രക്ഷിതാക്കള്‍ ജാഗ്രതൈ; വിദ്യാര്‍ഥിനികളെ വലവീശിപിടിക്കാന്‍ ചൂഷകസംഘം: ഒരാളെ പിടികൂടി
കാസര്‍കോട്: വിദ്യാര്‍ഥിനികളെ വല വീശി പിടിക്കാന്‍ ചൂഷക സംഘം രംഗത്ത്. സംഘത്തിലെ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് നഗര പരിധിയിലെ ഒരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലിസ് ചോദ്യം വരുകയാണ്.പെണ്‍കുട്ടിയെ ഫോണിലും ബൈക്കില്‍ പിറകെയെത്തിയും നിരന്തരം ശല്ല്യപ്പെടുത്തിയതോടെയാണ് പെണ്‍കുട്ടിയും രക്ഷിതാക്കളും പരാതിയുമായി പൊലിസിലെത്തിയത്.
ജില്ലയിലെ വിവിധ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ വിലസുന്നതായി വളരെ മുമ്പേ തന്നെ ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും കാര്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാറില്ല.പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെയാണ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ സഹപാഠികളില്‍നിന്നും മറ്റും ശേഖരിച്ച ശേഷം വാട്‌സ്ആപില്‍ കൂടി പ്രണയ സന്ദേശം കൈമാറി കുട്ടികളെ വലയില്‍ വീഴ്ത്തുന്ന രീതിയാണ് ഇത്തരം സംഘങ്ങള്‍ പയറ്റുന്നത്. ജില്ലയില്‍ ഇത്തരം ഒട്ടനവധി സംഘങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയം നടിച്ചുവലവീശി പിടിക്കാന്‍ പ്രവര്‍ത്തിക്കുന്നതായി പൊലിസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാന്‍ പൊലിസ് രഹസ്യനിരീക്ഷണം തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയോര്‍ത്ത് മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് ചൂഷകസംഘത്തിന് സഹായകമാകുന്ന അവസ്ഥയുമുണ്ട്. ഫോണ്‍ നമ്പര്‍ ശേഖരിച്ച ശേഷം മിസ് കോള്‍ അടിച്ചാണ് കുട്ടികളെ സംഘം വലയിലാക്കുന്നത്. കുട്ടികള്‍ തിരിച്ചു വിളിച്ചാല്‍ പ്രസ്തുത നമ്പറില്‍ വാട്‌സ്ആപ് ഉണ്ടെങ്കില്‍ പ്രണയ ചിഹ്നം കൈത്തണ്ടയിലും മറ്റും ഉണ്ടാക്കി ചോരയൊലിപ്പിക്കുന്ന ചിത്രം അയച്ചുകൊടുക്കും. തന്നെ അത്രയ്ക്ക് ഇഷ്ടമാണെന്ന സന്ദേശവും ഇതിനൊപ്പം നല്‍കും. ഒട്ടനവധി വിദ്യാര്‍ഥിനികളെ ഇത്തരത്തില്‍ പൂവാലസംഘം വലയില്‍ വീഴ്ത്തിയതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."