വിദ്യാര്‍ഥിയുടെ തിരോധാനം: സി.ബി.ഐ സംഘം ജെ.എന്‍.യുവിലെത്തി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. ഇന്നലെ സി.ബി.ഐ സംഘം ജെ.എന്‍.യു കാംപസിലെത്തി. കഴിഞ്ഞ രണ്ടാം തിയതി കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ അന്വേഷണം തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് ഇന്നലെ ജെ.എന്‍.യുവില്‍ അന്വേഷണത്തിനായി സംഘം എത്തിയത്. നജീബിന്റെ മാതാവ് ഫാത്വിമ നഫീസ നല്കിയ ഹരജി പരിഗണിച്ച് കഴിഞ്ഞ മാസമാണ് കേസ് ഡല്‍ഹി ഹൈക്കോടതി സി.ബി.ഐക്കു വിട്ടത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15ന് രാത്രി മുതലാണ് ജെ.എന്‍.യു ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ നജീബ് അഹ്മദിനെ (27) കാണാതായത്. കാണാതാവുന്നതിന് മുന്‍പ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദിച്ചിരുന്നതായി സഹപാഠികള്‍ മൊഴിനല്‍കിയിരുന്നു. തന്നെ ചിലര്‍ മര്‍ദ്ദിച്ചതായ വിവരം ഇയാള്‍ മാതാവിനെ വിളിച്ച് അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവ് കോളജിലെത്തിയെങ്കിലും അപ്പോഴേക്കും മകനെ കാണാതായിരുന്നു .
ഡല്‍ഹി പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഏഴുമാസമായിട്ടും പുരോഗതിയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയാണ് കേസ് സി.ബി.ഐക്കു വിട്ടത്. കേസ് അടുത്തമാസം 17നു വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."