ആഘോഷനഗരിയില്‍ കൗതുകമുണര്‍ത്തി ചരിത്ര-പുരാരേഖാ പ്രദര്‍ശനം
കാസര്‍കോട്: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പുരാരേഖാ പ്രദര്‍ശനം പുതുതലമുറയക്ക് നവ്യാനുഭവമായി. കേരളീയ സമൂഹത്തിന്റെ ഇന്നലകളിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഈ പ്രദര്‍ശനം. 1936ല്‍ കേരളത്തില്‍ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍, അയിത്തോച്ചാടന സമരങ്ങള്‍, സവര്‍ണമേധാവിത്വത്തിനെതിരേ നടന്ന സമരങ്ങള്‍, മനുഷ്യനായി പരിഗണിക്കുന്നതിനും അവകാശ സംരക്ഷണത്തിനുമായി നടന്ന പോരാട്ടങ്ങള്‍ എന്നിവയെ കുറിച്ച് പുതുതലമുറയ്ക്ക് അറിവുപകരുകയുമാണ് പ്രദര്‍ശനം കൊണ്ടുദ്ദേശിക്കുന്നത്.
പുതുതലമുറയ്ക്ക് അവിശ്വസനീയമാംവിധം കേരളീയസാമൂഹിക ക്രമത്തില്‍ പാലിച്ചിരുന്ന ദുരാചാരങ്ങളില്‍നിന്നു നാമെത്ര മുന്നേറിയിരിക്കുന്നു എന്നതിനുള്ള ചൂണ്ടുപലകയായി മനസില്‍തങ്ങും വിധമാണ് ഓരോ ചരിത്രസന്ധികളെയും പ്രദര്‍ശനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ജാതിശ്രേണികള്‍, അസമത്വം, അമ്പലങ്ങളിലെ പ്രവേശന വിലക്ക് എന്നിങ്ങനെ അനാചാരങ്ങള്‍ കൊണ്ട് ഇരുള്‍മൂടിയ കാലഘട്ടമായിരുന്നു നിലനിന്നിരുന്നത്.
കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ നിര്‍ണാകമായ വഴിത്തിരിവ് സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ശ്രീചിത്തിര തിരുനാള്‍ പുറപ്പെടുവിച്ച 1936 നവംബര്‍ 12ലെ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ രേഖകളും പ്രദര്‍ശനത്തിലുണ്ട്. ജാതിശ്രേണിയിലെ കീഴാളാര്‍ക്ക് മീശ വെക്കാന്‍ പോലും അനുവാദമില്ലായിരുന്നു. പിന്നീട് 1814 മുതലാണ് മീശനികുതി നിര്‍ത്തലാക്കിയതെന്ന ചരിത്ര വസ്തുത കൗതുകം ഉളവാക്കുന്നു.
പശു പ്രസവിച്ചാല്‍ പോലും അവകാശി നാട്ടിലെ പ്രമാണിയായിരുന്നു. അടിമക്കച്ചവടം നിര്‍ത്തലാക്കി ഉത്തരവിറങ്ങിയത് 1865ലാണെന്ന രേഖ പറയുന്നു. ഈഴവ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുള്ള അനുമതി, വീട് ഓട് മേയാനുള്ള അനുമതി, പന്തിഭോജനം കൂടാതെ വിവിധ സാമൂഹിക അനാചാരങ്ങള്‍ നിര്‍ത്തലാക്കിയതായുള്ള ഭരണാധികാരികളുടെ ഉത്തരവുകള്‍ തുടങ്ങിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. കേരളീയ സമൂഹം കടന്നുവന്ന വിവിധ ചരിത്ര സന്ദര്‍ഭങ്ങളെ കൃത്യമായി വരച്ചു കാട്ടുന്ന പ്രദര്‍ശനം നവോത്ഥാനത്തിന്റെ ഊര്‍ജവും ആവേശവും കാണികളുടെ മനസ്സില്‍ സന്നിവേശിപ്പിക്കുന്നു. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പുരാരേഖാ പ്രദര്‍ശനം.
പ്രദര്‍ശനം നാളെ വൈകീട്ട് സമാപിക്കും. കേരള നവോത്ഥാനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവും കാണികളില്‍ കൗതുകമുണര്‍ത്തി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."