കാട്ടുതേന്‍ വിളവെടുപ്പ്: അല്ലലൊഴിഞ്ഞ ആശ്വാസത്തില്‍ കാട്ടുനായ്ക്ക കുടുംബങ്ങള്‍
കല്‍പ്പറ്റ: കാട്ടുതേന്‍ വിളവെടുപ്പ് തുടങ്ങിയതോടെ വയനാട്ടിലെ കാട്ടുനായ്ക്ക കുടുംബങ്ങളില്‍ തല്‍കാലത്തേക്കെങ്കിലും അല്ലലൊഴിഞ്ഞതിന്റെ ആശ്വാസം. വനത്തിലടക്കം വന്‍മരങ്ങളിലും കെട്ടിടങ്ങളുടെ മൂലകളിലും മണ്‍പുറ്റുകളിലുമുള്ള തേനീച്ചക്കൂടുകളില്‍നിന്നു ശേഖരിക്കുന്ന തേന്‍ പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്കും മുത്തങ്ങ ഹണി എക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിക്കും വില്‍പ്പന നടത്തി കൈനിറയെ സമ്പാദിക്കുകയാണ് പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കര്‍.
വാനംമുട്ടി നില്‍ക്കുന്ന വന്‍മരങ്ങളില്‍ കയറി കൂടുകളില്‍നിന്നു ഈച്ചകള്‍ക്ക് ഹാനി വരുത്താതെ തേന്‍ ശേഖരിക്കാന്‍ പ്രത്യേക വൈഭവമാണ് കാട്ടുനായ്ക്കര്‍ക്ക്. ഏപ്രിലില്‍ ആരംഭിച്ച് സെപ്തംബറില്‍ അവസാനിക്കുന്നതാണ് വയനാട്ടിലെ തേന്‍കാലം. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് പ്രധാനമായും വിളവെടുപ്പ്. വന്‍തേന്‍, ചെറുതേന്‍, കൊമ്പുതേന്‍, പുറ്റുതേന്‍ എന്നിങ്ങനെ നാലിനം തേനാണ് ജില്ലയില്‍ കാട്ടിലും നാട്ടിലുമായി വിളയുന്നത്. വന്‍തേനീച്ചകള്‍ കൂറ്റന്‍ മരങ്ങള്‍ക്കു പുറമേ വനാതിര്‍ത്തികളിലുള്ള കെട്ടിടങ്ങളിലും കൂടൊരുക്കാറുണ്ട്. ഇടത്തരം വൃക്ഷങ്ങളുടെ കൊമ്പുകളിലാണ് കൊമ്പുതേനീച്ച കൂടുകൂട്ടുന്നത്.
ചെറുതേനീച്ചകള്‍ മരപ്പൊത്തുകളിലും പുറ്റുതേനീച്ചകള്‍ മണ്‍പുറ്റുകളിലുമാണ് അടകളില്‍ തേന്‍ വിളയിക്കുന്നത്. തേന്‍ ഇനങ്ങളില്‍ ചെറുതേനിനാണ് കൂടുതല്‍ ഔഷധമൂല്യം. വിപണികളില്‍ ഏറ്റവും പ്രിയവും ഈയിനത്തിനാണ്. തേന്‍ ഉല്‍പാദനത്തിനു പ്രസിദ്ധമാണ് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ച്. ഇവിടെ ഉള്‍വനങ്ങളിലടക്കം താന്നി, കരിമരുത്, വെണ്ടേക്ക് തുടങ്ങിയ ഇനം മരങ്ങളിലാണ് തേനീച്ചക്കൂടുകളില്‍ അധികവും. വേനല്‍മഴ ആവശ്യത്തിനു ലഭിച്ചതും വൃക്ഷങ്ങള്‍ പൂത്തതും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തേന്‍ ഉല്‍പാദനം വര്‍ധിക്കുന്നതിനും കാരണമായി. കഴിഞ്ഞ വര്‍ഷം മുത്തങ്ങ ഹണി ഇക്കോ ഡലവപ്പ്‌മെന്റ് കമ്മിറ്റി 2016 കിലോ തേനാണ് ആകെ സംഭരിച്ചത്.
എന്നാല്‍ ഈ വര്‍ഷം ജൂണ്‍ രണ്ടാം വാരംവരെ 4571 കിലോ സംഭരിച്ചു. മുത്തങ്ങയിലേതിനു പുറമേ കല്ലൂര്‍, പുല്‍പ്പള്ളി, അപ്പപ്പാറ എന്നിവിടങ്ങളിലെ പട്ടികവര്‍ഗ സഹകരണ സംഘങ്ങളും ആദിവാസികളില്‍നിന്നു തേന്‍ വാങ്ങുന്നുണ്ട്.
ഇക്കോ ഡലവപ്പമെന്റ് കമ്മിറ്റിയിലും പട്ടികവര്‍ഗ സഹകരണ സംഘങ്ങളിലും അംഗങ്ങളായ ആദിവാസികളാണ് വനത്തില്‍നിന്നു തേന്‍ ശേഖരിക്കുന്നതില്‍ ഏറെയും. ചെറുകിട വന വിഭവമായ തേന്‍ ശേഖരിക്കുന്നതില്‍ വനാശ്രിത ജീവിതം നയിക്കുന്ന ആദിവാസികള്‍ക്ക് നിയമപരമായ അവകാശമുണ്ട്. മുത്തങ്ങയില്‍ കിലോഗ്രാമിനു 275 രൂപ വില നല്‍കിയാണ് ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റി തേന്‍ ശേഖരിക്കുന്നത്.
വൈല്‍ഡ് ഗോള്‍ഡ് എന്ന ബ്രാന്‍ഡിലാണ് വില്‍പ്പന. തേന്‍ ഇനങ്ങളുടെ വ്യത്യാസം അനുസരിച്ച് 500 രൂപ മുതല്‍ 600 രൂപ വരെയാണ് വില.
പുറ്റുതേനാണ് ജില്ലയില്‍ ഏറ്റവും ഒടുവില്‍ വിളവെടുപ്പിനു പാകമാകുന്നത്.
സെപ്തംബര്‍ അവസാനം വരെ നീളുന്നതാണ് പുറ്റുതേന്‍ വിളവെടുപ്പുകാലം. ലിറ്റര്‍ കണക്കിനു തേന്‍ ചുരത്തുന്നതാണ് വന്‍ മരങ്ങളിലെ തേനീച്ചക്കൂടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."