ഭയത്തെ കൊന്നില്ലെങ്കില്‍ ഭയം കൊല്ലും
എലി പുലിയോടു പറഞ്ഞു: ''എനിക്കൊരു കാര്യം പറയാനുണ്ട്. അനുവദിക്കുമോ...?''
''പറഞ്ഞോളൂ, എന്താ കാര്യം..?'' പുലി.
''പറഞ്ഞാല്‍ എന്നെ മര്‍ദിക്കില്ലെന്ന് ഉറപ്പു തരണം..''
''ഇല്ല, ഒന്നും ചെയ്യില്ല.''
എലി പറഞ്ഞു: ''എനിക്ക് നിങ്ങളെ വകവരുത്താന്‍ കഴിയും..!''
''എലിയായ നീ പുലിയായ എന്നെ വകവരുത്തുകയോ..?''
''അതെ, ഞാന്‍ വകവരുത്തുമെന്നു തന്നെ...''
''ജീവിതത്തില്‍ ഞാന്‍ കേട്ട ഏറ്റവും വലിയ ഫലിതമായിപ്പോയല്ലോ അത്..''
''നിങ്ങളെന്തും പറഞ്ഞോളൂ.. ഒരു മാസത്തെ കാലാവധി തന്നാല്‍ മതി..''
പുലി പൊട്ടിച്ചിരിച്ചു. ചിരിയടക്കി എലിയോടു പറഞ്ഞു: ''ഒരു മാസം അവധി തരാം. പക്ഷെ, ഒരു മാസം തന്നിട്ട് എന്നെ കൊന്നില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും.. വ്യവസ്ഥ സ്വീകാര്യമാണോ..?''
''തീര്‍ച്ചയായും..''
ദിവസങ്ങള്‍ കഴിഞ്ഞുകടന്നു. ഒരാഴ്ച പുലിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. സാധാരണപോലെ വേട്ടയാടിയും സുഹൃത്തുക്കളോടൊപ്പം സന്തോഷങ്ങള്‍ പങ്കിട്ടും കഴിഞ്ഞു കൂടി. എലി തന്നെ വകവരുത്തുന്ന സ്വപ്നങ്ങള്‍ ഇടക്കിടെ മനസില്‍ കാണും. എന്നാലും, അതത്ര ഗൗരവത്തിലെടുക്കില്ല. രണ്ടാമത്തെ ആഴ്ചയായപ്പോള്‍ കൊച്ചുകൊച്ചു ഭയങ്ങള്‍ മനസിലേക്ക് ചേക്കാറാന്‍ തുടങ്ങി. മൂന്നാമത്തെ ആഴ്ച ഭയത്തിനു ശക്തി കൂടി. എലി തന്നെ ശരിക്കും വകവരുത്തിയാലോ, എലിക്ക് അങ്ങനെ വല്ല സിദ്ധിയും ഒളിഞ്ഞുകിടപ്പുണ്ടോ എന്നൊക്കെയായി പിന്നീടുള്ള ചിന്ത. ഒരു മാസത്തെ അവധിയാണല്ലോ എലി ചോദിച്ചത്. ആഴ്ച നാലാമത്തേതായപ്പോള്‍ പുലിയുടെ ആത്മാവിശ്വാസമെല്ലാം ചോര്‍ന്നൊലിച്ചു. കൂട്ടില്‍നിന്ന് പുറത്തിറങ്ങാതെയായി. അടിമുടി ഭയം ഗ്രസിച്ചപോലെ..
നിശ്ചിത ദിവസമെത്തിയപ്പോള്‍ എലി മറ്റു മൃഗങ്ങളെയും കൂട്ടി പുലിയെ നേരിടാനായി ചെന്നു. പക്ഷെ, നേരിടാന്‍ പുലിയുണ്ടായിരുന്നില്ല. ജീവശ്വാസം നിലച്ച് കൂട്ടില്‍ കിടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
എലി കൂടെയുള്ളവരോടു പറഞ്ഞു: ''പുലിയെ നമുക്ക് കൊല്ലേണ്ടി വന്നില്ല. പുലിയുടെ ഭയം തന്നെ പുലിയെ വകവരുത്തിയിരിക്കുന്നു.''
ശിക്ഷയല്ല, ശിക്ഷാഭയമാണു ശിക്ഷ. ദാരിദ്ര്യം ഭയന്ന് ജീവിക്കുന്നവന്‍ ദാരിദ്ര്യത്തില്‍ തന്നെയാണു ജീവിക്കുന്നത്. ദുരന്തമെത്തുന്നതല്ല പ്രശ്‌നം, ദുരന്തമെത്തുമോ എന്ന ഭയമാണു പ്രശ്‌നം. ആ ഭയമാണ് ഏറ്റവും വലിയ ദുരന്തം.
ഭയത്തെ മാത്രമേ ഭയക്കേണ്ടതുള്ളൂ എന്നു പറയാറുണ്ട്. ഭയമല്ലാത്തതൊന്നും വിഷയമേയല്ല. ഭയം കയറിയാല്‍ ഭാവിപോലും തകിടം മറിയും. മനുഷ്യന്റെ ഏറ്റവും ചീത്ത ഉപദേഷ്ടാവാണ് ഭയം. ഭയം സൃഷ്ടിച്ചുതരുന്ന ചിന്തകള്‍ വിശ്വസിച്ചാല്‍ ഒരു പദ്ധതിയും നടക്കില്ല. സ്വപ്നങ്ങളെ അസംഭവ്യകാര്യങ്ങളാക്കി മാറ്റുന്നത് പരാജയഭീതിയല്ലാതെ മറ്റൊന്നുമല്ലെന്ന് ഒരു ചിന്തകന്‍. ദുരന്തഭയമാണ് ദുരന്തത്തെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.
ധീരതയെന്നാല്‍ ഭയമില്ലാതിരിക്കുന്നതിന്റെ പേരല്ല, ഭയത്തെ കീഴടക്കാന്‍ കഴിയുന്നതിന്റെ പേരാണ്. ഒന്നും ഭയക്കേണ്ടതില്ല. ഭയം പരിഹാരവുമല്ല. ഭയക്കുമ്പോഴാണ് ഭയക്കുന്നതു സംഭവിക്കുക.
ഭയന്നതുകൊണ്ട് മരിക്കാതിരിക്കില്ല. എന്നാല്‍ ജീവിക്കാന്‍ പ്രയാസപ്പെടേണ്ടി വരും. ഇടിക്കുമോ തട്ടുമോ എന്ന ഭയാശങ്കയുമായി ഒരാള്‍ ഡ്രൈവ് ചെയ്യുന്നുവെന്നു കരുതുക. അവിടെ അയാള്‍ അപകടത്തില്‍ പെടാനാണു സാധ്യത. നേരെ മറിച്ച് ആ വിധ ചിന്തകളൊന്നുമില്ലാതെ ഡ്രൈവ് ചെയ്യുന്നുവെങ്കില്‍ സുരക്ഷിതമായി ലക്ഷ്യത്തിലെത്താനാണു സാധ്യത.
പേടിപ്പിച്ച് പഠിപ്പിക്കുന്ന അധ്യാപകരുണ്ട്. അതില്‍ താല്‍ക്കാലിക വിജയം മാത്രമേ കാണൂ. പേടിയോടെ പഠിച്ചാല്‍ തലയില്‍ കയറാന്‍ സമയമെടുക്കും. അങ്ങനെ വല്ലതും പഠിച്ചാല്‍ തന്നെ ഉടന്‍ മറന്നുപോകാനും സാധ്യതയേറെയാണ്.
താന്‍ ഭയക്കുന്നതിനെ ആരും സ്‌നേഹിക്കുന്നില്ലെന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പേടിസ്വപ്നമായ അധ്യാപകനോട് വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹം തോന്നാനിടയില്ല. തിന്മയെ ഭയക്കുന്നവര്‍ക്ക് തിന്മയെ സ്‌നേഹിക്കാന്‍ കഴിയില്ല. ദൈവത്തെ ഭയക്കണമെന്നു പറയുമ്പോള്‍ പോലും അതിന്റെ അര്‍ഥം അവന്റെ ശിക്ഷയെയും അവനോടു കാണിക്കുന്ന അപമര്യാദയെയും ഭയക്കണമെന്നാണ്. ദൈവത്തെ സ്‌നേക്കുകയാണു വേണ്ടത്. അവന്റെ ശിക്ഷ ഭയക്കുകയും വേണം. ശിക്ഷാഭയം ഉണ്ടാകുമ്പോഴാണ് ശിക്ഷയെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയുക. സ്‌നേഹിക്കാത്തത് പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ല. അവന്റെ ശിക്ഷയെ വെറുക്കുന്നവന്‍ ശിക്ഷാകാരണങ്ങളെയും വെറുക്കും.
ഭയത്തെ കീഴടക്കാനുള്ള മാര്‍ഗം ഭയക്കുന്നതിനെ നേരിടുക എന്നതുതന്നെ. പിന്‍മാറല്‍ ഭീരുത്വമാണ്. പരീക്ഷാ പേടിയുണ്ടെങ്കില്‍ പേടിക്കുന്ന ആ പരീക്ഷയെ ധീരതയോടെ നേരിടാന്‍ തന്നെ ഒരുങ്ങുക. പേടിമൂലം പിന്‍മാറിയാല്‍ പരാജയമായിരിക്കും ഫലം. പേടിച്ചുകഴിഞ്ഞാല്‍ ഏതു പുലിയും എലിയെക്കാള്‍ ചെറുതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."