രാഷ്ട്രപതി സ്ഥാനാര്‍ഥി: ബി.ജെ.പി നാടകത്തിന്റെ തനിയാവര്‍ത്തനം
മണിപ്പൂരിലും ഗോവയിലും ബി.ജെ.പി കളിച്ച രാഷ്ട്രീയനാടകത്തിന്റെ തനിയാവര്‍ത്തനമാണ് രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തിലും നടന്നിരിക്കുന്നത്. മണിപ്പൂരിലും ഗോവയിലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചിട്ടുപോലും കോണ്‍ഗ്രസിന് ഇരു സംസ്ഥാനങ്ങളിലും മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി ഓഫിസുകളില്‍ നിയമസഭാ കക്ഷി നേതാവ് ആരായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പി മന്ത്രിസഭയുണ്ടാക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു. അത് തിരിച്ചറിയാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. ഗവര്‍ണറെ സന്ദര്‍ശിച്ച് തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് അവകാശപ്പെടാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാതെ വന്നതില്‍ നിന്നാണ് ഈ രണ്ട് സ്ഥാനങ്ങളിലും ബി.ജെ.പി മുതലെടുപ്പ് നടത്തി അധികാരത്തില്‍ വന്നത്. സമാനമായ മറ്റൊരു തന്ത്രം രാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിലും ബി.ജെ.പി പയറ്റിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുമായും ഇടതുപക്ഷ പാര്‍ട്ടികളുമായും ബി.ജെ.പി നേതാക്കളായ അരുണ്‍ ജെയ്റ്റിലി, വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ് എന്നിവര്‍ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചകളൊക്കെയും നാടകങ്ങളായിരുന്നു. അണിയറയില്‍ വേറെ നീക്കം നടക്കുന്നുണ്ടായിരുന്നു. ഇത്തരമൊരു സമിതിയെ ബി.ജെ.പി ചര്‍ച്ചകള്‍ക്ക് നിയോഗിച്ചത് തന്നെ പ്രതിപക്ഷം ഇതര സ്ഥാനാര്‍ഥികളെ തേടുന്നതില്‍നിന്നു തടയുവാനും കൂടിയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകളിലൊന്നും ബി.ജെ.പി എന്‍.ഡി.എ സ്ഥാനാര്‍ഥിയാരെന്ന് വ്യക്തമാക്കാത്തതില്‍നിന്നു തന്നെ അപകടം മണക്കേണ്ടതായിരുന്നു. ബിഹാര്‍ ഗവര്‍ണറായ റാംനാഥ് കോവിന്ദിനെ ആര്‍.എസ്.എസ് നേരത്തെ കണ്ടുവച്ചതാണ്. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെയും സുഷമ സ്വരാജിന്റെയും പേരുകള്‍ പുറത്തേക്ക് വിട്ട് ബി.ജെ.പി പ്രതിപക്ഷത്തിന്റെ ശ്രദ്ധ തിരിച്ചു. ബി.ജെ.പിയുടെ ഈ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് മറു തന്ത്രങ്ങള്‍ പയറ്റുവാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ല എന്നതാണ് ആ പാര്‍ട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപചയം.
റാംനാഥ് കോവിന്ദിനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ ബി.ജെ.പി ഒന്നാം റൗണ്ടില്‍ അവരുടെ തന്ത്രം വിജയിപ്പിച്ചെടുത്തിരിക്കുകയാണ്. ഒരു ദലിത് രാഷ്ട്രപതിയായി വരുന്നത് പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കുന്നുവെന്ന് പ്രചരിപ്പിച്ച് ബി.ജെ.പിക്ക് ആരോപണങ്ങളുടെ കെട്ടുകള്‍ തന്നെ അഴിച്ചു വിടാം. ഒരു ദലിത് രാഷ്ട്രത്തിന്റെ പരമോന്നത സ്ഥാനത്ത് അവരോധിക്കപ്പെടുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കാം. മായാവതി അവരുടെ പാര്‍ട്ടിയുടെ നിലപാട് ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ദലിത് രാഷ്ട്രപതിയായി വരുന്നതിനെ തന്റെ പാര്‍ട്ടി എതിര്‍ക്കുകയില്ലെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ നിരയിലാകട്ടെ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന കാര്യത്തില്‍ അപസ്വരം ഉയര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിലാണ് ബി.ജെ.പി അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിന്റെ ആദ്യറൗണ്ട് കടന്നിരിക്കുന്നുവെന്ന നിഗമനത്തിലെത്താനാവുന്നത്. രാഷ്ട്രീയ പാരമ്പര്യമോ കഴിഞ്ഞുപോയ ഇതര രാഷ്ട്രപതിമാരെ പോലെ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചെടുത്ത പൊതുപ്രവര്‍ത്തന പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത ബി.ജെ.പി ദലിത് നേതാവാണ് റാം നാഥ് കോവിന്ദ്. അദ്ദേഹം രാഷ്ട്രത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വം പോലുമല്ല റാംനാഥ് കോവിന്ദ്. കടന്നുപോയ ഏഴ് പ്രസിഡന്റുമാരില്‍ പ്രതിഭാ പാട്ടീല്‍ ഒഴികെ മറ്റുള്ളവരെല്ലാം ഏതെങ്കിലും മണ്ഡലങ്ങളില്‍ അവരുടെ പ്രവര്‍ത്തന വൈഭവം പ്രകടിപ്പിച്ചവരായിരുന്നു.
റാംനാഥ് കോവിന്ദിന് ഇങ്ങനെയുള്ള വൈശിഷ്ട്യങ്ങളൊന്നും അവകാശപ്പെടാനില്ല. ബി.ജെ.പിയിലെ പബ്ലിക് റിലേഷന്‍ സംഘം വികസിപ്പിച്ചെടുത്ത നരേന്ദ്രമോദിയുടെ പ്രതിച്ഛായ കുമിളകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു വ്യക്തി പ്രസിഡന്റാകരുതെന്ന നിര്‍ബന്ധം ആര്‍.എസ്.എസിനുണ്ട്. അങ്ങനെ വരുമ്പോള്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉടലെടുക്കുകയും ബി.ജെ.പിയില്‍ അതൊരു ഗ്രൂപ്പ് വഴക്കിന് ഇടം നല്‍കുകയും ചെയ്യുമെന്ന് ആര്‍.എസ്.എസ് കണ്ടു. അതിന്റെയും കൂടി അടിസ്ഥാനത്തിലാണ് തീര്‍ത്തും അപ്രസക്തനായി കഴിഞ്ഞിരുന്ന റാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി ഉയര്‍ത്തിക്കാണിച്ചത്. മറ്റൊരു രാഷ്ട്രീയ നേട്ടംകൂടി റാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നു. 2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ആ ലക്ഷ്യം. ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ദലിത് വിഭാഗങ്ങള്‍ കൊടിയ മര്‍ദനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. പശു സംരക്ഷകരെന്ന നാട്യത്തില്‍ സവര്‍ണ ആര്‍.എസ്.എസുകാര്‍ ദലിതരെ കൂട്ടത്തോടെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ദലിതരെ കൊല്ലുന്നവര്‍ ആദ്യം എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കട്ടെ എന്നത് പ്രധാനമന്ത്രിയുടെ പൊയ് വാക്കുകളായിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ രാഷ്ട്രമൊന്നാകെ ഏറ്റെടുത്ത ഒരു വിഷയമായി. ദലിതു കൂട്ടായ്മകളുടെ പ്രക്ഷോഭങ്ങളും സമരങ്ങളും ഇന്ത്യയില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത് ബി.ജെ.പിക്ക് 2019 ലെ തെരഞ്ഞെടുപ്പില്‍ ഭീഷണിയാകുമെന്ന് കണ്ടതിനാലും കൂടിയാണ് റാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കി ദലിതുകളെ തണുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഒരു ദലിത് രാഷ്ട്രപതിയായാലൊന്നും ഇന്ത്യയില്‍ ദലിതുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്കും തിരസ്‌കാരങ്ങള്‍ക്കും പരിഹാരമാവില്ലെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിട്ടെന്തു ഫലമാണ് ദലിതുകള്‍ക്ക് കിട്ടിയത്. ഇനിയിപ്പോള്‍ പ്രതിപക്ഷത്തിന് ചെയ്യാനുള്ളത് ഡോ. ബി.ആര്‍ അംബേദ്ക്കറുടെ കൊച്ചു മകന്‍ ബി.ആര്‍ പ്രകാശ് അംബേദ്കറെയോ ജഗ്ജീവന്‍ റാമിന്റെ മകള്‍ മീരാകുമാറിനെയോ സ്ഥാനാര്‍ഥിയാക്കി ബി.ജെ.പി ഉയര്‍ത്തിയ വെല്ലുവിളി നേരിടുക എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."