എ.ആര്‍ ക്യാംപ് ആത്മഹത്യ; ഏഴ് പൊലിസുകാര്‍ കീഴടങ്ങി
ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റവും
പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാംപില്‍ പൊലിസുകാരനായ കുമാര്‍ ജീവനൊടുക്കിയ കേസിലെ പ്രതികളായ ഏഴ് പൊലിസുകാര്‍ കീഴടങ്ങി. എന്‍.റഫീഖ്, എം.മുഹമ്മദ് ആസാദ്, എസ്.ശ്രീജിത്ത്, കെ.വൈശാഖ്, വി.ജയേഷ്, കെ.സി മഹേഷ്, പ്രതാപന്‍ എന്നിവരാണ് കീഴടങ്ങിയത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പിക്ക് മുന്നിലാണ് ഇന്നലെ രാവിലെ ഇവര്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. അതിനിടെ കീഴടങ്ങിയ പൊലിസുകാരെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചത് ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു.
അട്ടപ്പാടി കുന്നന്‍ചാള സ്വദേശിയും പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാംപിലെ പൊലിസുകാരനുമായ കുമാറിനെ ജൂലൈ 25നാണ് ലക്കിടി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷൊര്‍ണൂര്‍ പൊലിസാണ് ആദ്യം അന്വേഷണം നടത്തിയത്. അതിനിടെയാണ് മരണത്തിനു പിന്നില്‍ ജാതിവിവേചനമാണെന്ന ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയത്. സംഭവത്തില്‍ ക്യാംപിലെ ഏഴു പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറുകയുമായിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുമാറിനെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഭാര്യ സജിനി ആരോപിച്ചിരുന്നു.
ഇതിനിടെ അറസ്റ്റിലായ പൊലിസുകാരെ വൈദ്യ പരിശോധനക്കായി കറുത്ത മുഖംമൂടി ധരിപ്പിച്ചാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇത് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലിസുകാര്‍ ബലം പ്രയോഗിച്ച് തള്ളിമാറ്റുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ കാമറയും മറ്റും തട്ടിത്തെറിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."