ബഹുജന പങ്കാളിത്തത്തോടെ നാടാകെ ശുചീകരണം
ആലപ്പുഴ നഗരത്തില്‍ പ്രത്യേക പട്രോളിങ് ആലപ്പുഴ: പനിയടക്കമുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 24 ശുചീകരണദിനമാക്കുമെന്നും ബഹുജനപങ്കാളിത്തത്തോടെ ജില്ലയിലെ പൊതുഇടങ്ങളും സ്ഥാപനങ്ങളും ഓഫീസുകളും ശുചീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
മന്ത്രിമാരും എം.എല്‍.എ.മാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പൊതുജനങ്ങളും വിവിധ സംഘടനകളും ഉദ്യോഗസ്ഥരും പങ്കെടുത്ത് രാവിലെ ഏഴു മുതല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. സാംക്രമിക രോഗങ്ങള്‍ തടയാനും കൊതുകുനിവാരണം ലക്ഷ്യമിട്ടുമാണിത്. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു മന്ത്രി. പൊതുസ്ഥലങ്ങളിലും കനാലുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും കര്‍ശന നടപടി സ്വീകരിക്കണം. ആലപ്പുഴ നഗരത്തിലെ കനാലുകളിലും അമ്പലപ്പുഴ, തോട്ടപ്പള്ളി ഭാഗത്തെ റോഡരുകുകളിലും മറ്റും മാലിന്യം തള്ളുന്ന സ്ഥിതിയുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ നല്‍കണം. ഹോട്ടലുകളും ലോഡ്ജുകളും ഇതു ചെയ്യുന്നുണ്ടെ ങ്കില്‍ പൂട്ടിക്കണം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രാഥമിക ഉത്തരവാദിത്തമാണ് മാലിന്യദുരീകരണം. ഇതിനു നേര്‍ക്കു കണ്ണടയ്ക്കരുത്. ആലപ്പുഴ നഗരത്തില്‍ മഴക്കാലത്ത് പ്രത്യേക പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മാലിന്യം തള്ളുന്നവര്‍ക്ക് പരമാവധി പിഴ നല്‍കണം. ജനപ്രതിനിധികള്‍ മാലിന്യം തള്ളുന്നതു തടയാന്‍ സ്‌ക്വാഡിനെ നിയോഗിക്കണം. രോഗപ്രതിരോധമാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വിലയിരുത്തുകയും പരിശോധിക്കുകയും വേണം. എല്ലാ ആശുപത്രികളും സജ്ജമായിരിക്കണം. മരുന്നിന്റെ ലഭ്യതക്കുറവില്ല. ആര്‍ക്കും ചികിത്സ കിട്ടാതെയിരിക്കരുത്. ഇത് ഡി.എം.ഒ.മാര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ രോഗവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സംവിധാനം വേണമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇവരുടെ യോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരുന്നു ക്ഷാമമില്ലെന്നും 25000 രൂപ വീതം ഓരോ വാര്‍ഡിനും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ശുചീകരണം ബഹുജനമുന്നേറ്റമാകണമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി പരിശോധനയ്ക്ക് കൂടുതല്‍ ലാബുകള്‍ വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ദേശീയപാതയില്‍ തുറവൂര്‍ ആശുപത്രിക്കു സമീപമുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അന്ധകാരനഴി പൊഴി മുറിച്ചുവിടാന്‍ അടിയന്തര നടപടി വേണമെന്നും അഡ്വ. എ.എം. ആരിഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. വള്ളികുന്നത്തും തഴക്കരയിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും ആലപ്പുഴയുമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പ്രദേശങ്ങളില്‍ കൊതുകുനശീകരണ പ്രവര്‍ത്തനം നടത്താന്‍ കൊല്ലം ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കണമെന്നും ആര്‍. രാജേഷ് എം.എല്‍.എ. ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."