേശവുമായി സഊദി പ്രവാസി
റിയാദ്: ഏറെ ചര്‍ച്ചയായ മരട് ഫ്‌ളാറ്റ് ഇടിച്ചു നിരത്തി പൊളിച്ചു മാറ്റാതെ അടര്‍ത്തി മാറ്റി പാവങ്ങള്‍ക്കായി ഭവന പദ്ധതി ഒരുക്കണമെന്ന നിര്‍ദേശവുമായി സഊദി പ്രവാസി രംഗത്ത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ഫഌറ്റ് യാതൊരു ഉപകാരവും ഇല്ലാതെ ഇടിച്ചു നിരത്തുമ്പോഴുണ്ടാകുന്ന കനത്ത പാരിസ്ഥിതിക ബുദ്ധിമുട്ടുകള്‍ കൂടി പരിഹരിഹരിക്കപ്പെടുന്ന നിര്‍ദേശവുമായാണ് സഊദിയില്‍ നിരവധി നിര്‍മ്മാണ പദ്ധതികളില്‍ വൈദഗ്ധ്യം തെളിയിച്ച കോഴിക്കോട് മുക്കം കൊടിയത്തൂര്‍ സ്വദേശി രംഗത്തെത്തിയത്. സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ഫ്‌ളാറ്റ് അടര്‍ത്തിയെടുത്തു മരട് ഫഌറ്റ് ഉപയോഗിച്ച് ഭൂമി ലഭിക്കുക കൂടി ചെയ്താല്‍ മുന്നൂറോളം കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള വീട് പണിയാന്‍ സാധിക്കുമെന്ന് പ്രവാസി എഞ്ചിനീയര്‍ കുഞ്ഞിമൊയ്തീന്‍ മുക്കം സുപ്രഭാതത്തോട് പങ്ക് വെച്ചു. ഇത് ഫ്‌ളാറ്റ് ഭവന രഹിതര്‍ക്കും വീടില്ലാത്ത മറ്റു പാവപ്പെട്ടവര്‍ക്കുകയായി ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളാറ്റ് പൊളിച്ചു കടലിലോ മറ്റു ഒഴിഞ്ഞ പ്രദേശങ്ങളിലോ തള്ളുന്നതിന് പകരം മുന്നോട്ട് വെച്ച നിര്‍ദേശം ഏറെ ശ്രദ്ധേയമാണ്. കൃത്യമായി അളന്നു സ്‌ളാബും ബീമും ചുമരും മുറിച്ചെടുത്ത് മറ്റൊരിടത്തു മാറ്റി സ്ഥാപിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതുപയോഗിച്ചു നല്ല ഉറപ്പുള്ളതും താമസ യോഗ്യമായതുമായ വീടുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും പാരിസ്ഥിതിക കടമ്പകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ, ഫ്‌ളാറ്റിലെ വയറിംഗ്, പ്ലംബിങ് ഡെക്കറേഷന്‍ സാധന സാമഗ്രികള്‍ മുഴുവനും ഉപയോഗിക്കാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്. വീടുകള്‍ക്ക് പുറമെ ഓവുചാലുകള്‍, കടല്‍ സംരക്ഷണ ഭിത്തികള്‍, പാര്‍ക്കുകള്‍ക്ക് ചുമരുകള്‍, റോഡ് സൈഡുകളിലെ
റീടൈനിംഗ് വാള്‍ എന്നിവയും നിര്‍മ്മിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു. ഇത്രയും വീടുകള്‍ നിര്‍മ്മിക്കാനായി
മരട് ഫ്‌ളാറ്റ് പൊളിക്കാനായി വേണ്ടി വരുന്ന തുകയായ 25 കോടിയില്‍ അല്‍പം കൂടുതല്‍ തുക വേണമെന്ന് മാത്രം. ഈ പണം സര്‍ക്കാരോ മറ്റു ഏജന്‍സികളോ ഏറ്റെടുക്കാന്‍ തയാറായാല്‍ യാതൊരു പാരിസ്ഥിക പ്രശ്‌നവും കൂടാതെയും ഒന്നും ഉപയോഗ ശൂന്യമാക്കി കളയാതെ ഉപയോഗപ്പെടുത്താമെന്നും സഊദിയില്‍ ഇത്തരത്തില്‍ വന്‍ പാലങ്ങള്‍, ഓവുചാലുകള്‍, കെട്ടിടങ്ങള്‍ എന്നിവ പലതവണ നിര്‍മിച്ച പരിചയ സമ്പത്തുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ട് വന്നാല്‍ പദ്ധതി ഏറ്റെടുക്കാന്‍ തങ്ങളുടെ കീഴിലുള്ള പ്രവാസി സംരംഭമായ പ്രവാസി എഞ്ചിനീയറിങ് ഗ്രൂപ്പും മെഡ്‌കോ കമ്പനിയും തയ്യാറുമാണ്. നിലവില്‍ സഊദിയിലെ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇതിലെ ഷെയര്‍ ഉടമകളായ പ്രവാസി സംരംഭകര്‍ പ്രവാസം അവസാനിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ഈയവസരത്തില്‍ ഈ പദ്ധതി വിജയിച്ചാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്കുള്ള പ്രവാസി പുനരധിവാസ പദ്ധതിയായും സര്‍ക്കാരിന് ഇത് പ്രഖ്യാപിക്കാന്‍ കഴിയുമെന്നും കുഞ്ഞിമൊയ്തീന്‍ വ്യക്തമാക്കി.
പരിസ്ഥിതിയുടെ പേരില്‍ പൊളിക്കാന്‍ തീരുമാനിച്ച മരട് ഫ്‌ളാറ്റ് അവശിഷ്ടങ്ങള്‍ എവിടെ തള്ളണമെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം ആയിട്ടില്ല. കടലില്‍ തള്ളിയാലും കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളായി മാറും. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് ഏറെ പ്രശസ്തിയാണുള്ളത്. കഴിഞ്ഞ 25 വര്‍ഷമായി സഊദിയില്‍ ചീഫ് സര്‍വേയര്‍ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദിലെ കിങ് അബ്ദുള്ള ഇക്കണോമിക്‌സ് സിറ്റി, റിയാദ് മെട്രോ, നാഷണല്‍ വാട്ടര്‍ കമ്പനി, എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഏറ്റെടുത്തു ചെയ്ത ഇദ്ദേഹം കോഴി ക്കോട് ആസ്ഥാനമായുള്ള
മെഡ്‌കോ കമ്പനി ഡയരക്ടര്‍ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കം പ്രവാസികള്‍ക്കിടയിലും നാട്ടിലും മികച്ച സേവനങ്ങള്‍ കാഴ്ച വെക്കുന്ന കമ്പനി നാട്ടില്‍ വിവിധ പദ്ധതികള്‍ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."