വായനയിലൂടെ മനുഷ്യര്‍ തമ്മിലുള്ള അടുപ്പവും വളരുന്നു: യു.എ ഖാദര്‍
കോഴിക്കോട്: മനുഷ്യര്‍ തമ്മിലുള്ള അടുപ്പവും വളരാനുള്ള അവസരമാണ് വായനശാലകളിലൂടെയും വായനയിലൂടെയും ലഭിക്കുന്നതെന്ന് സാഹിത്യകാരന്‍ യു.എ ഖാദര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ്, വിവര- പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്ന് പി.എന്‍ പണിക്കര്‍-ഐ.വി ദാസ് അനുസമരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണം കോഴിക്കോട് ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ പല ഗണങ്ങളിലായി, പല നിറങ്ങളിലായി വിഭജിക്കപ്പെട്ടുപോവുന്ന പ്രത്യേകമായ അന്തരീക്ഷത്തില്‍ അതിനെതിരേ സാംസ്‌കാരികമായ ഔന്നത്യം നേടാന്‍ വായനയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഗ്രാമങ്ങളിലും ചെന്ന് അതിന്റെ ജീവിതത്തുടിപ്പുകള്‍ മനസിലാക്കി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനം എങ്ങനെ വളര്‍ത്താം എന്നാലോചിക്കുകയും അതിന് വേണ്ടി ജീവിതകാലം മുഴുവന്‍ ചെലവഴിക്കുകയും ചെയ്ത വ്യക്തിയാണ് പി.എന്‍ പണിക്കര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. എം. രാജന്‍, എസ്.എസ്.എ ജില്ലാ കോഡിനേറ്റര്‍ എം. ജയകൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍. ശങ്കരന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് ഷെയ്ക് ഷഫറുദ്ദീന്‍ സംസാരിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാമന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ ഏഴ് വരെ സ്‌കൂളുകളിലും കോളജുകളിലും ലൈബ്രറികളിലും വിവിധ പരിപാടികള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."