പിറവം വലിയ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പിറവം വലിയ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കലക്ടര്‍ ഉടന്‍ താക്കോല്‍ ഓര്‍ത്തഡോക്സ് പക്ഷം വികാരിക്ക് കൈമാറണം.
ആരാധനക്ക് തടസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൊലിസ് സംരക്ഷണം നല്‍കാനും എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രവേശനം നല്‍കാനും കോടതി നിര്‍ദേശിച്ചു.
താക്കോല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു കൈമാറരുതെന്ന യാക്കോബായ പക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. സഭാതര്‍ക്കത്തില്‍ സുപ്രിംകോടതി അന്തിമ തീര്‍പ്പ് കല്പ്പിച്ചതാണന്നും മേല്‍ക്കോടതി വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. നിയമവാഴ്ച ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. നിയമനടപടികളെ അട്ടിമറിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് എ.എം ഷെഫീഖ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ചട്ടങ്ങള്‍ പ്രകാരം താക്കോല്‍ കൈമാറാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സിവില്‍ തര്‍ക്കമായതിനാല്‍ ബന്ധപ്പെട്ട കീഴ്ക്കോടതിക്കാണ് അധികാരമുള്ളതെന്നുമുള്ള സാങ്കേതികവാദമാണ് യാക്കോബായ പക്ഷം ഉയര്‍ത്തിയത്.
ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ ബോധവാന്മാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്കാര ചടങ്ങുകള്‍ വികാരിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."