ഇന്ത്യ ഇന്ന് പാകിസ്താനെതിരേ
ഗയാന: ടി20 വനിതാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്ഡിനെതിരേ തകര്‍പ്പന്‍ ജയവുമായി തിളങ്ങിയ ഇന്ത്യക്കിന്ന് രണ്ടാം പരീക്ഷണം.
അയല്‍ രാജ്യക്കാരായ പാകിസ്താനെയാണ് ഇന്ന് രാത്രി നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ നേരിടുക. ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗറിന്റെ വേഗമേറിയ സെഞ്ചുറിയുടെ ബലത്തില്‍ ആദ്യ മത്സത്തില്‍ വെന്നിക്കൊടി നാട്ടിയ ഇന്ത്യ ജയത്തുടര്ച്ചയ്ക്കാണ് ഇന്ന് പാഡണിയുന്നത്.
വനിതാ ക്രിക്കറ്റിലെ കരുത്തരായ ആസ്ത്രേലിയക്കെതിരേയാണ് മൂന്നാം മത്സരമെന്നതിനാല്‍ ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് പേര് കടക്കുന്ന പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ.
അതേസമയം, ആസ്ത്രേലിയയോട് 52 റണ്‍സിന്റെ പരാജയവുമായി കളംവിട്ട പാകിസ്താനും പ്ലേ ഓഫ് സാധ്യത മുന്നില്‍ കണ്ടാണ് ഇന്നിറങ്ങുന്നത്. ഇന്ന് പരാജയപ്പെട്ടാല്‍ അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റ് ഏറെക്കുറേ നഷ്ടമാവുമെന്നതിനാല്‍ ഇന്നത്തെ മത്സരം പാകിസ്താനും നിര്‍ണായകമാണ്.
ആദ്യ മത്സരത്തില്‍ ഹര്മന് പ്രീത് കൗറിന് പിന്തുണയുമായി ജമീമ റോഡ്രിഗസ് കൂടി നിലയുറപ്പിച്ച് കളിച്ചതോടെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ഈ മത്സരത്തില്‍ ടി20യിലെ തന്നെ ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിച്ചാണ് ഹര്മന് പ്രീത് പുറത്തായത്. ഇരുവരും തിളങ്ങിയതോടെ മിതാലി രാജിന് കളത്തില്‍ ഇറങ്ങേണ്ട അവസരവും വന്നില്ല.
ഇന്നത്തെ മത്സരത്തില്‍ താരത്തിന് തിളങ്ങാന്‍ കഴിയുമോ എന്ന് കണ്ടറിയണം. തുടക്കത്തില്‍ ഇറങ്ങിയ സ്മൃതി മന്ധാന നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിലൂടെ തിരിച്ചുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ കിവീസ് പ്രഹരം തുടങ്ങിയതോടെ മികച്ച റണ്‍സ് ശരാശരിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിത്. എങ്കിലും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്ത പൂനം യാദവും അരങ്ങേറ്റ താരം ഹേമലതയും ബൗളിങില്‍ തിളങ്ങി.
അതേസമയം, ആസ്ത്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ പാകിസ്താന് താരങ്ങള്‍ അവസരത്തിനൊത്തുയരാത്തതാണ് അവരെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ബൗളിങിലും കരുത്ത് തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇരു ടീമുകളുടെയും ആദ്യ മത്സരത്തെ വിലയിരുത്തിയാല്‍ ഇന്നത്തെ കളിയില്‍ ഇന്ത്യക്കാണ് വിജയസാധ്യത കൂടുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."