ജില്ലയിലെ ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് റെയിഡ്
കൊച്ചി: ജില്ലയിലെ ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് റെയിഡ് നടത്തി. പരിശോധനയില്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൈപ്പുസ്തകങ്ങളടക്കമുള്ള തെളിവുകള്‍ വിജിലന്‍സിനു പരിശോധനയില്‍ ലഭിച്ചതായാണ് സൂചന.
ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്യും. ഇടനിലക്കാര്‍ മുഖേന ആര്‍.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വാഹന സംബന്ധമായ കാര്യങ്ങള്‍ നടത്തിയെടുക്കുന്നതായി പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കാക്കനാട്, പെരുമ്പാവൂര്‍, പറവൂര്‍, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ ആര്‍.ടി ഓഫീസുകളില്‍ വിജിലന്‍സ് എറണാകുളം യൂനിറ്റ് ഡിവൈ.എസ്.പി എം.എന്‍ രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സെന്‍ട്രല്‍ റേഞ്ച് എസ്.പിയുടെ തൃശൂര്‍, പാലക്കാട് ജില്ലകളിലും ഒരേസമയം ആര്‍.ടി ഓഫിസുകളില്‍ പരിശോധന നടന്നു.
ആരുടെയൊക്കെ അപേക്ഷകള്‍ ഏതൊക്കെ ഉദ്യോഗസ്ഥരുടെ കൈവശമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പേര് സഹിതമാണ് ഇടനിലക്കാര്‍ കൈപ്പുസ്തകം സൂക്ഷിച്ചിരുന്നത്. ആര്‍.ടി ഓഫിസുകളില്‍ വാഹന ഉടമ ഏജന്റിന് ചുമതലപ്പെടുത്തി നല്‍കുന്ന അധികാര പത്രം ഇല്ലാതെയാണ് ഇടനിലക്കാര്‍ അപേക്ഷകളുമായി എത്തിയിരുന്നത്. ആര്‍.സി ബുക്കുകള്‍ തപാല്‍ വഴി നല്‍കണമെന്നാണ് വാഹന വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഇടനിലക്കാരായ ഏജന്റുമാര്‍ക്ക് നേരിട്ട് ആര്‍.സി ബുക്കുകള്‍ നല്‍കിയിരുന്നതായും പരിശോധനയില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."