തുലാവര്‍ഷം ചതിച്ചു; പഴശ്ശി ഡാം ഷട്ടര്‍ അടച്ചു
ഇരിട്ടി: തുലാമഴ ചതിച്ചതോടെ ജില്ല കടുത്ത കുടിവെള്ള ക്ഷാമം നേരിടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കുടിവെള്ള ശേഖരണത്തിനായി പഴശ്ശി ഡാമിന്റെ ഷട്ടര്‍ അടച്ചു വെള്ളം സംഭരിക്കാനുള്ള നടപടി ആരംഭിച്ചു.
ഇതിന്റെ ഭാഗമായി രണ്ടു ഷട്ടര്‍ ഒഴികെ മറ്റ് ഷട്ടറുകളെല്ലാം പൂര്‍ണമായും അടച്ചു. അവശേഷിക്കുന്ന ഷട്ടറുകള്‍ ഇന്ന് അടക്കുമെന്ന് പഴശ്ശി ഇറിഗേഷന്‍ അസി. എന്‍ജിനിയര്‍ അറിയിച്ചു. സാധാരണ നിലയില്‍ ഒക്ടോബര്‍ അവസാനവാരമോ നവംബര്‍ ആദ്യവാരമോ ഷട്ടര്‍ അടച്ച് ജലം സംഭരിക്കാറുണ്ട്. എന്നാല്‍ ഇരിട്ടി, മട്ടന്നൂര്‍ നഗരസഭയിലെ കുടിവെള്ള വിതരണത്തിനായുള്ള പഴശ്ശി ഡാമിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന കിണറിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് ഷട്ടര്‍ അടയ്ക്കാന്‍ താമസിച്ചത്. കഴിഞ്ഞ കാലവര്‍ഷക്കെടുതി വിതച്ച മഹാപ്രളയത്തെ തുടര്‍ന്ന് പുഴകളിലെ നീരൊഴുക്ക് ആശങ്കാജനകമായി താഴുകയും നീരൊഴുക്ക് കുറഞ്ഞ് കുടിവെള്ള ക്ഷാമം നേരിടുമെന്ന ഘട്ടത്തിലും കിണറിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളം ശേഖരിക്കാന്‍ വൈകിയെങ്കിലും തുലാവര്‍ഷം വൈകിയതോടെയാണ് ഷട്ടറടച്ച് വെള്ളം സംഭരിക്കാന്‍ നിര്‍ബന്ധിതമായത്. ഷട്ടര്‍ അടച്ച് പഴശ്ശി ജലസംഭരണിയില്‍ വെള്ളം ശേഖരിക്കാന്‍ ആരംഭിച്ചതോടെ ജില്ല അഭിമുഖീകരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാവുമെന്നാണ് കരുതുന്നത്. ഇന്ന് രണ്ട് ഷട്ടര്‍ കൂടി അടയ്ക്കുന്നതോടെ പുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പഴശ്ശി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അസി.എന്‍ജിനിയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."