കുറ്റിക്കോലില്‍ സി.പി.എം-സി.പി.ഐ പോര് സംഘര്‍ഷത്തിലേക്ക്
കുറ്റിക്കോല്‍: സി.പി.എം-സി.പി.ഐ പോര് രൂക്ഷമായ കുറ്റിക്കോലില്‍ പഞ്ചായത്ത് അംഗത്തിന്റെ രാജിക്കു പിന്നാലെ സി.പി.ഐ നേതാവിനു മര്‍ദനമേറ്റു. സി.പി.ഐ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി.പി ചാക്കോയ്ക്കു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമമുണ്ടായത്. സി.പി.ഐയുടെ ഏക പഞ്ചായത്ത് അംഗമായ നിര്‍മ്മലകുമാരി പാര്‍ട്ടിയില്‍നിന്നു രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ഈ വിവരമറിഞ്ഞ് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം ഗോപാലന്‍ മാഷ് അടക്കമുള്ള മറ്റു നേതാക്കളോടൊപ്പം പോകുന്നതിനിടെ സി.പി.എമ്മുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ചാക്കോ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗമടക്കമുള്ളവരാണ് മര്‍ദിച്ചതെന്ന് ചാക്കോ പൊലിസില്‍ പരാതി നല്‍കി.
അതിനിടെ സി.പി.ഐ നേതാക്കളടക്കമുള്ളവര്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. കുറ്റിക്കോലില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായിട്ട് വര്‍ഷങ്ങളായെങ്കിലും സി.പി.എം പഞ്ചായത്ത് പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും സി.പി.ഐ വിട്ടു നിന്നതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.
സി.പി.ഐയുടെ ചില പ്രദേശിക നേതാക്കള്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടി അവിശ്വാസ വോട്ടെടുപ്പില്‍നിന്നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും രാജിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇനി മുതല്‍ സി.പി.എമ്മിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും നിര്‍മ്മല പറഞ്ഞു.
സി.പി.ഐയില്‍ നിന്നു രാജിവച്ച നിര്‍മ്മലയ്ക്ക് ഇന്ന് കുറ്റിക്കോല്‍ ടൗണില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."