ജോളിയെ ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യല്‍; വിദഗ്ധ സംഘം ഇന്ന് കൂടത്തായിയില്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളില്‍ മുഖ്യപ്രതി ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിനാണ് ജോളിയെ അന്വേഷണ സംഘം വിധേയമാക്കുന്നത്. അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്ന വിദഗ്ധ സംഘവും ഇന്ന് കൂടത്തായില്‍ എത്തും. എസ്.പി ദിവ്യ.എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ക്കായി ഇന്ന് എത്തുന്നത്. പൊലീസ് മുദ്രവച്ച പൊന്നമറ്റം വീട്ടിലുള്‍പ്പടെ ഇവര്‍ പരിശോധിക്കുമെന്നാണ് സൂചന. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘം നടത്തുന്ന പരിശോധനയ്ക്കും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
കേസ് അന്വേഷണത്തെ കൂടുതല്‍ സഹായിക്കുന്നതിനാണ് ഇത്തരത്തിലൊരു ടീമിനെ ഡി.ജി.പി നിയോഗിച്ചത്. ഐസിറ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ.വി ഗോപിനാഥിന്റെ നതൃത്വത്തിലുള്ള സംഘത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ പൊലീസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവി എന്നിവരും അംഗങ്ങളാണ്.
കേസില്‍ കൂടത്തായി പള്ളി വികാരിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. കല്ലറ തുറക്കാതിരിക്കാന്‍ ജോളി പള്ളിവികാരിയെ സ്വാധീനിച്ചുവെന്നത് പോലീസ് കണ്ടെത്തിയിരുന്നു. ധ്യാനം കൂടാന്‍ പോയ പള്ളിവികാരി ഇന്നോ നാളെയോ തിരിച്ചെത്തും.
ഇതുവരെ ആറ് കൊലപാതകങ്ങളിലാണ് ജോളി കുറ്റസമ്മതം നടത്തിയത്. ഓരോ കൊലപാതകവും ചെയ്തത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് വിവരിച്ചിട്ടുണ്ട്. ഇനി ഈ മൊഴികള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള കടമ്പ. സാഹചര്യങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്ന സാക്ഷിമൊഴികളും ആവശ്യമാണ്.
koodathai murder special team heading sp divya gopinath to help investigation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."