അപകീര്‍ത്തി സന്ദേശം: വ്യാപാരി സംഘടനയില്‍ പൊട്ടിത്തെറി
കാസര്‍കോട്: അപകീര്‍ത്തി സന്ദേശം നടത്തിയെന്ന ജില്ലാ പ്രസിഡന്റിന്റെ പരാതിയില്‍ വ്യാപാരി സംഘടനയില്‍ പൊട്ടിത്തെറി. സംഭവത്തില്‍ പൊലിസ് കേസെടുത്തതിനു പിന്നാലെ ജില്ലാ ജനറല്‍ സെക്രട്ടറിയെയും സെക്രട്ടറിയെയും വ്യാപാരി വ്യവസായി ഏകോപന സമിതി സസ്പെന്‍ഡ് ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, സെക്രട്ടറി പ്രത്യോദനന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജില്ലാ പ്രസിഡന്റ് കെ. അഹ് മദ് ഷരീഫ് ആണ് അപകീര്‍ത്തികരമായ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്ന് കാണിച്ചു പൊലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ജോസ് തയ്യില്‍ ഉള്‍പെടെ എട്ടു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ദീന്‍, ജനറല്‍ സെക്രട്ടറി അപ്സര രാജു, സെക്രട്ടറി സേതുമാധവന്, ട്രഷറര്‍ ദേവസ്യാ മേച്ചേരി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം രണ്ടുനേതാക്കള്ക്കെതിരേ നടപടി സ്വീകരിച്ചത്.
അതേസമയം, വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരേ നടപടിയെടുത്തതെന്ന് ജോസ് തയ്യില്‍ ആരോപിച്ചു. സംസ്ഥാന സമിതി അംഗം ഹമീദ് അരമന, ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോസഫ്, എ. സുബൈര്‍ എന്നിവര്‍ക്കെതിരേയും യൂനിറ്റ് ഭാരവാഹികളായ മൂന്നുപേര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് ഷരീഫ് അറിയിച്ചു.
കേസിലെ പ്രതികളായ ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങള്‍ അല്ലാത്ത മറ്റു നാലുപേര്‍ക്കെതിരേ യൂനിറ്റ് തലത്തില്‍ നടപടിയെടുക്കുമെന്നും സൂചനയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."