ജീവിതത്തിന്റെ ലളിതാഖ്യാനം
#ദിവ്യ ജോണ്‍ ജോസ്
And by the way, everything in life is writable about if you have the outgoing guts to do it, and the imagination to improvise. The worst enemy to creativity is selfdoubt.
സില്‍വിയ പ്ലാത്തിന്റെ വരികളാണിത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും എഴുതാവുന്നതാണ്. അതിനുള്ള ധൈര്യവും ഭാവനയും ഉണ്ടെങ്കില്‍. സ്വയം സംശയാലുവായ ഒരാള്‍ക്ക് അതു സാധ്യവുമല്ലെന്നാണ് സില്‍വിയ പറയുന്നത്.
ഏതൊരു ചെറിയ അനുഭവങ്ങളെയും ഏതൊരു സങ്കീര്‍ണമായ സംഭവങ്ങളെയും എഴുത്തിനു വിഷയമാക്കുക എന്നത് എഴുത്തുകാരന്റെ മാത്രം ചോയ്‌സ് ആണെന്ന് മനസിലാക്കാം. പക്ഷേ അതിന്റെ ആവിഷ്‌കാരം ദുര്‍ബലമാകുമ്പോള്‍, സൃഷ്ടിയിലൂടെ തന്റെ വൈദഗ്ധ്യമില്ലായ്മ എഴുത്തുകാരന്‍ വിളിച്ചുപറയുകയും ചെയ്യുന്നു.
ചുറ്റിലും നടക്കുന്ന പലതിനെയും ഒരു കോംപ്ലക്‌സ് മോഡില്‍നിന്ന്, ലളിതമായി ഏറ്റവും ബുദ്ധിപരമായ സങ്കേതങ്ങളും ശൈലികളും ഉപയോഗിച്ചു വായനക്കാരനിലേയ്‌ക്കെത്തിക്കുമ്പോള്‍, കൃതി പോപ്പുലര്‍ ആകുന്നു എന്ന വസ്തുത ലോകത്തെമ്പാടുമുള്ള വായനാലോകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ്, ഒര്‍ഹാന്‍ പാമുക്, ഖാലിദ് ഹൊസൈനി തുടങ്ങി ബെന്യാമിന്റെ ആടുജീവിതം പോലെയുള്ള ഉദാഹരണങ്ങള്‍ നിരവധി. മനോജ് വെള്ളനാടിന്റെ 'വീനസ് ഫ്‌ളൈ ട്രാപ് ' ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമെടുത്തു വായിച്ചുതീര്‍ത്ത ഒരു പുസ്തകമാണ്. വളരെ ലളിതമായ വിവക്ഷകള്‍ കൊണ്ട് പണിതുവച്ചിരിക്കുന്ന കുറെ ചെറിയ കഥകള്‍.
ഇപ്പോഴിറങ്ങുന്ന ചെറിയതല്ലാത്ത ശതമാനം പുസ്തകങ്ങളും സാങ്കേതികമായി വിഷയത്തോടു കൂറുപുലര്‍ത്തുന്നു എന്നതില്‍ കവിഞ്ഞ്, മലയാള ഭാഷയില്‍ വായിക്കുന്ന ഒരു വായനക്കാരന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ആസ്വാദനതലങ്ങളെ സ്പര്‍ശിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ചെറിയ ശ്രമമാണെങ്കില്‍ കൂടി മനോജിന്റെ എഴുത്തുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. ആതുരസേവന രംഗത്തെ അനുഭവങ്ങള്‍ പലതും കഥകളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍, വിഷയങ്ങളുടെ കൃത്യതയും ടെക്‌നിക്കും മാത്രമല്ല, അത് ഒരു സാധാരണ വായനക്കാരന് ദഹിക്കാവുന്ന വിധത്തില്‍ രസങ്ങള്‍ ചേര്‍ത്തിരിക്കുന്നു എന്നതാണ് മനോജിന്റെ കഥകള്‍ക്കു പിന്നിലെ ധൈഷണികമായ സമീപനം.
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമമാണ് ഡോ. മനോജിന്റെ ജന്മദേശം. നിരവധി ആനുകാലികങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിക്കുകയും, സി.വി ശ്രീരാമന്‍ പുരസ്‌കാരം, തകഴി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പത്തു കഥകളാണു 'വീനസ് ഫ്‌ളൈ ട്രാപ് ' സമാഹാരത്തിലുള്ളത്
- 1. വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്
വെള്ളിമല എന്ന നാട്, പല കഥകളിലും വരുന്നുണ്ട്. ഈ കഥയും വെള്ളിമലയിലെ കുറച്ചാളുകളെ പരിചയപ്പെടുത്തുന്നു. അതില്‍, നാട്ടിലെ ഔദ്യോഗിക വയറ്റാട്ടിയായി മാറുന്ന ജയിനമ്മ നിറഞ്ഞ് നില്‍ക്കുന്നു. ജാനുവിന്റെ പേറെടുക്കുന്ന സീനുകളെല്ലാം വിവരിച്ചിരിക്കുന്നതിനൊപ്പം, ഒരു ചെറിയ ഗ്രാമത്തിലെ ഒട്ടുമേ ഇക്കാര്യത്തില്‍ ജ്ഞാനമില്ലാതിരുന്ന ജയിനമ്മയെക്കൊണ്ട് മെഡിക്കലി കറക്ടായിത്തന്നെ കഥാകൃത്ത് ആ കര്‍മം ചെയ്യിപ്പിച്ചിരിക്കുന്നതിലെ ഇന്റലിജന്‍സ്.
പശ്ചാത്തലത്തില്‍ മായയുടെയും അസീസിന്റെയും പ്രണയം ഒരു മങ്ങിയ ചിത്രം പോലെ വരച്ചിടുന്നുണ്ട്. കൂടെ ചിന്തിപ്പിക്കുന്നുമുണ്ട്. ഒത്തിരി പേരുടെ പ്രസവമെടുത്ത ജയിനമ്മ ഒരിക്കലും പ്രസവിച്ചില്ല. ഗര്‍ഭപാത്രം മുറിച്ചുനീക്കേണ്ടുന്ന അനാരോഗ്യകരമായ അവസ്ഥയിലേയ്ക്ക് അവരെത്തുന്നു. മുഖ്യ കഥാപാത്രത്തിന്റെ കൂടെ അവര്‍ വെള്ളിമല വിടുന്നു.
ജയിനമ്മ ഒരു കടങ്കഥയാണ്:
''രണ്ടു ഗര്‍ഭപാത്രങ്ങള്‍ തമ്മിലോ? പൊരുത്തമുണ്ടാവോ?'' ഞാന്‍ പിന്നെയും ചോദിച്ചു.
ജയിനമ്മയുടെ കണ്ണുകളെ അവര്‍ വിദൂരതയില്‍നിന്ന് എന്നിലേയ്ക്ക് പറിച്ചുനട്ടു. അവരുടെ ജീവനില്ലാത്ത കണ്ണുകളില്‍ കൗതുകം നിറയുന്നത് ഞാന്‍ കണ്ടു. കുറച്ചുനേരം അങ്ങനെ നോക്കിയിരുന്നതിനുശേഷം അവര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
''പേടിച്ചോടിപ്പോരുവായിരുന്നു ഞാന്‍. ആരേലുമറിഞ്ഞാ കൊന്നുകളയോന്ന് പേടിച്ച്. അത്രയ്ക്കാര്‍ത്തിയായിരുന്ന് എനിക്കവളോട്..''
- 2. വീനസ് ഫ്‌ളൈ ട്രാപ്പ്
ഒരു കുറ്റാന്വേഷണ പൊലിസ് ഉദ്യോഗസ്ഥനും അന്വേഷണ വിധേയയായ രൂപ എന്ന സ്ത്രീയും മാത്രം കഥാപാത്രങ്ങളാകുന്നു. അവരുടെ ഫ്‌ളാറ്റിലെ, പ്രാണികളെ തിന്നുന്ന ചെടികള്‍ വീനസ് ഫ്‌ളൈ ട്രാപ്പ് കഥയുടെ ആകാംക്ഷാജനകമായ അന്തരീക്ഷത്തിന് ഇഴുകിച്ചേരുന്ന വിധത്തില്‍ വിവരിക്കപ്പെടുന്നു. അയാളുടെ സംശയങ്ങള്‍ക്കു മറുപടിയെന്നോണം, അയാളന്വേഷിക്കുന്ന കേസിന് ഒരു ഉത്തരവും കഥാന്ത്യത്തോടെ സംഭവിക്കുന്നു.ഒതുക്കമുള്ള പ്രയോഗങ്ങള്‍ കൊണ്ട് മുഷിപ്പില്ലാതെ വായിക്കാം.
- 3. തര്‍പ്പണം
സമാഹാരത്തിലെ ഏറ്റവും ചെറിയ കഥ. ബലിയില്‍ കര്‍മം. പറയാതെ പറയുന്ന ചില കാര്യങ്ങള്‍.
- 4. ചെറുകിട വിപ്ലവങ്ങളും ചെറിയ മനുഷ്യരും
ആദിമധ്യാന്തം നര്‍മത്തിന്റെ പരിവേഷത്തില്‍ വായിച്ചിരിക്കാവുന്ന കഥ. ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിലെ പല പൊങ്ങച്ചങ്ങളെയും വളരെ മൃദുവായി പരിഹസിച്ചിരിക്കുന്നു. പൈതഗോറസ് എന്ന നായ, സ.മു.സ എന്ന ഫേസ്ബുക്ക് കൂട്ടായ്മ, പാണ്ഡവരെന്നു വിളിപ്പേരുള്ള പണിക്കാര്‍, ടെറസിലെ കൃഷിയില്‍ ആനന്ദം കണ്ടെത്തുന്ന വാസുദേവന്‍ സാറും ഭാര്യയും, വര്‍മയെന്നു പേരുള്ള മറ്റൊരു സാറ്, സര്‍വോപരി ദീപക്കും സതീഷും തുടങ്ങി ഒത്തിരിയേറെ കഥാപാത്രങ്ങളിലൂടെ വേറൊരു വെള്ളിമല വായിച്ചെടുക്കാം.
- 5. മുപ്പത് എം.എല്‍.
'ആന്മീയതയും രാഷ്ട്രീയവും ഗംഗയിലെ സ്‌നാനം പോലെയാണെന്ന് സ്വാമി പറഞ്ഞു. ഒപ്പമൊഴുകുന്നത് കബന്ധങ്ങളും അമേധ്യവുമാണെങ്കിലും ഏതോ പുണ്യത്തിനുവേണ്ടി വീണ്ടും വീണ്ടും നമ്മളതില്‍ മുങ്ങുന്നു. സ്വാമിയുടെ രാഷ്ട്രീയമെന്തെന്ന് ഞാന്‍ ചോദിച്ചു. ഉത്തരമായി സമവായം എന്ന വാക്കിനെ സ്വാമി നാലുപുറത്തില്‍ ഉപന്യസിച്ചു. ഇരട്ടക്കറുപ്പന്റെ ധൈര്യത്തില്‍ അത് വ്യാജമല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സ്വാമി ഉറക്കെച്ചിരിച്ചു കൊണ്ടൊരു കവിള്‍ വിസ്‌കി കൂടി നുണഞ്ഞിറക്കി.'
സ്വാമിയും അയാളും മാത്രമുള്ള കഥ. അയാള്‍ കഥ പറയുന്നതിനോടൊപ്പം ചില സങ്കല്‍പങ്ങളുടെ പൊളിച്ചെഴുത്തു കൂടി കഥയില്‍ നടക്കുന്നുണ്ട്. സ്വാമിയും അയാളും തമ്മിലുള്ള ഒരുറങ്ങാത്ത രാത്രിയ്ക്കുശേഷമുള്ള പ്രഭാതത്തില്‍ ചായ കുടിച്ച് അവര്‍ പിരിയുമ്പോള്‍, വായനക്കാരനും ചില ചോദ്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടാകും.
- 6. പരോസ്മിയ
ഗന്ധവാഹികളായ ഞരമ്പുകളുടെ തെറ്റായ പ്രവര്‍ത്തനത്താല്‍, സാധാരണ ഒരു ഗന്ധത്തെ ശരിയായ രീതിയില്‍ തിരിച്ചറിയപ്പെടാന്‍ കഴിയാത്ത തലച്ചോറിന്റെ ഒരു പ്രതിഭാസത്തെയാണ് ഏറെക്കുറെ പരോസ്മിയ എന്ന പദം കൊണ്ട് ശാസ്ത്രം വിവക്ഷിക്കുന്നത്. സംശയാലുവായ ഒരു ഭര്‍ത്താവിന്റെ മുന്നിലേയ്ക്ക് ഹനുമാന്‍ സ്വാമി ഇറങ്ങി വരുന്നു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ യുക്തിയും ഭക്തിയും കടന്ന് അവസാനിക്കുമ്പോള്‍, അയാളില്‍ ഉണ്ടാകുന്ന മാറ്റത്തെ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.
ഒരു വ്യക്തിയുടെ മതിഭ്രമത്തെ മാജിക്കല്‍ റിയലിസത്തിന്റെ ഭംഗിയില്‍ പറഞ്ഞുവച്ചിരിക്കുന്നു.
- 7. യക്ഷികള്‍ നഗ്നരാണ്
ബാല്യത്തിന്റെ കൗതുകങ്ങളില്‍നിന്നു കൗമാര യൗവനങ്ങളിലേയ്ക്കുള്ള മാറ്റം ഒരു യക്ഷിയെന്ന സങ്കല്‍പവുമായി ചേര്‍ത്തിണക്കി പറഞ്ഞിരിക്കുന്നു.
- 8. അഗ്നിയില്‍ എരിയാത്ത ആയുധങ്ങള്‍
ഒരു ശവസംസ്‌ക്കാര ചടങ്ങിന്റെ പശ്ചാത്തലത്തില്‍ കുറച്ച് ബാക്ക് സ്റ്റോറികളും ഫ്‌ളാഷ്ബാക്കുമൊക്കെയായി പറഞ്ഞ്, കുറച്ചൊരു നിഗൂഢത ബാക്കി നിര്‍ത്തുന്ന കഥ.
- 9. ജോസൂട്ടിയുടെ ദിവ്യഗര്‍ഭം
ബിംബങ്ങളുടെ സാധ്യത ഉപയോഗിച്ചു പറയുന്ന കഥ പൂര്‍ണമായും ലക്ഷ്യം കണ്ടുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മറ്റെല്ലാ കഥകളിലെക്കാളും ആനുകാലികമായ സംഭവങ്ങള്‍ ഇതില്‍ വിവരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
''ആകാശം പഴുത്ത് പാകമായി നിന്നു. പിന്നെപ്പോഴോ ഞെട്ടറ്റ് പള്ളിപ്പറമ്പില്‍ വീണു' എന്നു വായിക്കുമ്പോള്‍ കഥയുടെ സ്വാഭാവികമായ ഒഴുക്കില്‍ അതിശയോക്തിയുടെ പരിവേഷവുമായി കടന്നുവരുന്ന ഇത്തരം ചില പ്രയോഗങ്ങള്‍ മുഴച്ചുനില്‍ക്കുന്നതുപോലെ തോന്നി.
- 10. വെന്റിലേറ്റര്‍
പൂര്‍ണമായും ഒരു ആശുപത്രി പരിസരത്തില്‍ വികസിക്കുന്ന കഥ. വീണ്ടും ചില രഹസ്യസ്വഭാവങ്ങളോടെ പറഞ്ഞവസാനിപ്പിക്കുന്നു.
സംഭാഷണം
എഴുത്തുകാരന്റെ അറിവ് പ്രദര്‍ശിപ്പിക്കാനുള്ളതല്ല കഥ
- ഏറ്റവും സുതാര്യമായ ശൈലിയാണ് ഓരോ കഥയിലും. ഒത്തിരി സങ്കേതങ്ങളോ പ്രതീകങ്ങളോ ഇല്ല, അല്ലെങ്കില്‍ പരിമിതമായി മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ചില കഥകളില്‍ (ജോസൂട്ടിയുടെ ഗര്‍ഭം ഉദാഹരണം) ബിംബങ്ങളാല്‍ പലതും പറയാന്‍ ശ്രമിച്ചിട്ടുമുണ്ട്. കഥയെഴുത്തില്‍ ഒരു ജൈവികത നിലനിര്‍ത്താന്‍ ഇതെല്ലാം സഹായിച്ചിട്ടുണ്ട് എന്നു പറഞ്ഞാല്‍ അതിനോടു യോജിക്കുമോ?
പെട്ടെന്ന് മനസിലാക്കാന്‍ കഴിയുന്ന കഥകള്‍ വായിക്കാനാണ് എനിക്കിഷ്ടം. ദുര്‍ഗ്രഹമായ, വളവും തിരിവുമുള്ള കഥകള്‍ എന്നെ സ്വാധീനിക്കാറില്ല. എഴുതുമ്പോഴും അതങ്ങനെ തന്നെ ആവുമല്ലോ. പക്ഷെ എപ്പോഴും വളരെ ലീനിയര്‍ ആവുന്നതും ട്രാന്‍സ്പാരന്റ് ആവുന്നതും ഒരു പരിമിതിയാണെന്നൊക്കെ ഇടയ്ക്കു തോന്നിയിട്ടുമുണ്ട്. ചുരുക്കം ചില ബിംബങ്ങളും മറ്റും കഥകളിലുപയോഗിച്ചിരിക്കുന്നത് ആ രീതിയില്‍നിന്നു മാറാനായിട്ടൊന്നും ആയിരുന്നില്ല. അതു ചില വിഷയങ്ങളില്‍ ചില കാര്യങ്ങള്‍ ബിംബങ്ങള്‍ വഴി അധികം വലിച്ചുനീട്ടാതെ പറയാന്‍ പറ്റുന്നതുകൊണ്ടാണ്. അപ്പോഴും ബിംബങ്ങളെ കഥാപരിസരത്തിനകത്തുനിന്നു കണ്ടെത്തി ഉപയോഗിക്കാനേ ശ്രമിച്ചിട്ടുള്ളൂ. വായനയില്‍ ഉപമകളോ ബിംബങ്ങളോ കാരണം ഏച്ചുകെട്ടിയ പോലുള്ള അനുഭവം ഉണ്ടാവരുതെന്നു ചിന്തിച്ചാണെഴുതാറുള്ളത്. ജോസൂട്ടിയുടെ ദിവ്യഗര്‍ഭം, യക്ഷികള്‍ നഗ്നരാണ്, വീനസ് ഫ്‌ളൈ ട്രാപ്പ് തുടങ്ങിയ കഥകളില്‍ എഴുത്തിന്റെ ജൈവീകതയ്ക്ക് ഈ ശ്രമങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നു തന്നെ കരുതുന്നു.
- ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത്, വായനക്കാരന്‍ ബൗദ്ധികപരമായും വൈകാരികമായും എഴുത്തിനെ മനസിലാക്കി എടുക്കുമ്പോഴാണെന്നു തോന്നിയിട്ടുണ്ട്. മനോജിന്റെ കഥകള്‍ വൈദ്യശാസ്ത്രരംഗത്തെ പല വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോഴും സാധാരണക്കാരനു വായിച്ചെടുക്കാന്‍ പാകത്തില്‍ ഒരു പിരിച്ചെഴുത്ത് നടത്തുന്നതായി തോന്നിയിട്ടുണ്ട്. വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ് എന്ന കഥയില്‍ ജയിനമ്മയെ വിവരിക്കുമ്പോള്‍ ടെര്‍മിനോളജികളില്‍ ഒരിക്കലും സാങ്കേതികത്വം പുലര്‍ത്താതെ, എന്നാല്‍ ഒരു ആരോഗ്യമേഖയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ വായിക്കുമ്പോള്‍ പ്രയാസമില്ലാതെ വായനയില്‍ ഡീകോഡ് ചെയ്യപ്പെടാവുന്ന പലതും വന്ന് പോകുന്നുണ്ട്.പുല്ലരിയുന്ന കത്തി കൊണ്ട് പൊക്കിള്‍കൊടി മുറിക്കുന്നതും എപ്പിസിയോട്ടമി ചെയ്യുന്നതെല്ലാം ജയിനമ്മയേപ്പോലെയുള്ള ഒരു നാട്ടിന്‍പുറത്തുകാരിയുടെ ഭാഷയില്‍ വിവരിക്കുന്നത് തന്നെ ഉദാഹരണം. ഇത്തരം ഒരു ഇടപെടല്‍ കഥാപാത്രങ്ങളില്‍ കൊണ്ടുവരുന്നത് ബോധപൂര്‍വമായി ചെയ്യുന്ന ഒരു പ്രകിയ ആണോ?
ഒരു കഥ വായിച്ചുകഴിയുമ്പോള്‍ അതൊരു കഥ തന്നെയായിരുന്നു എന്നു വായനക്കാരനു തോന്നണം. അവിടെ എഴുതുന്ന ആളിന്റെ വിവിധ മേഖലയിലെ അറിവ് പ്രദര്‍ശിപ്പിക്കുന്നത് അരോചകമാവും. ലളിതമായി പറഞ്ഞുപോകുന്ന ഒരു കഥയില്‍, അതേ പേസില്‍ സാങ്കേതികമായി ഉള്‍പ്പെടുത്താവുന്ന മെഡിക്കല്‍ റിലേറ്റഡ് കാര്യങ്ങളാണെങ്കിലാണു കഥയില്‍ ചേര്‍ക്കാറുള്ളത്.
വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ് എന്ന കഥയില്‍ അതിന്റെ ടൈറ്റില്‍ മാത്രമാണ് ചിലപ്പോള്‍ വായനക്കാര്‍ക്കു പുതുതായി കിട്ടുന്നൊരു വാക്ക്. ടൈറ്റില്‍ സൂചിപ്പിക്കുന്നത്ര അപരിമിതമായതൊന്നും ഉള്ളിലില്ല. അതു ഗര്‍ഭപാത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. മനുഷ്യന്റെ ജൈവികതയില്‍, പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഗര്‍ഭാശയം എന്ന അവയവം ആരിലാണ്, എങ്ങനെയാണ് ഒരു വെസ്റ്റീജിയല്‍ ഓര്‍ഗന്‍ ആകുന്നതെന്നാണ് കഥ തേടുന്നത്. സ്വവര്‍ഗലൈംഗികത ഒരു ഡോക്ടറെന്ന നിലയില്‍ മറ്റൊരാംഗിളില്‍ കാണാനുള്ള ശ്രമത്തിന്റെ ഫലമാണ് ആ കഥ. വലിയ മെഡിക്കല്‍ വേഡുകളൊന്നുമില്ലാതെ, ലേഖനസ്വഭാവമില്ലാതെ, എന്നാല്‍ കൃത്യമായി മനസിലാവുന്നവിധം എഴുതുന്നത് മനപ്പൂര്‍വം ചെയ്യുന്നതു തന്നെയാണ്. അതുപോലെ പരോസ്മിയ എന്ന കഥയില്‍ ഓള്‍ഫാക്ടറി ഫറ്റീഗ് എന്ന അവസ്ഥയാണ് കഥയുടെ കാതല്‍. ജയിനമ്മയുടെ എപ്പിസിയോട്ടമിയെക്കാള്‍ കൂടുതല്‍ പേര്‍ക്കും നേരിട്ടനുഭവമുള്ളതാണല്ലോ ഓള്‍ഫാക്ടറി ഫറ്റീഗ്.
- കണ്ടുമുട്ടുന്നസംസാരിക്കുന്ന ഇടപഴകുന്ന ഓരോ വ്യക്തിയിലും എഴുത്തുകാരന് ഒരു കഥാപാത്രത്തെ കാണാന്‍ സാധിക്കുമെന്നാണ്. ദിവസംതോറും എത്രയോ വ്യത്യസ്തരായ രോഗികളെ കാണുന്നതാണ് മനോജ്. മിക്ക കഥകളിലും ഇത്തരം കഥാപാത്രങ്ങളെ കാണാം. ഈയൊരു പ്രൊഫഷന്‍ മനോജിന്റെ എഴുത്തിനെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടാകും. ഡോക്ടറായ എഴുത്തുകാരനെക്കുറിച്ചു പറയൂ.
എഴുതാനുള്ള സാഹചര്യം വളരെ വിരളമാണീ പ്രൊഫഷനില്‍. കഥയെഴുതാന്‍ വേണ്ട ഏകാഗ്രതയോ ധ്യാനമോ എഴുതിയാലതു വീണ്ടും വീണ്ടും വായിച്ചുനോക്കി ക്ഷമയോടെ എഡിറ്റുചെയ്യാനുള്ള സമയമോ പലപ്പോഴും കിട്ടാറില്ല. അതുകൊണ്ടുതന്നെ വളരെക്കുറച്ചേ എഴുതീട്ടുമുള്ളൂ. പക്ഷെ കഥയ്ക്കു വേണ്ട വിഷയങ്ങള്‍, കഥാപാത്രങ്ങള്‍ ഒക്കെ കണ്ടെടുക്കാന്‍ ഈ ഫീല്‍ഡ് സഹായിച്ചിട്ടുണ്ട്.
- കഥകളെ ഭാവനാസമ്പന്നമായ നുണകള്‍ എന്നാണ് ബ്ലോഗില്‍ പറയുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ മലയാള സാഹിത്യത്തെ പരിശോധിച്ചാല്‍, ചെറുകഥകള്‍ ഭാഷയെസാഹിത്യത്തെ നവീകരിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവനാസമ്പന്നമായ നുണകള്‍ എന്ന പേര് കഥകള്‍ക്ക് എങ്ങനെ അനുയോജ്യമാകുമെന്നാണ് മനോജ് അവകാശപ്പെടുന്നത്?
അതൊരു ട്രിക്കി ക്വസ്റ്റ്യനാണ്. തീര്‍ച്ചയായും അങ്ങനെ തന്നെയാണെന്നൊരു അവകാശവാദമൊന്നുമില്ല. ചെറുകഥകള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയും ആ ഒരു കാപ്ഷനും തമ്മില്‍ ബന്ധിപ്പിക്കേണ്ടതുമില്ല.
- വായന എഴുത്തിനെ സ്വാധീനിക്കുന്നുണ്ടോ?
തീര്‍ച്ചയായുമുണ്ട്. ഞാനൊരു ഇന്‍ബോണ്‍ കഥാകൃത്ത് ഒന്നുമല്ല. മറ്റുള്ളവരെ വായിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടാണ് എഴുത്തിന്റെ തുടക്കം തന്നെ. പിന്നീടത് പതിയെപ്പതിയെ മാറുകയാണുണ്ടായത്. പുതിയകാലത്തെയും പുതിയ കഥകളെയും വായിക്കുന്നതിലൂടെ എന്റെ എഴുത്തിലും മാറ്റങ്ങള്‍ വരുത്താന്‍ ഇപ്പോഴും ശ്രമിക്കാറുണ്ട്.
- പുതിയ പുസ്തകങ്ങളെപ്പറ്റി
വല്ലപ്പോഴും എഴുതുന്ന ആളെന്ന നിലയ്ക്ക് പുതിയ പുസ്തകത്തെ പറ്റി ചിന്തിച്ചിട്ടേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."