ശനിയാഴ്ച പ്രവൃത്തിദിനമാക്കല്‍: വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരേ അധ്യാപകര്‍
തിരൂര്‍: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അവധിയായി മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ അധ്യാപകരുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി ഇന്ന് കരിദിനാചരണവും അടുത്ത ശനിയാഴ്ച ക്ലാസ് ബഹിഷ്‌കരണവും അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ തീരുമാനം.
വര്‍ഷത്തില്‍ 235 ദിവസം പ്രവര്‍ത്തിക്കുമ്പോഴാണ് 200 പ്രവൃത്തിദിനങ്ങള്‍ തികയ്ക്കാനെന്ന പേരില്‍ നാല് ശനിയാഴ്ചകളിലെ അവധി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഹയര്‍സെക്കന്‍ഡറിയെ ഡി. പി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന് സംശയിക്കുന്നതായി ഒരുവിഭാഗം അധ്യാപകര്‍ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ അടക്കമുള്ള അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസകലണ്ടര്‍ പ്രകാരം വര്‍ഷത്തില്‍ 196 പ്രവൃത്തിദിനങ്ങളാണുള്ളത്. എന്നാലിത് ഇരുനൂറാക്കാനാണ് നാല് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമാക്കി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
ഹയര്‍സെക്കന്‍ഡറിയില്‍ ക്ലാസുകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് 4.45 വരെയാക്കി അധ്യയനസമയം ഉറപ്പാക്കിയാണ് ശനിയാഴ്ച മുന്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തെ ക്ലാസുകള്‍ തുടങ്ങി വൈകി അവസാനിപ്പിക്കുന്നതുവഴി തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലെ പ്രവൃത്തി സമയം ഉറപ്പാക്കുന്ന തരത്തിലാണ് സംവിധാനം കൊണ്ടുവന്നത്.
ഈ രീതിയില്‍ സുഗമമായി അധ്യയനം നടന്നിരുന്നു. ഇതിനിടയിലാണ് പുതിയ സര്‍ക്കാര്‍ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. ഈ നടപടി ഭരണ-പ്രതിപക്ഷ സംഘടനാ അംഗങ്ങളായ എല്ലാ അധ്യാപകരുടെയും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി പ്രവൃത്തിദിനം സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് അധ്യാപകരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."