സമസ്തയുടെ ഇടപെടല്‍; മതവിരുദ്ധത പ്രചരിപ്പിക്കുന്ന മാഗസിന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പിന്‍വലിച്ചു
തേഞ്ഞിപ്പലം: മതനിന്ദ നടത്തുന്ന കവിതയും ലേഖനങ്ങളും ഉള്‍പ്പെടുത്തിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ മാഗസിന്‍ പിന്‍വലിച്ചു. സമസ്തയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. സമസ്ത കേരള എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറിയെ ബന്ധപ്പെട്ടവര്‍ അറിയിച്ചതാണ് ഇക്കാര്യം.
എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയനാണ് മാഗസിന്‍ പുറത്തിറക്കിയത്. എ.എം ശ്യാം മോഹനാണ് മാഗസിന്‍ എഡിറ്റര്‍. 'പോസ്റ്റ് ട്രൂത്ത്' എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ ഇസ്‌ലാമിക ആചാരങ്ങളെ പരസ്യമായി അവഹേളിക്കുന്നുണ്ട്. 'മൂടുപടം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിത മുസ്‌ലിം സ്ത്രീകളുടെ മതപരമായ വേഷവിധാനത്തെയും വിശ്വാസത്തെയും പരിഹസിക്കുന്നതാണ്. നിഖാബ് ധരിച്ച സ്ത്രീയുടെ ചിത്രം സഹിതമുള്ള കവിതയില്‍ സ്ത്രീകളെ മോശമായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നു.
ആലയങ്ങള്‍ എന്ന കവിതയില്‍ ആരാധനാലയങ്ങളെയാണ് നിന്ദിക്കുന്നത്. ആരാധനാലയങ്ങളെ തൊഴുത്തിനോടും കക്കൂസിനോടും ഉപമിക്കുന്ന വരികള്‍ മുഴുവന്‍ മതവിശ്വാസത്തേയും വെല്ലു വിളിക്കുന്നതാണ്.എം.എ ഫോക്‌ലോര്‍ വിദ്യാര്‍ഥി ആദര്‍ശാണ് ഇതെഴുതിയിരിക്കുന്നത്.
കൂടാതെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി എം.പി, ശബരിമല അയ്യപ്പസ്വാമി, മാതാ അമൃതാനന്ദമയി എന്നിവരെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും മാഗസിനിലുണ്ടെന്നാണ് വിവരം.
14 അംഗ മാഗസിന്‍ സമിതിക്കൊപ്പം എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ഭാരവാഹികളും അധ്യാപകരായ ഡോ.ആര്‍.വി.എം ദിവാകരന്‍ (സ്റ്റാഫ് എഡിറ്റര്‍), ഡോ.പി.ജെ ഹെര്‍മന്‍ എന്നിവരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വിവാദ മാഗസിന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."