ഉപദേശിക്കൂ..നാട്ടില്‍ നന്മ പുലരട്ടെ
വ്യക്തി നന്നായാലേ സമൂഹം നന്നാവുകയുള്ളൂ. സമൂഹം നന്നായാലേ നാട് നന്നാവൂ. നാടു നന്നായാലേ നാട്ടില്‍ നിന്നു അനീതിയും അക്രമവും ഇല്ലാതാവുകയും, സമാധാനവും സന്തുഷ്ടിയും നിലനില്‍ക്കുകയുമുള്ളൂ. അതുകൊണ്ട് ഓരോ വ്യക്തിയും താന്‍ നന്നാവുന്നതോടൊപ്പം ഇതരനും നന്നാവണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യണം. അതിനുള്ള മാര്‍ഗം ആരെങ്കിലും നല്ലതു ചെയ്യുന്നതില്‍ നിന്നു പിന്മാറുന്നതായി കണ്ടാല്‍ അവരോട് അത് ചെയ്യാന്‍ ഉപദേശിക്കലും, ആരെങ്കിലും തിന്മ ചെയ്യുന്നതായി കണ്ടാല്‍ അതില്‍ നിന്ന് അവരെ കഴിയും വിധം തടയലുമാണ്. അല്ലാഹു പറയുന്നു: ''ജനങ്ങളുടെ നന്മക്കായി ഏല്‍പ്പിക്കപ്പെട്ട ഉത്തമസമുദായമാണ് നിങ്ങള്‍. നിങ്ങള്‍ നല്ലത് കല്‍പ്പിക്കുകയും ചീത്ത വിരോധിക്കുകയും ചെയ്യുന്നു'' (വി.ഖു. 3:110). ഉത്തമസമുദായമായ മുസ്‌ലിം സമൂഹത്തിന്റെ മഹത്തായ ഒരു ലക്ഷണമാണ് നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത്. നബി (സ) പറയുന്നു: ''ആരെങ്കിലും തിന്മ പ്രവര്‍ത്തിക്കുന്നതായി നിങ്ങളിലാരെങ്കിലും കണ്ടാല്‍ അവന്റെ കൈ കൊണ്ടതിനെ തടയണം. അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ടു തടയണം. അതിനും കഴിഞ്ഞില്ലെങ്കില്‍ അവന്റെ ഹൃദയം കൊണ്ടതിനോട് വെറുക്കണം. അത് സത്യവിശ്വാസത്തില്‍ നിന്നേറ്റവും ബലം കുറഞ്ഞതാണ്''.
ജീവിതത്തിന്റെ പല മേഖലകളിലും ഇന്ന് പലവിധ തിന്മകള്‍ നടമാടുന്നത് നാം കാണുന്നുണ്ടല്ലോ. സമുദായം ഇങ്ങനെ അധ:പതിക്കാന്‍ കാരണവും അതൊക്കെ തന്നെയാണ്. നബി (സ)യോട് അവിടത്തെ സഹധര്‍മ്മിണി സൈനബ (റ) ഒരിക്കല്‍ ചോദിച്ചു: ''നമ്മില്‍ സജ്ജനങ്ങളുണ്ടാകുമ്പോള്‍ നാം നശിപ്പിക്കപ്പെടുമോ?''. നബി (സ)യുടെ പ്രത്യുത്തരം: ''അതെ, ദുര്‍വൃത്തികള്‍ അധികമായാല്‍'' എന്നായിരുന്നു (ബുഖാരി, മുസ്‌ലിം). ''നിങ്ങള്‍ വഴികളിലിരിക്കരുത്'' എന്ന് ഒരിക്കല്‍ നബി (സ) സഹാബികളോട് പറഞ്ഞു. അവര്‍ മറുപടി പറഞ്ഞു: ''ജനങ്ങള്‍ക്ക് പല വര്‍ത്തമാനങ്ങളും പറയാനുള്ളതുകൊണ്ട് അവിടെയിരിക്കല്‍ അത്യാവശ്യമാണ്''.
നബി (സ): ''അങ്ങനെയെങ്കില്‍ നിങ്ങള്‍ വഴിയുടെ അവകാശം കൊടുക്കണം''. സഹാബാക്കള്‍: ''എന്താണവകാശം?'' നബി (സ): ''ഹറാമില്‍ നിന്ന് ദൃഷ്ടികളെ തിരിക്കുക, വഴിയില്‍ വിഷമമുണ്ടാക്കുന്നവയെ മാറ്റിയിടുക, സലാം മടക്കുക, നന്മ ഉപദേശിക്കുക, തിന്മയെ വെടിയുക'' (ബുഖാരി, മുസ്‌ലിം). സദുപദേശം നല്‍കാത്ത ഒരു സമൂഹവും നിലനിന്നിട്ടില്ല. തിന്മകള്‍ കണ്ടാല്‍ കണ്ണടക്കുന്നത് മനുഷ്യത്വപരമല്ല. നന്മതിന്മകള്‍ വാചികമായും പ്രവര്‍ത്തിപരമായും പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ കടമപ്പെട്ടിരിക്കുന്നു. വിശുദ്ധ റമസാന്‍ സദുപദേശങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം ഉള്ള മാസമാണ്. ഇസ്‌ലാമിക പ്രഭാഷകര്‍ ഇക്കാലത്തും കാലികമായി കണക്കാക്കേണ്ടതും ഇത്തരം കാര്യങ്ങളാണെന്ന് തോന്നുന്നു. നന്മക്ക് വേണ്ടി ഏതറ്റംവരെ പോകാനും നന്മകള്‍ പുലരാനാഗ്രഹിക്കുന്നവര്‍ തയ്യാറാവണം.
(എസ്.കെ.ജെ.എം നീലഗിരി ജില്ലാ ട്രഷററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."