പോര്‍ച്ചുഗല്‍ കാട്ടുതീ; ആറു മണിക്കൂര്‍ വെള്ളടാങ്കില്‍ കിടന്നു; 12 പേരുടെ ജീവന് രക്ഷിച്ചു
ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഗ്രാമങ്ങളെ വിഴുങ്ങിയ കാട്ടുതീയില്‍ നിന്ന് 95 കാരിയായ ഭിന്നശേഷിക്കാരി ഉള്‍പ്പെടെ 12 പേര് രക്ഷപ്പെട്ടത് വെള്ളടാങ്കില്‍ അഭയം തേടിയതുമൂലം. ആറു മണിക്കൂറാണ് ഇവര്‍ വെള്ളടാങ്കില്‍ കഴിച്ചുകൂട്ടിയത്. ചുറ്റുമുള്ളതെല്ലാം ചാരമാക്കി തീ അണഞ്ഞശേഷമാണ് ഇവര്‍ക്ക് പുറത്തുകടക്കാനായത്. ഇങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ തങ്ങളെല്ലാം മരിക്കുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മോ ഗ്രാന്‍ഡെ ഗ്രാമത്തിലെ ഐ.സി 8 മോട്ടോര്‍വേക്ക് അടുത്ത് താമസിക്കുന്ന മരിയ ഡോ സ്യൂ സില്‍വയാണ് തീയില്‍ നിന്ന് രക്ഷപ്പെടാന്‍ വീട്ടിലെ വെള്ളടാങ്കില്‍ അഭയംതേടിയത്. തുടര്‍ന്ന് സില്‍വയുടെ ഭിന്നശേഷിക്കാരിയായ മാതാവിനെയും മറ്റുള്ളവരെയും ടാങ്കിലെത്തിച്ച് ജീവന് രക്ഷിച്ചു. വാനില്‍ രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം. റോഡുകളില്‍ പലരും കാറിനു തീപിടിച്ച് മരിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. കനത്ത കാറ്റ് തീ പെട്ടെന്ന് വീട്ടിലേക്കെത്തിച്ചു. ഭയാനകമായിരുന്നു അവസ്ഥയെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസം പോര്‍ച്ചുഗലിലുണ്ടായ കാട്ടുതീയില്‍ 62 പേര് മരിച്ചിരുന്നു. നിരവധിപേര്‍ അവരുടെ കാറിനുള്ളിലാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."