അക്വാപോണിക്‌സ് ജലകൃഷി: പച്ചക്കറിക്കൊപ്പം മീന്‍ വളര്‍ത്തലും പരിചയപ്പെടുത്തി വിദ്യാര്‍ഥികള്‍
തളിപ്പറമ്പ് : ചെലവ്കുറഞ്ഞ രീതിയിലുള്ള അക്വാപോണിക്‌സ് ജൈവ പച്ചക്കറി കൃഷി രീതി പരിചയപ്പെടുത്തിയ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സമ്മാനം. തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്‌കൂളില്‍ നടന്ന വിഎച്ച്എസ്ഇ എക്‌സ്‌പോയിലാണ് കാസര്‍കോട് കൈക്കോട്ട് കടവിലെ പി.എം.എസ്.എ.പി.ടി.എസ് വിദ്യാര്‍ഥികളാണ് അക്വാപോണിക്‌സ് ജൈവ പച്ചക്കറി പരിചയപ്പെടുത്തിയത്. ഏറ്റവും നൂതന ആശയത്തിനുള്ള ഒന്നാം സമ്മാനവും ഇവര്‍ക്ക് ലഭിച്ചു. വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി കേരളത്തില്‍ പ്രചാരത്തില്‍ വരുന്നതേയുളളു. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതി ഉപയോഗിച്ച് മണ്ണും കീടനാശിനിയും രാസവളവുമില്ലാതെ കൃഷി ചെയ്യാം. ജലകൃഷി സംവിധാനത്തില്‍ ഒരു സെന്റ് സ്ഥലത്തുനിന്ന് പോലും ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ക്കൊപ്പം മത്സ്യങ്ങളും വളരെ ലാഭകരമായി ഉത്പാദിപ്പിക്കുവാന്‍ സാധിക്കുമെന്ന് ഇതിനകെ തെളിയിച്ചു കഴിഞ്ഞതാണ്. ടെറസിന് മുകളില്‍ ജൈവകൃഷിയിലൂടെ മണ്ണില്ലാതെ ചെലവ്കുറഞ്ഞ രീതിയില്‍ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന അക്വാപോണിക്‌സ് രീതിയാണ് വിദ്യാര്‍ഥികള്‍ പരിചയപ്പെടുത്തിയത്.
ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങള്‍. മുകളിലെ തട്ടുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഓഷധസസ്യങ്ങള്‍ എന്നീ രീതിയിലാണ് ക്രമീകരിക്കേണ്ടത്. മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ നിറച്ച് സപ്പോര്‍ട്ട് നല്‍കണം. അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍ക്കുന്നു. കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളമാണ് ചെടികളിലെത്തുന്നത്. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ചയേയും വിളവിനെയും ത്വരിതപ്പെടുത്തുന്നു. ചീര,പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ് ളവര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം. വെള്ളം വീണ്ടും മത്സ്യടാങ്കിലേക്ക് എത്തുന്നതിലൂടെ മത്സ്യ ടാങ്കിലെ വെളളം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഒരുതുളളി വെളളം പോലും പാഴാകില്ല എന്നതും ഈരീതിയുടെ മേന്മയാണ്. കൃഷി ചെയ്യാന്‍ നാഴിയിടങ്ങഴി മണ്ണില്ല എന്നു പറയന്നവരെ മണ്ണില്ലാ കൃഷി പരിചയപ്പെടുത്തിയവര്‍തന്നെ മാര്‍ക്കറ്റില്‍നിന്നും വാങ്ങുന്ന മല്ലിയില, പൊതീന, കറിവേപ്പില, തുടങ്ങിയ ചെടികളും ചീര തുടങ്ങിയ ഇലക്കറികളും കേടുകൂടാതെ സൂക്ഷിക്കുന്ന ഏയ്‌റോപോണിക് രീതിയും പരിചയപ്പെടുത്തി.
വെളളം ഉപയോഗിച്ചുളള രണ്ടു രീതികളും കൂടി 3000 രൂപയില്‍ താഴെമാത്രമേ ചെലവു വരികയുളളു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിവിധ ട്രേഡുകളിലെ വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുത്തത്. 35 ട്രേഡുകളിലായി 41 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍നിന്നായി 120 കുട്ടികള്‍ മേളയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."