ഡാര്‍ജിലിങ് പ്രക്ഷോഭം എട്ടു ദിവസം പിന്നിട്ടു; സമരതീവ്രത രൂക്ഷം
ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി ഡാര്‍ജിലിങ് കേന്ദ്രീകരിച്ച് തുടങ്ങിയ പ്രക്ഷോഭം എട്ടു ദിവസം പിന്നിട്ടു. തങ്ങളുടെ ആവശ്യത്തില്‍ നിന്ന് ഒരിക്കല്‍ പോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഡാര്‍ജിലിങ് മേഖല സ്തംഭിച്ചിരിക്കുകയാണ്. ഹിമാലയന്‍ റെയില്‍വെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയ ടോയ് ട്രെയിന്‍ സര്‍വീസടക്കം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
പൊലിസ് വെടിവയ്പില്‍ മരിച്ച രണ്ട് ജി.ജെ.എം പ്രവര്‍ത്തകര്‍ക്കുവേണ്ടി ഇന്നലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മെഴുകുതിരി കത്തിച്ച് മൗന പ്രാര്‍ഥന നടത്തി.
ചിലയിടങ്ങളില്‍ ജനങ്ങള്‍ വിലാപ യാത്രയാണ് നടത്തിയത്. പ്രതിഷേധക്കാര്‍ ദേശീയ പാത 31എ ഉപരോധിച്ചു. 92 കി.മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ ദേശീയ വാത ഡാര്‍ജിലിങിലെ സെവോക്കിനെയും സിക്കിമിലെ ഗാങ് ടോക്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. റോഡിന്റെ 30 കി.മീറ്റര്‍ ഭാഗം പ.ബംഗാളിലാണുള്ളത്. റോഡ് ഉപരോധിച്ചതോടെ സിക്കിമിലേക്കുള്ള ഗതാഗതം മാത്രമല്ല അവശ്യ സര്‍വീസുകളുടെ വിതരണവും തടസപ്പെട്ടു.
പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മമത സര്‍ക്കാര്‍ നേരത്തെയെടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 22ന് പ്രശ്‌നപരിഹാരമെന്ന നിലയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിളിച്ചു ചേര്‍ത്ത് സിലിഗുരിയില്‍ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി പാര്‍ഥാ ചാറ്റര്‍ജിയാണ് യോഗം വിളിച്ചത്.
ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാനമെന്നത് ഇവിടത്തെ ജനങ്ങളുടെ വികാരമാണ്. ഇത് അവഗണിക്കുന്ന രീതി ശരിയല്ല. തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അത് ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്ന് ജന്‍ ആന്തോളന്‍ പാര്‍ട്ടി നേതാവ് ഹര്‍കാ ബഹാദൂര്‍ ഛേത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."