മഞ്ചേശ്വരത്ത് 'വിശ്വാസം' ആകാം
കാസര്‍കോട്: വിശ്വാസവും ശബരിമല യുവതീപ്രവേശനവും സംബന്ധിച്ചുള്ള സി.പി.എം നിലപാട് എന്താണെങ്കിലും മഞ്ചേശ്വരത്തെ 'വിശ്വാസ'ത്തെ സംബന്ധിച്ചു നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്തിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാരും വിശ്വാസികളാണ്. അങ്ങനെയുള്ള ഒരു മണ്ഡലത്തിന്റെ പ്രതിനിധിയും ഒരു വിശ്വാസിയാകാം. അതില്‍ ആര്‍ക്കാണ് വേവലാതി. മുഖ്യമന്ത്രി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈയുടെ ഖത്തീബ് നഗറിലെ തെരഞ്ഞെടുപ്പ് പര്യടന പൊതുയോഗത്തില്‍ വ്യക്തമാക്കി.
താന്‍ ഒരു വിശ്വാസിയാണെന്നും വ്രതാനുഷ്ഠാനത്തോടെ മാത്രമേ യുവതികളും ശബരിമലചവിട്ടാന്‍ പാടുള്ളൂവെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ശങ്കര്‍ റൈയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥിയുടെ നിലപാടാണോ സി.പി.എമ്മിന്റേതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും രംഗത്തു വന്നിരുന്നു. സ്ഥാനാര്‍ഥിയുടെ വിശ്വാസം മഞ്ചേശ്വരം മണ്ഡലത്തിന് അകത്തും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലും ചര്‍ച്ചയായിട്ടും സി.പി.എം നേതാക്കള്‍ വിശ്വാസ കാര്യത്തില്‍ പിന്‍തുടര്‍ന്നുപോന്ന നിലപാടില്‍ ഉറച്ചുനിന്നായിരുന്നു പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇന്നലെ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പിണറായി സ്ഥാനാര്‍ഥിയുടെ വിശ്വാസത്തെ പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. 'ഈ തടിച്ചുകൂടിയ ജനങ്ങളില്‍ മഹാഭൂരിപക്ഷം വിശ്വാസികളല്ലേ. ആ വിശ്വാസികളെ പ്രതിനിധീകരിച്ചുകൊണ്ട്, പ്രത്യക്ഷത്തില്‍ വിശ്വാസിയായിട്ടുള്ള ഒരാള്‍ പോകുന്നതില്‍ എന്താ തെറ്റ് ' അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ യുവതീപ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയുടെ വിധിക്കൊപ്പം തന്നെയാണ് സി.പി.എമ്മും സര്‍ക്കാരുമെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍, സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അകന്നുപോയ വിശ്വാസികളെ തിരികെ കൊണ്ടുവരാനുള്ള സി.പി.എം ശ്രമം തന്നെയാണ് മഞ്ചേശ്വരത്തും കണ്ടത്. പാലായില്‍ ശബരിമല പരാമര്‍ശിക്കാതെയായിരുന്നു സി.പി.എം മുന്നോട്ടുപോയിരുന്നതെങ്കില്‍ മഞ്ചേശ്വരത്ത് വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാടിലാണ് പാര്‍ട്ടിയും മുന്നണിയും. എന്തായാലും ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലും മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നിലപാട് സജീവ ചര്‍ച്ചയാകും.
ഇന്നലെ മണ്ഡലത്തില്‍ പര്യടനം നടത്തിയ മുഖ്യമന്ത്രി ശബരിമല ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ വികസനത്തിലൂന്നി മാത്രമായിരുന്നു പ്രസംഗിച്ചത്. കഴിഞ്ഞ മൂന്നര വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടത്തെ എണ്ണമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ബി.ജെ.പിയെയോ കേന്ദ്ര സര്‍ക്കാരിനേയോ രാഷ്ട്രീയപരമായി വിമര്‍ശിക്കാനോ മുഖ്യമന്ത്രി തയാറായില്ല എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."