നവകേരള സൃഷ്ടിക്കായി കായല്‍ നീന്തല്‍ 11 ന്
പയ്യന്നൂര്‍: പ്രളയാനന്തര നവകേരള സൃഷ്ടിക്കായി നീന്തലില്‍ ലോക റെക്കോര്‍ഡ് നേടിയ ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തില്‍ അഞ്ച് ഘട്ടങ്ങളിലായി നീന്തല്‍ പരിപാടി സംഘടിപ്പിക്കുന്നു. ജലസാഹസിക പരിശീലന പ്രദര്‍ശന പരിപാടിയുടെ ഭാഗമായി 11 ന് അന്‍പതോളം പേര്‍ കവ്വായി കായല്‍ നീന്തിക്കടക്കും. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ യൂത്ത് ബ്രിഗേഡിന്റെ സഹകരണത്തോടെയാണ് ചാള്‍സണ്‍ സിമ്മിങ് അക്കാദമി ട്രസ്റ്റ് കവ്വായി കായലിന്റെ ഭാഗമായുള്ള വിസ്തൃതമായ ഏറന്‍പുഴയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി രാവിലെ ഏഴുമുതല്‍ എട്ടുവരെ ആയാസരഹിതമായ ദീര്‍ഘദൂര നീന്തലില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് പഠിതാക്കളില്‍ നിന്ന് സ്‌ക്രീനിങ്ങിലൂടെ തെരഞ്ഞെടുക്കുന്ന അന്‍പതോളം പേരാണ് ഒരുകിലോ മീറ്ററോളം വിസ്തൃതമായ ഈ കായല്‍ നീന്തിക്കടക്കുന്നത്. കായലിന്റെ മറുകരയായ വലിയപറമ്പില്‍ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ സാഹസിക നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.സാഹസികമായ കായല്‍ നീന്തല്‍ പരിപാടിയില്‍ കണ്ണൂര്‍ താവക്കരയിലെ ആറുവയസുകാരനായ അയാന്‍ സുഹൈബ് മുതല്‍ അറുപത്തെട്ടുകാരനായ കതിരൂരിലെ കെ.കെ മോഹനന്‍ വരെ പങ്കാളികളാകും. ലൈഫ് ഗാര്‍ഡുകളുടെ സുരക്ഷിത വലയത്തിലാണ് സാഹസികമായ കായല്‍ നീന്തല്‍ പരിപാടി നടത്തുന്നത്.മൂന്നാംഘട്ട പരിപാടി 18 ന് രാവിലെ ഏഴ് മുതല്‍ പത്ത് വരെ വയലപ്ര ഫ്‌ളോട്ടിങ് പാര്‍ക്കിലും നാലാംഘട്ട പരിപാടി ഡിസംബര്‍ രണ്ടിന് 8.30 മുതല്‍ 11 വരെ മുഴുപ്പിലങ്ങാട് ബീച്ചിലും സമാപന പരിപാടി ഡിസംബര്‍ 16 ന് വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെ പയ്യാമ്പലം കടലിലും നടക്കും. സമാപനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ തയാറെടുക്കുന്ന രതീഷ് ആര്‍. ചെറിയഴീക്കല്‍ കൈകാലുകള്‍ ബന്ധിച്ച് കടലില്‍ ഒരുകിലോമീറ്റര്‍ ദൂരം നീന്തും.ഏറന്‍പുഴയിലാരംഭിച്ച നിന്തല്‍ പരിശീലനത്തോടെയാണ് അഞ്ച് ഘട്ടങ്ങളിലായുള്ള പരിപാടികള്‍ ആരംഭിച്ചത്. പഠിതാക്കളില്‍ നിന്നും സ്വീകരിക്കുന്ന സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. 11 ന് നടക്കുന്ന കായല്‍ നീന്തല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ളവര്‍ 9745200254ല്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."