കുറ്റ്യാടി കനാല്‍ അറ്റകുറ്റപ്പണി നടത്തും; കോരപ്പുഴ അഴിമുഖം ആഴംകൂട്ടും: മന്ത്രി
ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു
കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ പല ഭാഗങ്ങളിലായി എട്ട് കിലോമീറ്ററില്‍ 7.15 കോടി രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തുമെന്നും കോരപ്പുഴ അഴിമുഖം മുതല്‍ 1700 മീറ്റര്‍ നീളത്തില്‍ ആഴം കൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ധനവകുപ്പുമായി ബന്ധപ്പെട്ട് ഇതിന്റെ നടപടി വേഗത്തിലാക്കാന്‍ മന്ത്രി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
കോണ്‍ക്രീറ്റ് ലൈനിംഗ് നടത്തി കനാലിലെ കേടുപാടുകള്‍ പരിഹരിക്കും. 602.54 കിലോ മീറ്റര്‍ നീളത്തിലുള്ള കുറ്റ്യാടി പദ്ധതിയില്‍ 10 ബ്രാഞ്ച് കനാലുകളില്‍ പയ്യോളി, കൊയിലാണ്ടി നഗരസഭകള്‍, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകളില്‍ വെള്ളം എത്തിക്കുന്ന ഇരിങ്ങല്‍ ബ്രാഞ്ച് കനാലിലാണ് ഏറ്റവും മോശപ്പെട്ട അവസ്ഥയുള്ളത്. ഇത്തവണ 10 കിലോമീറ്റര്‍ ദൂരം കൂടുതല്‍ വെള്ളമെത്തിക്കാന്‍ കഴിഞ്ഞിരുന്നു. അറ്റകുറ്റപ്പണി നടത്തിയാല്‍ കൂടുതല്‍ ദൂരം വെള്ളം എത്തിക്കാന്‍ കഴിയും.
കോരപ്പുഴ അഴിമുഖത്ത് രൂപപ്പെട്ട ഭീമമായ മണല്‍പാളി കാരണം പുഴയിലേക്ക് നീരൊഴുക്ക് കുറയുകയും ചെളിയും മാലിന്യങ്ങളും അടിഞ്ഞ് അഴിമുഖം മുതല്‍ റെയില്‍പാലം വരെ തുരുത്തുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിനാല്‍ ഇരുനൂറോളം വരുന്ന ഊന്നുവല തൊഴിലാളികള്‍, ആയിരത്തോളം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ തൊഴില്‍ പ്രതിസന്ധി നേരിടുകയുമാണ്. പുഴയില്‍ 1200 മീറ്റര്‍ നീളത്തില്‍ വകുപ്പിന്റെ ഡ്രെഡ്ജര്‍ ഉപയോഗിച്ച് 50 മീറ്റര്‍ വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലും അഴിമുഖത്തോട് ചേര്‍ന്ന് 500 മീറ്റര്‍ നീളത്തില്‍ സാന്‍ഡ് പമ്പ് ഉപയോഗിച്ച് 50 മീറ്റര്‍ വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലും ചളി നീക്കുന്നതിനുള്ള 3.75 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ അടിയന്തര നടപടിക്കും മന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ എം.എല്‍.എമാരായ കെ. ദാസന്‍, എ.കെ ശശീന്ദ്രന്‍, കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. രാമചന്ദ്രന്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."