ബാഴ്‌സക്ക് തോല്‍വി; ലിവര്‍പൂളിന് ജയം
കാംപ്നൗ: ലാലിഗയില്‍ ബാഴ്‌സലോണക്ക് തോല്‍വി. റയല്‍ ബെറ്റിസിനോട് 4-3 എന്ന സ്‌കോറിനാണ് ബാഴ്‌സലോണ പരാജയപ്പെട്ടത്. പരുക്ക് മാറിയ സൂപ്പര്‍ താരം മെസ്സി കളത്തിലിറങ്ങിയെങ്കിലും ബാഴ്‌സക്ക് ജയം കണ്ടെത്താനായില്ല. 20-ാം മിനുട്ടില്‍ ബെറ്റിസ് താരം ജൂനിയര്‍ ഫിര്‍പോയാണ് ആദ്യ ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ ബാഴ്‌സയുടെ താളം കൈവിട്ടു. ആദ്യ ഗോളിന്റെ ഞെട്ടല്‍മാറും മുന്‍പ് ബെറ്റിസിന്റെ രണ്ടാം ഗോളും വന്നു. 34-ാം മിനുട്ടില്‍ ജോക്വിനാണ് ബെറ്റിസന്റെ രണ്ടാം ഗോള്‍ നേടിയത്. 68-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലയണല്‍ മെസ്സി ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി. എന്നാല്‍ അധികം വൈകും മുമ്പ് 71-ാം മിനുട്ടില്‍ ബെറ്റിസ് ജിയോവാനി സെല്‍സയിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങിയ വിദാര്‍ 79-ാം മിനുട്ടില്‍ ബാഴ്‌സയുടെ രണ്ടാം ഗോള്‍നേടിയതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി. എന്നാല്‍ 83-ാം മിനുട്ടില്‍ ബെറ്റിസിന്റെ നാലാം ഗോളും പിറന്നു. കനാലെസിന്റെ വകയായിരുന്നു ബെറ്റിസിന്റെ നാലാം ഗോള്‍. ഇഞ്ചുറി ടൈമില്‍ മെസ്സി ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടി. മറ്റുമത്സരങ്ങളില്‍ അലാവെസ് 2-1 എന്ന സ്‌കോറിന് ഹുയെസ്‌കയെ പരാജയപ്പെടുത്തി. ജിറോണയും ലഗാനസും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ലിവര്‍പൂളിന് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ടീമുകളായ ലിവര്‍പൂളിനും ടോട്ടനത്തിനും ജയം. ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ പരാജയപ്പെടുത്തിയപ്പോള്‍ ക്രിസ്റ്റല്‍ പാലസിനെ ഒരു ഗോളിനാണ് ടോട്ടനം തോല്‍പ്പിച്ചത്. ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ലിവര്‍പൂള്‍ ഇരു പകുതിയിലും ഓരോ ഗോള്‍ വീതം വലയില്‍ നിക്ഷേപിച്ചു. 41-ാം മിനുട്ടില്‍ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിലൂടെ അക്കൗണ്ട് തുറന്ന ലിവര്‍പൂള്‍ 53-ാം മിനുട്ടില്‍ സ്വിസ് സ്‌ട്രൈക്കര്‍ ഷെര്‍ദന്‍ ശാക്കിരിയിലൂടെ ഗോള്‍ നേട്ടം രണ്ടാക്കി. ജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. 12 മത്സരങ്ങള്‍ കളിച്ച ലിവര്‍പൂളിന് 30 പോയിന്റും 11 മത്സരങ്ങള്‍ കളിച്ച സിറ്റിക്ക് 29 പോയിന്റുമുണ്ട്. അതേസമയം, 66ാം മിനുട്ടില്‍ യുവാന്‍ ഫോയ്ത്ത് നേടിയ ഗോള്‍ മികവിലാണ് ടോട്ടനം ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയത്. ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുള്ള ടോട്ടനം പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ ചെല്‍സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ചെല്‍സിക്ക് ഫിനിഷിങിലെ പിഴവാണ് വിനയായത്. 12 മത്സരങ്ങള്‍ കളിച്ച ചെല്‍സി 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."