ജനാര്‍ദന്‍ റെഡ്ഡി ക്രൈംബ്രാഞ്ചിനു മുന്നില്‍
ബംഗളൂരു: മൂന്നു ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബെല്ലാരിയിലെ ഖനിമാഫിയാ തലവനും കര്‍ണാടക മുന്‍ ബി.ജെ.പി മന്ത്രിയുമായ ഗാലി ജനാര്‍ദന്‍ റെഡ്ഡി നാടകീയമായി കേന്ദ്ര ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. മന്ത്രിയായിരിക്കെ കര്‍ണാടകയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍നിന്ന് 18 കോടി രൂപ കോഴ വാങ്ങിയെന്ന കേസിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയതോടെയാണ് അദ്ദേഹം ഒളിവില്‍പോയിരുന്നത്.
എന്നാല്‍, നിരപരാധിയാണെന്നു വ്യക്തമാക്കിയും താന്‍ ഒളിവില്‍ പോയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയും ഇന്നലെ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകുന്നതിനു മുന്‍പുതന്നെ ഇദ്ദേഹം വിഡിയോ പുറത്തുവിട്ടിരുന്നു.
മാധ്യമങ്ങളാണ് ഒളിവില്‍പോയതായി വാര്‍ത്ത നല്‍കിയത്. താന്‍ ഹൈദരാബാദിലായിരുന്നുവെന്നും പറയുന്ന തരത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിഡിയോയില്‍ പറയുന്നു. ഹൈദരാബാദില്‍നിന്നു തിരിച്ചു ബംഗളൂരുവിലെത്തിയ താന്‍ മാധ്യമ വാര്‍ത്തകള്‍ നിരീക്ഷിക്കുകയായിരുന്നെന്നും വിഡിയോയില്‍ പറയുന്നുണ്ട്. താന്‍ തെറ്റുചെയ്‌തെന്നു തെളിയിക്കാനാകില്ല. അത്തരം തെളിവ് പുറത്തുവിടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
നവംബര്‍ 11നു മുന്‍പു ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ടു കേന്ദ്ര ക്രൈംബ്രാഞ്ച് ജനാര്‍ദന്‍ റെഡ്ഡിക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള അലി ഖാന്‍, സഈദ് അഹമ്മദ് ഫരീദ് എന്നിവരും കേസിലെ പ്രതികളാണ്.
ഇവരുടെ വീടുകളില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍നിന്നു സഈദ് അഹമ്മദ് ഫരീദിന്റെ സ്ഥാപനത്തെ ഒഴിവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനെന്നു പറഞ്ഞു ജനാര്‍ദന്‍ റെഡ്ഡി ഒരു കോടി രൂപ കൈപ്പറ്റിയതായി പൊലിസ് കണ്ടെത്തിയിരുന്നു. കൂടാതെ, നിക്ഷേപകരില്‍നിന്ന് 600 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍നിന്ന് ഒഴിവാകാന്‍ സഈദ് അഹമ്മദ് ഫരീദ് മന്ത്രിയായിരുന്ന ജനാര്‍ദന്‍ റെഡ്ഡിയെ സമീപിച്ചിരുന്നു. ഇതിനു പ്രതിഫലമായി 18 കോടി രൂപ റെഡ്ഡി കോഴയായി ആവശ്യപ്പെട്ടുവെന്നു ഫരീദ് പൊലിസിനോടു പറഞ്ഞിരുന്നു.
ജനാര്‍ദന്‍ റെഡ്ഡി ആവശ്യപ്പെട്ട പണം ഓഹരി ദല്ലാളായ രമേശ് കോത്താരിക്ക് നല്‍കി. ഇയാള്‍ ഈ പണം ഒരു ജ്വല്ലറി ഉടമയ്ക്കു നല്‍കുകയും പകരം 57 കിലോ സ്വര്‍ണം വാങ്ങുകയും ചെയ്തുവെന്നും ഫരീദ് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് കേന്ദ്ര ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."