പേരു മാറ്റലുകളിലെ സംഘ്പരിവാര്‍ അജന്‍ഡകള്‍
അര്‍ശദ് തിരുവള്ളൂര്‍#
ജനങ്ങളെ നശിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗം സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അവബോധം നിഷേധിക്കലും പിന്നെയുമെന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ അതു മായ്ച്ചുകളയലുമാണെന്നു ജോര്‍ജ് ഓര്‍വെല്ലാണു പറഞ്ഞത്. ഇത്തരത്തിലുള്ള ഗൂഢശ്രമങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്.
ബ്രസീലിലെ ധനമന്ത്രിയായിരുന്ന റൂയി ബാര്‍ബോസ 1891 ല്‍ പുറപ്പെടുവിച്ച ഉത്തരവ് രസകരവും ക്രൂരവുമായിരുന്നു. അടിമത്തവും അടിമക്കച്ചവടവും പരാമര്‍ശിക്കുന്ന എല്ലാ രേഖകളും നശിപ്പിക്കാനായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്നു രാജ്യത്തുടനീളം പുസ്തകങ്ങള്‍ ചുട്ട്കരിക്കപ്പെട്ടു. സമാനമായ നടപടികള്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള ഏകാധിപതികള്‍ തുടര്‍ന്നുവന്നു.
ഇന്ത്യയില്‍ സംഘ്പരിവാര്‍ അധികാരത്തിലേറിയതു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ രഹസ്യമായും പരസ്യമായും ചരിത്രത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതിനു തെളിവുകള്‍ തലയ്ക്കകത്തു വെളിവുള്ളവര്‍ ചോദിക്കുമെന്ന ഭയമുള്ളതിനാല്‍ ചരിത്രസംഭവങ്ങളെയും സ്ഥലങ്ങളെയും പുനഃസൃഷ്ടിക്കുകയും പുനര്‍നാമകരണം ചെയ്യുകയുമാണു പരിവാറുകാരുടെ ഇപ്പോഴത്തെ മുഖ്യ അജന്‍ഡ. ഫൈസാബാദ് അയോധ്യയായതും അഹമ്മദാബാദ് കാര്‍ണാവാതാക്കുന്നതും ഇതിനുദാഹരമാണ്.
ഇത്തരം ശ്രമങ്ങള്‍ക്കു കൂട്ടുപിടിക്കുന്നതു പുരാണങ്ങളെയും ഇതിഹാസങ്ങളെയുമാണ്. സ്വന്തം പാര്‍ട്ടിയില്‍ ആദര്‍ശം പിന്തുടരുന്നവരുടെ അഭാവമാണ് ഇത്തരത്തിലുള്ള ശ്രമത്തിനു പ്രധാന കാരണം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള കാലയളവു പരിശോധിച്ചാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് അതില്‍ ഒരു പങ്കുമില്ലെന്നു കണ്ടെത്താനാവും. ആകെ പറയാനുള്ളതു വീര സവര്‍ക്കറെക്കുറിച്ചാണ്. അദ്ദേഹമാവട്ടെ വൈസ്രോയിക്കു മാപ്പെഴുതിക്കൊടുത്ത ഭീരുവാണ്. (സവര്‍ക്കറുടെ പേരിന് മുന്നില്‍ എങ്ങനെയാണാവോ വീരന്‍ എന്നു വന്നത്.)
ബ്രിട്ടിഷ് ഭരണകാലത്തു നാട്ടുരാജാക്കന്മാരുടെ പക്ഷത്തായിരുന്നു ആര്‍.എസ്.എസ്. നാട്ടുരാജാക്കന്മാര്‍ ബ്രിട്ടിഷ് പക്ഷപാതികളായിരുന്നതുപോലെ ആര്‍.എസ്.എസും ബ്രിട്ടിഷ് പക്ഷപാതികളായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം സമരനായകനായിരുന്ന മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. അങ്ങനെ സ്വാതന്ത്ര്യത്തിനു ശേഷവും രാജ്യത്തിനുവേണ്ടി എന്തെങ്കിലും സംഭവന ചെയ്തിട്ടില്ല.
അപ്പോള്‍ ചരിത്രസംഭവങ്ങള്‍ മറച്ചു ചരിത്രം വളച്ചൊടിക്കേണ്ടിവരും. അതിന്റെ ഭാഗമായാണു സംഘ്പരിവാര്‍ ചരിത്ര പുനര്‍നാമകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്.(ഫോട്ടോഷോപ്പുകള്‍ പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ പൊളിക്കപ്പെടുന്നുവെന്ന ഗതികേടും ഇതിന്റെ പ്രചോദനമാണെന്നു കൂട്ടി വായിക്കാം).
നെഹ്‌റുവിനെ മായ്ക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ സ്മാരകങ്ങളെ പുനര്‍നാമകരണത്തിലൂടെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നെഹ്‌റുവിന്റെ സ്മാരകങ്ങളും ഓര്‍മകളും കുടിയിരിക്കുന്ന തീന്‍ മൂര്‍ത്തി ഭവന്‍ എല്ലാ പ്രധാനമന്ത്രിമാരുടെ വസതിയാക്കി മാറ്റിയത് ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. നെഹ്‌റുവിനെ ഓര്‍മിക്കപ്പെടുന്ന ദിവസങ്ങള്‍വരെ മായ്ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 നാണു കാലമേറെയായി ശിശുദിനം ആചരിക്കപ്പെടുന്നത്. റോസാപ്പൂവും തൂവെള്ള വസ്ത്രവും ധരിച്ചെത്തുന്ന നെഹ്‌റുവിന്റെ മുഖമാണ് ശിശുദിനം ഓര്‍മവരുമ്പോള്‍ മനസിലേക്കെത്തുക.
എന്നാല്‍, ശിശുദിനം ആചരിക്കുന്നത് ഡിസംബര്‍ 26 ലേയ്ക്കു മാറ്റാനാണു കേന്ദ്രനീക്കം. മുഗളരുമായുള്ള ഏറ്റുമുട്ടലില്‍ ഗുരു ഗോബിന്ദ് സിങ്ങിനു നാലു മക്കളെ നഷ്ടപ്പെട്ട ദിനമായതിനാല്‍ ഡിസംബര്‍ 26 ശിശുദിനമാക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാജ്യത്തിനായി സംഭാവന നല്‍കിയവരെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കുന്നതോടൊപ്പം ഇന്നലെകളില്‍ മുഗള്‍രാജവംശം പടുത്തുയര്‍ത്തിയ ചരിത്രപ്രദേശങ്ങളുടെ പേരു മാറ്റല്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയുമാണ്.
മുസ്‌ലിം പേരുകളുള്ള പ്രദേശങ്ങളെ ആസൂത്രിതമായാണു പൗരാണികമായി പുനര്‍നാമകരണം ചെയ്യുന്നത്. നാളെയുടെ തലമുറ ഈ പ്രദേശങ്ങളുടെ പേരു കേള്‍ക്കുമ്പോള്‍ അവരുടെ മനസ്സുകളില്‍ ഒരിക്കലും മുഗള്‍ഭരണത്തെയോ മുസ്‌ലിംകളെയോ ഓര്‍ക്കാന്‍ പാടില്ലെന്ന വാശി ഇത്തരം ശ്രമങ്ങളിലുണ്ട്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണു വ്യാപകമായി പ്രദേശങ്ങളുടെ പേരു മാറ്റുന്നത്. ഏറ്റവുമൊടുവിലാണു ഫൈസാബാദിന്റെ പേര് അയോധ്യയാക്കി മാറ്റിയത്. സാദത്ത് അലിഖാന്‍ ഒന്നാമന്‍ സ്ഥാപിച്ച പ്രദേശമാണു ഫൈസാബാദ്. രാജഭരണപ്രദേശമായ അവദിന്റെ തലസ്ഥാനമായി ഫൈസാബാദിനെ ഇദ്ദേഹം പിന്നീടു മാറ്റി. ശിവജിക്കെതിരേ പിതാവ് നാസറിനൊപ്പം ഔറംഗസീബിന്റെ ഭരണത്തില്‍ യുദ്ധം നടത്തിയ വ്യക്തിയായിരുന്നു സാദത്ത് അലിഖാന്‍ ഒന്നാമന്‍.
അയോധ്യയെന്ന പേര് ഈ പ്രദേശത്തിനിട്ടതോടെ രാമജന്മഭൂമിയെന്ന രീതിയിലായിരിക്കും ഈ പ്രദേശം വരും തലമുറ മനസ്സിലാക്കുക. 1998 മുതല്‍ ഗൊരഖ്പൂരില്‍ നിന്നു പാര്‍ലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ നിരവധി മുസ്‌ലിം സാമ്യതയുള്ള പേരുകളാണു യോഗി മാറ്റിയത്. ഉറുദു ബസാര്‍ -ഹിന്ദി ബസാര്‍, അലി നഗര്‍ -ആര്യ നഗര്‍, മിയാ ബസാര്‍-മായാ ബസാര്‍, ഇസ്‌ലാംപൂര് -ഈശ്വര്‍പൂര്, ലഹലാദ്പൂര് -അലഹ്ലാദ്പൂര്, ഹുമയൂണ്‍ നഗര്‍-ഹനുമാന്‍ നഗര്‍ തുടങ്ങിയവ മാറ്റംവരുത്തിയവയിലെ ചില പ്രദേശങ്ങള്‍ മാത്രം. താജ്മഹലിനെ രാം മഹലാക്കണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നിലെ ഇന്ത്യയെന്ന പേര് മാറ്റി ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണമെന്നും യോഗി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഓരോ പ്രദേശത്തിന്റെയും മുസ്‌ലിം സാമ്യതയുള്ള, മുഗള്‍ചക്രവര്‍ത്തിമാരുമായി ബന്ധമുള്ള ഇടങ്ങള്‍ മാറ്റാനാണു ശ്രമം. ഓരോ പ്രദേശത്തിന്റെയും പേരില്‍ അടയാളപ്പെടുത്തുന്നതു കേവലം വാക്കുകള്‍ക്കപ്പുറം ആ നാടുകളുടെ ചരിത്രമാണ്. ഇന്നലെകളില്‍ ആ നാടുകളുടെ ചരിത്രരചനയുടെ ഭാഗമായവരുടെ ഓര്‍മകളാണ് ആ പേരുകളില്‍ കൊത്തിവച്ചിരിക്കുന്നത്. ഇതില്ലാതാക്കുന്നത് ആ കാലത്തെയും അന്നു ജീവിച്ചിരുന്ന സമൂഹത്തെയും ഇല്ലാതാക്കുന്നതിനു തുല്യമാണ്. സ്വന്തമായി പറയാന്‍ ഒന്നുമില്ലാത്തതിനാല്‍ സംഘ്പരിവാര്‍ മറ്റുള്ളവരുടേതു സ്വന്തമാക്കാന്‍ ശ്രമിക്കും. അംബേദ്ക്കറും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും ഉദാഹരണം. ഇതു പരാജയപ്പെടുമ്പോള്‍ നിലവില്‍ പ്രാവര്‍ത്തികമാക്കുന്നതുപോലെ ചരിത്രം മായ്ച്ച് അതിന്മേല്‍ സ്വന്തം അജന്‍ഡകള്‍ നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."