HOME
DETAILS
MAL
സഊദി-റഷ്യൻ ഉച്ചകോടി: ഒപെക് പ്ലസ് സഹകരണം വർധിപ്പിക്കും, 20 കരാറുകൾ ഒപ്പു വെച്ചു
backup
October 15 2019 | 15:10 PM
റിയാദ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സഊദി സന്ദർശനത്തിന് സമാപനമായി. പുട്ടിന്റെ സന്ദർശനത്തോടനുബന്ധിച്ചു സഊദിയും റഷ്യയും തമ്മിൽ ഇരുപതിലധികം കരാറുകളിലാണ് ഒപ്പുവെച്ചത്. കൂടാതെ, പെട്രോൾ ഉൽപാദക രാജ്യങ്ങൾ തമ്മിലെ സ്ഥിര സഹകരണത്തിനുള്ള ചാർട്ടറും ഒപ്പു വെച്ചിട്ടുണ്ട്. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായും കിരീടാവകാശിയുമായും നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ചു മുന്നേറാൻ ധാരണയായി. ഊർജ്ജ മേഖലയിൽ നിലവിലെ എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടയമായ ഒപെക്, പുറത്തുള്ള റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര രാജ്യങ്ങളുമായും സഹകരണം കൂടുതൽ ശക്തമാക്കാനും ധാരണയായി.
റഷ്യയുമായുള്ള ബന്ധങ്ങളും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന് ആഗ്രഹിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു. ഈ സന്ദർശനത്തോടെ അത് കൂടുതൽ ശക്തമാകും. ഊർജ മേഖലയിൽ അടക്കം പരസ്പര സഹകരണത്തിന് ഒപ്പുവെച്ച കരാറുകൾ ഇത് സാധ്യമാക്കും. സുരക്ഷാ ഭദ്രതയും സമാധാനവും സാക്ഷാത്കരിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ടത്തിനും റഷ്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിന് സഊദി അറേബ്യ ആഗ്രഹിക്കുന്നതായും രാജാവ് പറഞ്ഞു. 90 വർഷത്തിലേറെ പഴക്കമുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് റഷ്യ പ്രത്യേക ശ്രദ്ധയും പ്രാധാന്യവുമാണ് നൽകുന്നതെന്ന് പുട്ടിൻ പ്രതികരിച്ചു.
ഇരുവരുടെയും സാന്നിധ്യത്തിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് ഇരു രാജ്യങ്ങളും 20 കരാറുകൾ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സന്ദർശനത്തോടനുബന്ധിച്ചു റിയാദിൽ സംഘടിപ്പിച്ച സഊദി-റഷ്യ സി.ഇ.ഒ ഫോറത്തിൽ ഇരു രാജ്യങ്ങളിലെയും കമ്പനികൾ 17 കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി പുട്ടിൻ പ്രത്യേകം കൂടിക്കാഴ്ച നടത്തിയെന്ന് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."