കൃഷ്ണവേണിയുടെ കാക്കകുടുംബം
#പി.കെ മുഹമ്മദ് ഹാത്തിഫ്
ഓര്‍ക്കുമ്പോള്‍ ഇതെന്തു ന്യായം? ഇവരെന്തിന് ഇവിടെ വന്നു? ആദി പുരാതനമായ എന്തോ ഒരവകാശം മാതിരിയാണ്. ഈ ഭൂഗോളത്തില്‍ മനുഷ്യവര്‍ഗം ഉണ്ടാകുന്നതിനുമുന്‍പു തന്നെ ഞങ്ങള്‍ ഇവിടെയുണ്ട് എന്ന ഭാവം! പക്ഷികളെയും ചിത്രശലഭങ്ങളെയും ആട്ടിയോടിച്ചില്ല. എന്നാല്‍ കാക്കകള്‍! അവര്‍ അടുക്കളയില്‍ കയറി ആഹാര സാധനങ്ങള്‍ കട്ടുകൊണ്ടുപോകുന്നു. രണ്ടു കാക്കള്‍ ആരുടെയും അനുവാദം വാങ്ങാതെ രണ്ടു തെങ്ങുകളില്‍ കൂടുവച്ചിട്ടുമുണ്ട്. മുട്ടകള്‍ ഇട്ടിരിക്കുന്നു. മറ്റു പക്ഷികളുടേതിനെക്കാള്‍ കാക്കകളുടെ കരച്ചില്‍ ലേശം അസഹനീയമാണ്. പോരെങ്കില്‍ കോഴിക്കുഞ്ഞുങ്ങളെ കൊത്തിക്കൊണ്ടു പോകുന്നു.
*******
ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ നിലനിര്‍ത്തിയിരിക്കുന്ന ദൈവംതമ്പുരാന്‍ ഭൂമിയില്‍ ജീവികള്‍ക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു. പഴങ്ങള്‍, കിഴങ്ങുകള്‍, ധാന്യങ്ങള്‍, പുല്ല്, പുഷ്പങ്ങള്‍, വെള്ളം, വായു, പിന്നെ ചൂടും വെളിച്ചവും. ഭൂമിയിലെ ഉല്‍പന്നങ്ങളുടെയെല്ലാം അവകാശികളാണു ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും. ഈ പരമാര്‍ഥം എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ലേ?
(വൈക്കം മുഹമ്മദ് ബഷീര്‍, ഭൂമിയുടെ അവകാശികള്‍)
പണ്ടൊരുനാള്‍ ദൈവം സര്‍വപക്ഷിജാലങ്ങളെയും വിളിച്ചുവരുത്തി എല്ലാവരോടും തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം കേട്ട് ഓരോരുത്തരായി മുന്നോട്ടു കടന്നുവന്നു. ആദ്യം കോഴി തന്നെ ആഗ്രഹം രേഖപ്പെടുത്തിക്കളഞ്ഞു; എനിക്ക് സൗന്ദര്യം മതി. പിന്നെ ഓരോരുത്തരായി മുന്നോട്ടുവന്നു തങ്ങള്‍ മനസില്‍ താലോലിച്ചു നടന്ന വലിയ ആഗ്രഹങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി. കൊറ്റി തനിക്ക് വെളുപ്പ് മതിയെന്നു പറഞ്ഞു. കുയില്‍ പറഞ്ഞു, തനിക്കു ശബ്ദം മതിയെന്ന്... അങ്ങനെ ഓരോ പക്ഷിയും ഓരോ ആഗ്രഹങ്ങള്‍ പറഞ്ഞു.
അവയെല്ലാം ദൈവം സാധിച്ചുകൊടുക്കുകയും ചെയ്തു. എല്ലാത്തില്‍നിന്നും വ്യത്യസ്തമായി കാക്ക ദൈവത്തോട് തേടിയത് തനിക്ക് ആയുസ് മതിയെന്നാണ്. അതുകൊണ്ടു തന്നെ ആദിമകാലം തൊട്ടേ ആയുസില്‍ കൊതിയുള്ള കാക്ക അപൂര്‍വമായേ മനുഷ്യനു പിടികൊടുക്കാറുള്ളൂ...
കാക്കയെ അറിയാത്തവരും കാണാത്തവരുമുണ്ടാകുമോ ഭൂമിമലയാളത്തില്‍. കാക്കത്തൊള്ളായിരമെന്ന പ്രയോഗം തന്നെയുണ്ട് നമുക്ക്. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ കാക്കയെ കുറിച്ച് എത്ര വേണമെങ്കിലും വാതോരാതെ സംസാരിക്കും. ഈസോപ്പ് കഥകളിലെ കൗശലക്കാരായ കാക്ക കഥാപാത്രങ്ങളെ കുറിച്ചും പറയാനുണ്ടാകും. ഇത്രയധികം നമുക്ക് ഏറ്റവുമടുത്തു പരിചയമുള്ള പക്ഷിയാണെങ്കിലും ഒരിക്കല്‍പോലും കാക്കയെ കൈകൊണ്ട് തൊടാനോ കൂട്ടുകൂടാനോ ഒരു മലയാളിക്കും ഭാഗ്യമുണ്ടായിട്ടുണ്ടാവില്ലെന്നതും പരമ സത്യം.
ദൂരെനിന്നു നമ്മളൊന്ന് കൈവീശിയാല്‍ പറന്നുപോകുന്ന മനുഷ്യനെ പേടിയുള്ള കാക്കകളെയാണു നമ്മള്‍ ഇത്രയും കാലം കണ്ടുശീലിച്ചത്. പക്ഷിമൃഗാദികളെ ഇണക്കി വളര്‍ത്തുന്നത് ഹോബിയാക്കിയ മലയാളികള്‍ പൊതുവെ കാക്കളെ ഇണക്കി വളര്‍ത്തുന്നതു കണ്ടിട്ടില്ല. എന്നാല്‍ കോഴിക്കോട് നഗരത്തിലെ ശങ്കരങ്കണ്ടിപ്പറമ്പില്‍ കൃഷ്ണവേണിക്ക് കാക്കകള്‍ പോറ്റുമക്കളാണ്. നൂറോളം കാക്കളെയാണ് അവര്‍ ദിവസവും മൂന്നുനേരം ഭക്ഷണം കൊടുത്ത് പോറ്റുന്നത്.
ഒറ്റപ്പെടലിന്റെ ബാല്യം
ശങ്കരങ്കണ്ടിപ്പറമ്പില്‍ ഇ.പി മാളുവിന് രണ്ട് ആണ്‍മക്കളും ഒരു മകളുമാണ്. മാളുഅമ്മയുടെ ഏകമകളാണ് കൃഷ്ണവേണി. അച്ഛന്‍ മക്കള്‍ ചെറുതായപ്പോള്‍ തന്നെ ഉപേക്ഷിച്ചുപോയി. സ്വയം തൊഴില്‍ ചെയ്താണ് മാളുഅമ്മ മൂന്ന് മക്കളെയും പോറ്റിയത്. എല്ലാവരെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു മാളുഅമ്മയുടെ ആഗ്രഹം. അതുപോലെ തന്നെ നടന്നു. രണ്ട് ആണ്‍മക്കളും സര്‍ക്കാര്‍ ഉദ്യോഗം നേടി. പക്ഷേ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഏകമകള്‍ കൃഷ്ണവേണിയെ തനിച്ചാക്കി മാളുഅമ്മ ഈ ലോകത്തോട് വിടപറഞ്ഞു.
പഠനം പാതിവഴിയിലായ കൃഷ്ണവേണിയെ അമ്മാവന്‍ അപ്പുക്കുട്ടി ഉപരിപഠനത്തിനായി സഹായിച്ചു. സെന്റ് വിന്‍സന്റ് കോളനി സ്‌കൂളില്‍നിന്ന് പത്താംക്ലാസ് പൂര്‍ത്തിയാക്കി. ചേളന്നൂര്‍ എസ്.എന്‍.ജി കോളജില്‍നിന്ന് പ്രീഡിഗ്രി കഴിഞ്ഞ ശേഷം പല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കും ചേര്‍ന്നു. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് പഠിക്കാന്‍ പോയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. സഹോദരങ്ങളോടൊപ്പം കഴിയുമ്പോഴും ദൈനംദിന ചെലവുകള്‍ സ്വന്തം തന്നെയായിരുന്നു കണ്ടെത്തിയിരുന്നത്. കൂട്ടും കുടുംബവുമായി സഹോദരങ്ങള്‍ രണ്ടുപേരും വീട് വിട്ടുപോവുകയും അമ്മയുള്ള കാലത്ത് കുടികിടപ്പായി കിട്ടിയ സ്ഥലം വില്‍ക്കുകയും ചെയ്തപ്പോള്‍ ഒന്നുമില്ലാതെ കൃഷ്ണവേണി ഒറ്റപ്പെട്ടു. സഹോദരങ്ങളോട് സ്ഥലം വാങ്ങിയ സ്വകാര്യ കമ്പനിയാണ് കൃഷ്ണവേണിക്ക് അന്ന് കനിവായെത്തിയത്. വിറ്റ സ്ഥലത്തിന് സമീപത്ത് ഒരു സെന്റ് സ്ഥലം വാങ്ങിക്കൊടുക്കുകയും ചെറിയൊരു വീട് നിര്‍മിച്ചുനല്‍കുകയും ചെയ്തു.
പിന്നെ ദിനേയുള്ള ചെലവിനു വേണ്ടി ഒരു ജോലിക്കായുള്ള അലച്ചിലായി. അങ്ങനെയാണ് അമ്മാവന്റെ നിര്‍ദേശപ്രകാരം ചാലപ്പുറത്ത് മെട്രോ പൊളിറ്റന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സിനു ചേരുന്നത്. മൈക്രോസ്‌കോപ്പിലൂടെയുള്ള ജീവകണങ്ങളുടെയും കോശങ്ങളുടെയും അത്ഭുതങ്ങള്‍ കണ്ടപ്പോള്‍ കൂടുതല്‍ ആവേശമായി. അങ്ങനെ 1981ല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചു. മെഡിക്കല്‍ കോളജിനടുത്ത് ഗോപിനാഥന്‍പിള്ളയ്‌ക്കൊപ്പവും കുന്ദമംഗലത്തെ സ്വകാര്യ ലാബിലും ജോലിയെടുത്തു. ഇപ്പോള്‍ കോട്ടയം പാലാ സ്വദേശി ശാരദാമ്മയുടെ പണിക്കര്‍റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ലാബിലാണ് ജോലി ചെയ്യുന്നത്.
ഏകാന്തതയില്‍
കൂട്ടിനെത്തിയവര്‍
ഒറ്റപ്പെട്ടതിന്റെ കഥകള്‍ പറയുമ്പോള്‍ സാരിത്തുമ്പെടുത്ത് കണ്ണ് തുടക്കുകയായിരുന്നു കൃഷ്ണവേണി. അമ്മയും സഹോദരങ്ങളുമില്ലാതെ അവിവാഹിതയായ കൃഷ്ണവേണി കോഴിക്കോട് രാജേന്ദ്ര നഴ്‌സിങ് ഹോമിനു സമീപം ശങ്കരങ്കണ്ടിപ്പറമ്പിലെ ഒറ്റമുറി വീട്ടില്‍ ഇപ്പോള്‍ ഒറ്റയ്ക്കല്ല.
''ഈ വീട്ടില്‍ ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല മോനെ... ഞങ്ങള്‍ അഞ്ചുപേരുണ്ട്. ആദ്യം ഞാന്‍ തനിച്ചായിരുന്നല്ലോ ജീവിതം. അങ്ങനെയാണ് അടുത്ത വീട്ടില്‍നിന്ന് ഞാന്‍ ഡാഡുവിനെ വാങ്ങിയത്. അവനിന്ന് 17 വയസായി. ഒരിക്കല്‍ എനിക്കു പിറകെ ഓടിയ തെരുവുനായയോട് പൊരുതി അവന്റെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. അതിനുശേഷമാണ് ഡാനിയയെയും കിച്ചുവിനെയും കൂടെക്കൂട്ടിയത്. എല്ലാവരും എന്റെ കൂടെയാണ് കിടക്കാറ്. ഡാനിയക്കിത്തിരി കുരുത്തക്കേടാണ്. കിച്ചു നല്ല ഗൗരവക്കാരനാണ്. ഡാനിയയും കിച്ചുവും എന്നും തല്ലുകൂടും. അതുകൊണ്ടു തന്നെ ചിലപ്പോള്‍ രാത്രി ഉറക്കം നഷ്ടപ്പെടും. എന്നാലും രണ്ടാള്‍ക്കും നല്ല സ്‌നേഹമാണ്. പിന്നെ എനിക്കു രണ്ടു പെണ്‍മക്കളുണ്ട്. ഒരിക്കല്‍ മീന്‍വാങ്ങുമ്പോള്‍ കൂടെക്കൂടിയതാണ്. ഓള് പ്രസവിച്ചപ്പോള്‍ അതിലുണ്ടായ ഒരു മോളും ഇപ്പോ എന്റെ കൂടെയുണ്ട്...''
വീട്ടില്‍ തനിക്ക് കൂട്ടിനിരിക്കുന്ന നായകളെപ്പറ്റിയും പൂച്ചകളെപ്പറ്റിയും വിവരിക്കുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന മറന്നുപോയെന്ന് കൃഷ്ണവേണി പറയാതെ പറയുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഏകദേശം പത്തു കൊല്ലം മുന്‍പാണ്... ഒരു ദിവസം രാവിലെ വീടിന്റെ ഉമ്മറത്തിരുന്ന് മീന്‍മുറിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറ്റത്തേക്ക് പറന്നിറങ്ങി കൈയിലെ പാത്രത്തിലേക്ക് നോക്കി ഒരു കാക്ക കുറേസമയം കരഞ്ഞു. വിശന്നിട്ടാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ കൈയിലെ പാത്രത്തില്‍നിന്ന് ഒരു മീനെടുത്ത് എറിഞ്ഞുകൊടുത്തു. മുറ്റത്തുനിന്ന് മീന്‍ കഷണങ്ങളാക്കി കൊത്തിത്തിന്ന ശേഷം വിശപ്പടങ്ങാതെ കൈയിലെ പാത്രത്തിലേക്ക് കണ്ണുംനട്ടു കാക്ക വീണ്ടും കരഞ്ഞു.
രണ്ടാം തവണയും മീന്‍കഷണം എറിഞ്ഞുകൊടുത്തു. വീണ്ടും കരഞ്ഞപ്പോള്‍ ഇനി നാളെ തരാമെന്നു പറഞ്ഞ് ആട്ടാന്‍ നോക്കി. അപ്പോള്‍ കാക്ക വിശപ്പടങ്ങാതെ നിസഹായതോടെ ഒന്നു നോക്കി. കാക്കയുടെ നോട്ടം കണ്ട് വയ്യാതായപ്പോള്‍ അടുക്കളയില്‍ പോയി ഗോതമ്പുപൊടി വെള്ളമൊഴിച്ച് കുഴച്ചു പാത്രത്തില്‍ വച്ചുകൊടുത്തു. വിശപ്പടങ്ങിയ കാക്ക പറന്നുപോയി. പിറ്റേന്ന് ഇതേ സമയത്തു തന്നെ ആ കാക്ക വീണ്ടും ഭക്ഷണവും തേടിയെത്തി. കൃഷ്ണവേണിയെ കണ്ടപ്പോള്‍ തന്നെ കാക്ക കരയാന്‍ തുടങ്ങി. അടുക്കളയില്‍ പോയി ഗോതമ്പുപൊടി വെള്ളമൊഴിച്ച് കുഴച്ചു പാത്രത്തില്‍ വച്ചുകൊടുത്തു.
ഇതു മൂന്നു ദിവസം തുടര്‍ന്നു. നാലാംനാള്‍ കാക്കയ്‌ക്കൊപ്പം അഞ്ചു കാക്കകള്‍ വേറെയും ഉണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും കാക്കളുടെ എണ്ണം കൂടിക്കൂടി വന്നു. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും എല്ലാവരും വീട്ടുമുറ്റത്തെത്തിയിരിക്കും. പതിവില്‍നിന്നു വിപരീതമായി എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ ജനാലക്കരികിലെത്തി കരയും. അപ്പോള്‍ തന്നെ അടുക്കളയില്‍ പോയി ഗോതമ്പ് കുഴച്ചുകൊടുക്കും. ആദ്യമൊക്കെ പാത്രത്തില്‍നിന്ന് എല്ലാവരും വന്നു കഴിക്കുകയായിരുന്നു. പിന്നെ കൈയില്‍നിന്നു തന്നെ കൊത്തിത്തിന്നാന്‍ തുടങ്ങി.
ഓരോ ദിവസവും കാക്കളുടെ എണ്ണം കൂടി വന്നു. ഗോതമ്പുപൊടിയുടെ അളവ് കൂട്ടി. ഇപ്പോള്‍ എല്ലാവരും പാത്രത്തില്‍നിന്നു കഴിക്കുന്നതു നിര്‍ത്തി. പകരം കൃഷ്ണവേണിയുടെ കൈയില്‍നിന്നു നേരിട്ടു തിന്നാന്‍ വേണ്ടി ക്യൂ നില്‍കും. വിശപ്പടങ്ങുന്നതുവരെ ഓരോരുത്തരും കൈയില്‍നിന്നു തന്നെ കൊത്തിത്തിന്നും. വിശപ്പടങ്ങിയാല്‍ പറന്നുപോവുകയും ചെയ്യും. പിന്നെ അടുത്തയാളുടെ ഊഴമാണ്. അങ്ങനെ ഓരോരുത്തരും വരിവരിയായി നിന്നു വിശപ്പടക്കും. ഇപ്പോള്‍ ഏകദേശം നൂറോളം കാക്കകളാണ് ഭക്ഷണം കഴിക്കാനെത്തുന്നത്.
സമയം കൃത്യമാണ്. രാവിലെ എട്ടു മണിക്കാണ് എല്ലാവരും എത്തുക. രാവിലെ എത്താന്‍ പറ്റാത്തവര്‍ ഉച്ചയ്‌ക്കെത്തും. ഉച്ചയ്ക്ക് ഏകദേശം 12.30ഓടെയാണ് എല്ലാവരും ഹാജരാകും. പക്ഷെ, ഞങ്ങള്‍ എത്തിയ ദിവസം ആരെയും കണ്ടില്ല. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആരും ഇറങ്ങിവരാതിരുന്നപ്പോള്‍ കൃഷ്ണവേണി പറഞ്ഞു: ''ഇന്നിപ്പോ ഇങ്ങളെ കണ്ടിട്ടായിരിക്കും ഇങ്ങോട്ട് വരാത്തത്. അതാ ആ മാവിലുണ്ട് എല്ലാരും. ചില കുറുമ്പികള്‍ വന്ന് നോക്കിപ്പോവുന്നുണ്ട്. നിങ്ങളെ ഓര്ക്ക് പരിചയണ്ടാവൂലല്ലോ... അറിയാത്ത ആള്ക്കാരല്ലേ...''
ഇതും പറഞ്ഞ് അവര്‍ നീട്ടിവിളിച്ചു: ''മക്കളേ, ഇങ്ങോട്ട് വാ... ഓരിങ്ങളെ ഒന്നും ചെയ്യൂല... എന്നേം ഇങ്ങളെം ഫോട്ടോ എടുക്കാന്‍ വന്നോരാ...''
പറഞ്ഞത് മനസിലായെന്ന് തോന്നുന്നു... ഓരോരുത്തരായി മാവില്‍നിന്നു പറന്നിറങ്ങി വന്നു. കൃഷ്ണവേണിയുടെ കൈയില്‍നിന്നു ഗോതമ്പുപൊടി കഴിക്കുമ്പോള്‍ എല്ലാവരും ഞങ്ങളെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഗോതമ്പുപൊടിയില്ലെങ്കില്‍ തലേന്നത്തെ ചോറ് വെള്ളത്തിലിട്ടു വയ്ക്കും. അതു മീന്‍കറിയില്‍ കുഴച്ചുകൊടുക്കും. ചിലപ്പോള്‍ സ്‌നേഹപ്രകടനത്തിനായി തോളിലും മുതുകിലും കയറിയിരിക്കും. കൈയില്‍ കൊത്തിത്തിന്നാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭക്ഷണം കഴിക്കാതെ മുഖം തിരിച്ചുനില്‍ക്കും. ഇതാണ് ഓരോ ദിനവും കൃഷ്ണവേണിയുടെ വീട്ടില്‍ നടക്കുന്നത്.
ഒറ്റപ്പെടലിന്റെ വേദനയില്‍നിന്ന് കൃഷ്ണവേണിക്ക് കൂട്ടായി ഇന്നു നൂറോളം മക്കളാണുള്ളത്. ദിവസവും അവര്‍ക്കു വേണ്ടിയാണ് കൃഷ്ണവേണി ജീവിക്കുന്നതും. നൂറോളം കാക്കകള്‍, മൂന്ന് വളര്‍ത്തുനായകള്‍, രണ്ടു പൂച്ച... ഇതെല്ലാമാണ് ഇന്ന് കൃഷ്ണവേണിയുടെ ലോകം. കൂട്ടിനു മനുഷ്യനില്ലെങ്കിലും ഇവയുടെ സ്‌നേഹത്തിന്റെയും തലോടലിന്റെയും ലോകത്ത് കൃഷ്ണവേണി ഇന്ന് സന്തോഷവതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."