ശ്രീലങ്കയില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഏറ്റവും വലിയ ഒറ്റകക്ഷി
കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി ഏറ്റവും വലിയ ഒറ്റകക്ഷി. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി) നേതാവും വിക്രമസിംഗെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്ന മംഗല സമരവീരയാണ് പ്രസിഡന്റിന്റെ നടപടിക്കെതിരേ കോടതിയില്‍ ഹരജി നല്‍കാനൊരുങ്ങുന്നത്.
ഭരണഘടനാ ലംഘനമാണ് സിരിസേന നടത്തിയിരിക്കുന്നത്. ഇതിനെതിരേ കോടതിയിലും പാര്‍ലമെന്റിലും തെരഞ്ഞെടുപ്പിലും ഞങ്ങള്‍ പോരാടും. ദക്ഷിണാഫ്രിക്കയുടെ നേതാവ് മണ്ടേലയെപ്പോലെയാകുമെന്നു വാഗ്ദാനം ചെയ്താണ് സിരിസേന അധികാരത്തിലേറിയത്. എന്നാല്‍, അദ്ദേഹമൊരു സ്വേച്ഛാധിപതിയാകുന്നതാണ് പിന്നീട് കണ്ടത്. മണ്ടേലയാകുമെന്നു പറഞ്ഞ് അധികാരമേറ്റ സിരിസേന, സിംബാബ്‌വെയുടെ മുഗാബെയായാണ് മാറിയിരിക്കുന്നതെന്നും സമരവീര പറഞ്ഞു.
2015 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.എന്‍.പിയുടെകൂടി പിന്തുണയോടെയാണ് സിരിസേന അധികാരത്തിലേറിയത്. മറ്റു സഖ്യകക്ഷികള്‍ക്കൊപ്പം തങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് സമരവീര അവകാശപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ജനുവരി അഞ്ചിനു പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
നേരത്തെ, വിക്രമസിംഗെയെ സിരിസേന പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കിയതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമായത്. തുടര്‍ന്നു മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി അവരോധിക്കുകയും ചെയ്തിരുന്നു. അതിനിടെ, ശ്രീലങ്കന്‍ പ്രസിഡന്റിന്റെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട സിരിസേനയുടെ നടപടിയെ വിമര്‍ശിച്ചത്. ജനാധിപത്യ ലംഘനമാണ് സിരിസേന നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."