ഡെങ്കിപ്പനി: നീലേശ്വരത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
നീലേശ്വരം: നഗരസഭാ പരിധിയിലെ കരുവാച്ചേരിയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നീലേശ്വരം താലൂക്കാശുപത്രിയുടെ അടിയന്തിര മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. താലൂക്കാശുപത്രിയില്‍ മഴയെ തുടര്‍ന്നുണ്ടായ രോഗികളുടെ എണ്ണം അനിയന്ത്രിതമാകുന്നത് കണക്കിലെടുത്ത് ആവശ്യമായ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താന്‍ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനു വിവിധ തലങ്ങളില്‍ പ്രചാരണം നടത്തുന്നതിന് എച്ച്.എം.സി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിദ്യാലയങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കായി ഏകദിന ആരോഗ്യ പരിശീലന തീവ്ര പരിപാടി 27നു താലൂക്ക് ആശുപത്രിയില്‍ നടത്താന്‍ തീരുമാനിച്ചു.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. നീലേശ്വരം നഗരസഭാ പരിധിയിലെ എട്ടാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളും യോഗം ചേര്‍ന്നു വാര്‍ഡു തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു.
വെള്ളം കെട്ടിക്കിടക്കുന്നതു മഴക്കാല രോഗത്തിനിടയാക്കുമെന്നു കണ്ടെത്തിയ കരുവാച്ചേരി, തോട്ടുംപുറം, ഉച്ചൂളിക്കുതിര്, കൊയാമ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ 21നു വൈകുന്നേരം ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊതുക് സാന്ദ്രതാ പഠനം നടത്തും. ഈ പ്രദേശങ്ങളില്‍ ഫോഗിങ് ചെയ്യാനും തീരുമാനമായി.
അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നീ വിഭാഗങ്ങളിലായി നഗരസഭാ പരിധിയില്‍ ആവശ്യമായ ഒന്‍പതു സ്ഥലങ്ങളിലായി അടുത്ത ദിവസങ്ങളില്‍ തന്നെ മെഡിക്കല്‍ ക്യാംപുകള്‍ നടത്താന്‍ തീരുമാനിച്ചു. അടിയന്തിര എച്ച്.എം.സി യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ അധ്യക്ഷനായി.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ വിശദാംശങ്ങള്‍ സമര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, അംഗങ്ങളായ കെ. രാഘവന്‍, പി. വിജയകുമാര്‍, ജോണ്‍ ഐമണ്‍, ഐ.വി വിമല്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ജമാല്‍ അഹമ്മദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഡി.കെ ശംഭു എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."