സവര്‍ക്കര്‍ വിഭാവനം ചെയ്തതും അമിത് ഷാ നടപ്പാക്കുന്നതും
ഹിന്ദുമതത്തെ ആസ്പദമാക്കി ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രം കരുപ്പിടിപ്പിച്ചത് വിനായക് ദാമോദര്‍ സവര്‍ക്കറാണ്. രാഷ്ട്രീയപദാവലിയിലും ചിന്താമണ്ഡലത്തിലും ഇന്ന് സുപരിചിതമായ ഹിന്ദുത്വ എന്ന പദത്തിന്റെ ഉപജ്ഞാതാവ് ഇദ്ദേഹമാണ്. 1923ലാണ് ഹിന്ദുത്വ സിദ്ധാന്തത്തിന് സവര്‍ക്കര്‍ രൂപഭാവം നല്‍കുന്നത്. ആര്‍.എസ്.എസ് അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് കടമെടുത്തിരിക്കുന്നത് ഹിന്ദുത്വ ആശയത്തില്‍ നിന്നാണ്. സവര്‍ക്കര്‍ വിഭാവനം ചെയ്ത ഹിന്ദുത്വയുടെ അടിസ്ഥാനലക്ഷ്യം ഹിന്ദുരാഷ്ട്ര സംസ്ഥാപനമാണ്. ആ രാഷ്ട്രത്തിന്റെ പ്രത്യേകതകള്‍ എന്തായിരിക്കുമെന്ന് 'ഹിന്ദുത്വ' എന്ന രചനയില്‍ അദ്ദേഹം സവിസ്തരം വിശദീകരിക്കുന്നുണ്ട്. 'പിതൃഭൂമി', 'പുണ്യഭൂമി' എന്നീ രണ്ടു ആശയങ്ങളിലൂന്നിയാണ് ഹിന്ദുരാഷ്ട്രത്തെ അദ്ദേഹം നിര്‍ണയിക്കുന്നതും നിര്‍വചിക്കുന്നതും.
ഒരു വ്യക്തിയുടെ പൂര്‍വീകരുടെ വേരുകള്‍ ഏത് രാജ്യാതിര്‍ത്തിക്കുള്ളിലാണ് എന്ന ചോദ്യത്തിലൂന്നിയാണ് പിതൃഭൂമി എന്ന സങ്കല്‍പം ചുറ്റിത്തിരിയുന്നത്. ഒരാളുടെ മതത്തിന്റെ ഉല്‍ഭവസ്ഥാനം ഏത് രാജ്യത്ത് എന്ന അന്വേഷണത്തിലാണ് പൂണ്യഭൂമിയെ കുറിച്ചുള്ള സങ്കല്‍പം രൂപപ്പെടുന്നത്. 'ഹിന്ദുസ്ഥാന്‍ അല്ലെങ്കില്‍ സിന്ധുസ്ഥാന്‍ എന്നൊക്കെ അദ്ദേഹം പേരിട്ടുവിളിക്കുന്ന ഭൂപ്രദേശത്ത് ജീവിക്കുന്നവരില്‍ ആരാണ് യഥാര്‍ഥ ഹിന്ദു എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഹിന്ദുസ്ഥാനില്‍ ഉദയം ചെയ്ത എല്ലാ മതദര്‍ശനങ്ങളും ചിന്താപദ്ധതികളും ഹിന്ദുത്വയുടെ ഭാഗമാണ്. വൈദികചിന്തകള്‍, സനാതന മൂല്യങ്ങള്‍, ജൈനമതം, ബുദ്ധമതം, ലിംഗായത്ത വിശ്വാസങ്ങള്‍, ബ്രഹ്മ സമാജ്, ആര്യസമാജ്, പ്രാര്‍ഥനാ സമാജ് തുടങ്ങിയ എല്ലാ ദര്‍ശനങ്ങളും വിശ്വാസങ്ങളും ഹിന്ദുത്വയുടെ അവിഭാജ്യഘടകമാണ്.
അതേസമയം ഇന്ത്യയിലെ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതര്‍, പാഴ്‌സികള്‍ എന്നിവര്‍ ഹിന്ദുത്വക്ക് പുറത്താണ്. ഇവരെയൊന്നും ഹിന്ദുസ്ഥാന്റെ സന്തതികളായി കാണാന്‍ പറ്റില്ല. അവരുടെ പിതൃഭൂമി ഇന്ത്യന്‍ മണ്ണാണെങ്കിലും അവരുള്‍പ്പെടുന്ന മതത്തിന്റെ വേരുകള്‍ രാജ്യത്തിനു പുറത്താണ്. സവര്‍ക്കര്‍ മുന്നോട്ടുവച്ച പ്രധാന ആശയം വെറുപ്പിന്റേതാണ്. ഹിന്ദുദേശീയതയെയും ഹിന്ദുത്വ ആശയങ്ങളെയും ആഴത്തില്‍ അപഗ്രഥിച്ചുകൊണ്ട് ജ്യോതിര്‍മയ ശര്‍മ എഴുതുന്നു: 'അദ്ദേഹത്തിന്റെ ചിന്താമണ്ഡലം 'മിത്രങ്ങളും' ശത്രുക്കളും' 'നമ്മളും' 'അവരും', ഹിന്ദുക്കളും മുസ്‌ലിംകളും ഹിന്ദുക്കളും അഹിന്ദുക്കളും എന്നിങ്ങനെ കര്‍ക്കശമായും വിഭജിക്കപ്പെട്ടിരിക്കുന്നു'. ആ വിഭജനചിന്തയാണ് ആര്‍.എസ്.എസ് സ്വായത്തമാക്കിയതും നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണകൂട നയപരിപാടികളായി പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്നതും. പൗരത്വത്തെ കുറിച്ചുള്ള ചൂടേറിയ വിവാദങ്ങള്‍ക്ക് നിദാനം രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ കുറിച്ചുള്ള സംഘ്പരിവാര്‍ വീക്ഷണഗതി ഭരണകൂടം പുതിയ നിയമങ്ങളിലൂടെ അടിച്ചേല്‍പിക്കുന്നതാണ്. ദേശീയതലത്തില്‍ പൗരന്മാരുടെ രജിസ്‌ട്രേഷനും പൗരത്വനിയമ ഭേദഗതി ബില്ലും വിലയിരുത്തപ്പെടേണ്ടത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിശാല വീക്ഷണകോണിലൂടെയായിരിക്കണം.
അപരവത്കരണത്തിന്റെ
സംഘ്പരിവാര്‍ വഴികള്‍
വിശ്വഹിന്ദുപരിഷത്തുകാര്‍ മുമ്പേ മുഴക്കുന്ന ഒരു മുദ്രാവാക്യമുണ്ട്: 'പഹ്ലേ കസായി, ഫിര്‍ ഈസായി' ആദ്യം മുസ്‌ലിംകള്‍, പിന്നെ ക്രിസ്ത്യാനികള്‍. കഴിഞ്ഞ അര നൂറ്റാണ്ടായി കേള്‍ക്കുന്ന ഈ ആക്രോശത്തിന്റെ മര്‍മം സുവ്യക്തമാണ്. ആദ്യം മുസ്‌ലിംകളെ കൈകാര്യം ചെയ്യുക . അതിനു ശേഷം ക്രിസ്ത്യാനികളെയും. ഉദ്ദേശിക്കുന്നത്, ഈ ന്യൂനപക്ഷവിഭാഗങ്ങളെ അപരവത്കരിക്കുകയും രണ്ടാംകിട പൗരന്മാരായി പുറമ്പോക്കില്‍ തള്ളുകയും കഴിയുമെങ്കില്‍ ശാരീരികമായി ഉന്മൂലനം ചെയ്യുകയുമാണ്. ഒരു ജനാധിപത്യക്രമത്തില്‍ പൗരത്വം ചോര്‍ത്തിയെടുക്കപ്പെടുന്നതോടെ, വ്യക്തി മൃതപ്രായനാവുകയും അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അയോഗ്യത ഏറ്റുവാങ്ങുകയും, ഒടുവില്‍ നിയമത്തിന്റെ സംരക്ഷണം പോലുമില്ലാതെ പുറമ്പോക്കില്‍ തള്ളപ്പെടുകയുമായിരിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി പ്രസിഡന്റുമായ അമിത് ഷാ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയപരിപാടികള്‍ സവര്‍ക്കര്‍ മുന്നോട്ടുവച്ച ഹിന്ദുരാഷ്ട്രം ലക്ഷ്യമിട്ടാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി ധാരാളം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറിയതോടെയാണ് ഹിന്ദുരാഷ്ട്രനിര്‍മിതിക്കായുള്ള തീവ്രയജ്ഞത്തിന് ആക്കം കൂടിയത്. വിജയദശമി പ്രസംഗത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് മോദിസര്‍ക്കാറിന്റെ പുതിയ ചുവടുവെപ്പുകളില്‍ ആഹ്ലാദം പ്രകടിപ്പിച്ചത് വെറുതെയല്ല.
ഒക്ടോബര്‍ ഒന്നിന് കൊല്‍ക്കത്തയിലെ ഒരു പ്രസംഗത്തില്‍ അമിത് ഷാ ഒരുകാര്യം വെട്ടിത്തുറന്നു പറഞ്ഞു: മുഴുവന്‍ ഹിന്ദു, സിഖ് , ജൈന, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കാനുള്ളത് രാജ്യത്തിന് പുറത്തുപോകാന്‍ കേന്ദ്രം ഒരിക്കലും നിങ്ങളെ നിര്‍ബന്ധിക്കില്ല. ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികക്ക് മുമ്പേ പൗരത്വനിയമഭേദഗതി കൊണ്ടുവന്ന് നിങ്ങള്‍ എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കും'. അമിത് ഷായുടെ പ്രസംഗത്തില്‍ ഒരു സമുദായത്തിന്റെ പേര് മാത്രം പരാമര്‍ശിച്ചില്ല. മുസ്‌ലിംകളുടേതായിരുന്നു അത്. അവര്‍ ് 'നുഴഞ്ഞുകയറി' വന്നവരാണെന്നും നശിപ്പിക്കപ്പെടേണ്ട 'ചിതലുകള്‍' ആണെന്നും ഷാ നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്.
2014ല്‍ മോദി അധികാരത്തില്‍ വന്നത് തൊട്ട് തുടങ്ങിയാണ് 'ശുദ്ധീകരണ'പ്രക്രിയക്കുള്ള മുന്നൊരുക്കങ്ങള്‍. 2016 ജൂലൈ 15ന് ലോക്‌സഭയില്‍ കൊണ്ടുവന്നഭേദഗതി ബില്‍ 1955ലെ പൗരത്വനിയമം ഭേദഗതി ചെയ്യാനാണ്. ഇത് പത്താമത്തെ തവണയാണ് സിറ്റിസണ്‍സ് ആക്ട് ഭേദഗതിക്ക് വിധേയമാക്കുന്നത്.
എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കടുത്ത എതിര്‍പ്പിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാതിരുന്നതിനാല്‍ ലാപ്‌സാവുകയായിരുന്നു. പൗരന്മാരെ രണ്ടു ഗണത്തില്‍പ്പെടുത്തി പൗരത്വം ദാനം ചെയ്യാനുള്ള ഒരു കുല്‍സിത അജണ്ടയുടെ ഭാഗമാണീ നിയമഭേദഗതി. ഇതുവരെ 1971ന് മുമ്പ് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കാനാണ് അസം കരാറിലൂടെ ധാരണയിലെത്തിയത്. എന്നല്‍, 71നും 2014 ഡിസംബര്‍ 31നു ഇടയില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്ത മുഴുവന്‍ പൗരന്മാര്‍ക്കും പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട ഭരണഘടന ഭേദഗതി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയെടുക്കുന്നതോടെ സവര്‍ക്കറുടെ സ്വപ്നപദ്ധതി സാക്ഷാത്കരിക്കപ്പെടുകയാണ്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പീഡനം അനുഭവിക്കുകയാണെന്നും അവര്‍ക്ക് അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ബാധ്യതയാണെന്നുമുള്ള മുരട്ടുവാദമുയര്‍ത്തിയാണ് ഈ നീക്കത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.
ബില്ലിന്റെ ആവശ്യകതയെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട 2016ല്‍ നിലവില്‍ വന്ന ബി.ജെ.പി എം.പി പി. രാജേന്ദ്രന്‍ ചെയര്‍മാനായ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 31,313 പേരാണത്രെ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്. അവരുടെ മതം തിരിച്ചുള്ള കണക്ക് ഇങ്ങനെ: ഹിന്ദുക്കള്‍: 25,447, സിഖുകാര്‍: 5,807, ക്രിസ്ത്യാനികള്‍: 56, ബുദ്ധിസ്റ്റുകളും പാഴ്‌സികളും: ഈരണ്ടുവീതം. ഏത് തരത്തിലുള്ള പീഡനങ്ങളാണ് ഇവര്‍ അഭിമുഖീകരിക്കുന്നത് എന്ന് വിശദീകരിക്കപ്പെടുമ്പോഴാണ് ഈ രാജ്യങ്ങളെ കുറിച്ചുള്ള മുന്‍വിധിയും സങ്കുചിത കാഴ്ചപ്പാടും അനാവൃതമാകുന്നത്.
ഇന്ത്യയില്‍ നടമാടുന്നത് പോലുള്ള ആള്‍ക്കൂട്ടക്കൊലയോ ഏതെങ്കിലും മൃഗത്തിന്റെ പേരിലുള്ള മതഭ്രാന്തോ ഭരണതലത്തിലുള്ള വിവേചനമോ ആ രാജ്യങ്ങളിലൊന്നും നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അവിടെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുന്നതായും ഇന്ന വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നതായും 'കാഫിര്‍' എന്ന് വിളിച്ച് അവഹേളിക്കുന്നതായും ആരോപിക്കുന്നത് പട്ടാളത്തിന്റെ കണ്‍മുമ്പില്‍ പട്ടാപ്പകല്‍ ബാബരിപ്പള്ളി തകര്‍ത്തവരും നടുറോഡില്‍ പശുവിന്റെ പേര് പറഞ്ഞ് മുസ്‌ലിംകളെ തല്ലിക്കൊല്ലുന്നവരും വെളിയിട വിസര്‍ജനം നടത്തിയതിന് ദലിതരെ എറിഞ്ഞുകൊല്ലുന്നവരുമാണ്. ബില്ലിന് പിന്നില്‍ വല്ല സദുദ്ദേശ്യവുമുണ്ടെങ്കില്‍ ഭരണകൂട വിവേചനത്തിന്നിരയാവുന്നതായി പലപ്പോഴും ആരോപണമുയരുന്ന പാകിസ്താനിലെ ശിയാ, അഹ്മദിയ്യ വിഭാഗത്തിനെങ്കിലും ഇവിടെ അഭയം നല്‍കേണ്ടതല്ലേ? ഏറ്റവും കൂടുതല്‍ മനുഷ്യര്‍ പീഡിപ്പിക്കപ്പെുടന്ന ശ്രീലങ്കയിലെയും മ്യാന്‍മറിലെയും ഹതാശയര്‍ക്ക് തണലേകാന്‍ മോദിസര്‍ക്കാര്‍ വിശാലമനസ്‌കത കാട്ടേണ്ടേ? റോഹിംഗ്യന്‍ അഭയാര്‍ഥികളെ മനുഷ്യരായി കാണാന്‍ പോലും തയാറാവാത്ത ആര്‍.എസ്.എസ് പ്രചാരകന്മാരാണ് പീഡനത്തിന്റെ കഥ ചുട്ടെടുത്ത് സിരകളിലോടുന്ന മുസ്‌ലിം വിരോധം തീര്‍ക്കാന്‍ വൃത്തികെട്ട ചുവടുവെപ്പുകള്‍ നടത്തുന്നത്.
ചവിട്ടിമെതിക്കപ്പെടുന്നത്
ഇന്ത്യന്‍ ഭരണഘടന
വിവേചനരഹിതമായ സാമൂഹികാന്തരീക്ഷവും സമത്വപൂര്‍ണമായ ഭരണകൂട പെരുമാറ്റവും ആധാരശിലകളായി കാണുന്ന ഭരണഘടനയാണ് നമ്മുടേത്. പൗരന്മാര്‍ക്കിടയില്‍ മതപരമായ വിവേചനം വിലക്കുന്നുണ്ട് 15ാം അനുച്ഛേദം. അത്തരം വിവേചനം അനധികൃത കുടിയേറ്റക്കാരോട് ആവാം എന്ന് വാദിക്കുന്നവരുണ്ടാവാം.
എന്നാല്‍, 14ാം ഖണ്ഡിക നിയമത്തിന്റെ മുന്നില്‍ എല്ലാ മനുഷ്യരും തുല്യരാണ് എന്നാണ് ഉദ്‌ഘോഷിക്കുന്നത്. മതത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന്റെ ഭാഗമാണെന്ന് സുപ്രധാനമായ ബൊമ്മെകേസില്‍ സുപ്രിംകോടതി അസന്ദിഗ്ധമായി പറയുന്നുണ്ട്.
ജസ്റ്റിസുമാരായ സാവന്തും കുല്‍ദീപ് സിങ്ങും എഴുതിയ വിധിന്യായത്തില്‍ മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 'സെക്കുലറിസം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നാണ്. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു എന്ന് മാത്രമല്ല, രാഷ്ട്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ഒരു മനുഷ്യന്റെ മതമോ വിശ്വാസമോ അപ്രസക്തമാണ്. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്; സമന്മാരായി കൈകാര്യം ചെയ്യപ്പെടാന്‍ അര്‍ഹരുമാണ്. രാഷ്ട്രത്തിന്റെ കാര്യത്തില്‍ മതത്തിന് യാതൊരു സ്ഥാനവുമില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ഒരിക്കലും മതപാര്‍ട്ടിയാവാന്‍ സാധ്യമല്ല. രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടിക്കലര്‍ത്താന്‍ പാടില്ല. ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഭരണഘടന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി മതേതര നിരാസപരമായ നയങ്ങള്‍ പിന്തുടരുകയോ മതേതര നിരാസപരമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്താല്‍ 356ാം ഖണ്ഡിക അനുസരിച്ച് പിരിച്ചുവിടാവുന്നതേയുള്ളൂ'. അങ്ങനെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സര്‍ക്കാരുകളെ പിരിച്ചുവിട്ടതിനെ സുപ്രിംകോടതി ശരിവെച്ചത്.
പിറന്നമണ്ണില്‍ മരിച്ചുവീഴാനുള്ള അവകാശത്തിനു വേണ്ടിയാണ് അസമിലെ 20 ലക്ഷം മനുഷ്യര്‍ ഇപ്പോള്‍ നെട്ടോട്ടമോടുന്നതെങ്കില്‍, നിലനില്‍പിന്റെ ആധാരരേഖയായ പൗരത്വത്തിന്റെ നേര്‍ക്കു ഭരണകൂടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ ഭരണഘടന പോലും പിച്ചിച്ചീന്തപ്പെടുന്ന ഭയാനകമായ അവസ്ഥയിലേക്ക് രാജ്യമൊട്ടാകെ എടുത്തെറിയപ്പെടുന്ന ഭയാനക പ്രതിസന്ധി മോദി, അമിത് ഷാ പ്രഭൃതികള്‍ സൃഷ്ടിക്കാന്‍ പോകുന്നത്. രാഷ്ട്രശില്‍പികള്‍ ഒരിക്കലും സങ്കല്‍പിക്കുക പോലും ചെയ്യാത്ത ഭീകരാവസ്ഥയാണ് ന്യൂനപക്ഷങ്ങളുടെ മുന്നിലുള്ളത്.
ഗോമാതാവിന്റെ പേരില്‍ കുറെ മുസ്‌ലിംകളെ തല്ലിക്കൊന്നു. ബിരിയാണച്ചെമ്പില്‍ കൈയിട്ടു പരിശോധിച്ചു; ആടാണോ മാടാണോ എന്ന് കണ്ടുപിടിക്കാന്‍. ലൗജിഹാദിന്റെ പേരില്‍ എത്രയോ ചെറുപ്പക്കാരെ ചോദ്യം ചെയ്തു, നിയമക്കുരുക്കില്‍ കുടുക്കിയിട്ടു. വര്‍ഗീയകലാപങ്ങളുണ്ടാക്കി നിരവധി പേരെ അറുകൊല ചെയ്തു. ദേശസ്‌നേഹം കാണിച്ചുകൊടുക്കാന്‍ ജയ് ശ്രീറാം വിളിപ്പിച്ചു. ബധിരരെയും മൂകരെയും പോലും വെറുതെ വിട്ടില്ല. നിയമപാലകരില്‍നിന്ന് സുരക്ഷ കിട്ടിയില്ല എന്നല്ല ഒന്നാമത്തെ ശത്രുക്കള്‍ അവരാണെന്ന തിരിച്ചറിവായിരുന്നു മിച്ചം. ഒടുവിലിതാ പൗരത്വവും വോട്ടവകാശവും എടുത്തുമാറ്റുന്നു. അതോടെ ജീവിച്ചുമരിക്കാനുള്ള ആറടി മണ്ണും കാലിന്നടിയില്‍നിന്ന് ഒലിച്ചുപോവുകയാണ്. എന്താണ് പ്രതിവിധി എന്ന് ആരും പറയുന്നില്ല. മുഖ്യധാര പ്രതിപക്ഷം മൗനത്തിലാണ്. ന്യൂയോര്‍ക്കിലോ മാഞ്ചസ്റ്ററിലോ പ്രതിഷേധജ്വാല എപ്പോഴെങ്കിലും ഉയരുമ്പോള്‍ അത് കണ്ട് സമാധാനിക്കാനാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസാനത്തെ തലയിലെഴുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."