ശബരിമലയിലെ തൊഴിലാളി സമരം ഒത്തുതീര്‍ത്തു
പത്തനംതിട്ട: ശബരിമലയില്‍ രണ്ടാഴ്ചയായി തുടര്‍ന്ന തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. കരാറുകാരും തൊഴിലാളി സംഘടനകളും തമ്മില്‍ ജില്ലാ ലേബര്‍ ഓഫിസില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ധാരണയിലെത്തിയത്.
ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയരായ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താമെന്ന് ദേവസ്വം ബോര്‍ഡും കരാറുകാരും സമ്മതിച്ചതോടെയാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്. ഇതേതുടര്‍ന്ന് ഏതാനും ദിവസങ്ങളായി നിലച്ച ചരക്കുനീക്കവും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്നലെ വൈകിട്ടോടെ പുനരാരംഭിച്ചു. പത്തനംതിട്ട ലേബര്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഓഫിസര്‍ ഗോപകുമാര്‍ മുന്നോട്ടുവച്ച അഭിപ്രായം എല്ലാവരും അംഗീകരിക്കുകയായിരുന്നു. നിലവില്‍ ശബരിമലയിലുള്ള കൂലിയാവും ഇവര്‍ക്കും കിട്ടുക. കൂലി സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉന്നയിക്കില്ലെന്ന് തൊഴിലാളികള്‍ ഉറപ്പുനല്‍കി.
നോക്കുകൂലി ചോദിച്ചിട്ടില്ലന്നും അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. അതേസമയം വൈദഗ്ധ്യം വേണ്ട തൊഴിലുകള്‍ കരാറുകാരന്‍ നിശ്ചയിച്ചവര്‍ തന്നെ ചെയ്യും. അതിന് തടസം നില്‍ക്കരുതെന്ന ബോര്‍ഡിന്റെയും കരാറുകാരുടെയും ആവശ്യവും തൊഴിലാളികള്‍ അംഗീകരിച്ചു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി 250 പേര്‍ക്കാണ് തൊഴില്‍ കിട്ടുകയെന്ന് ലേബര്‍ ഓഫിസര്‍ പറഞ്ഞു. എന്നാല്‍ ട്രാക്ടറില്‍ സാധനം കയറ്റുന്ന ജോലികള്‍ സംബന്ധിച്ച് തീരുമാനമായില്ല. ട്രാക്ടര്‍ കരാര്‍ എടുത്തിരിക്കുന്നവരെ യോഗത്തിന് വിളിച്ചിരുന്നില്ല.
ഇത് പിന്നീട് തീരുമാനിക്കും. സന്നിധാനത്തെ വഴിപാട് സാമഗ്രികള്‍, പൂജാസാധനങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതിന് ഒരു തരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവും അംഗീകരിക്കപ്പെട്ടു. ഇതുസംബന്ധിച്ച് വേണമെങ്കില്‍ പിന്നീട് ചര്‍ച്ച നടത്താനും ധാരണയായി.
നിര്‍മാണപ്രവര്‍ത്തനത്തില്‍ കരാര്‍ തൊഴിലാളികള്‍ക്കൊപ്പം പ്രാദേശിക തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടിയുവിന്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. പിന്നീട് മറ്റു തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ നല്‍കുകയായിരുന്നു. നിറപുത്തരിക്കായി നട തുറക്കാനിരിക്കെയാണ് സമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."