പള്ളിവാസലിലെ ഉല്‍പാദനം കുത്തനെ താഴേക്ക്
തൊടുപുഴ: കാലഹരണപ്പെട്ട പെന്‍സ്റ്റോക്ക് പൈപ്പിലെ ചോര്‍ച്ച വര്‍ധിച്ചതോടെ പള്ളിവാസല്‍ വൈദ്യുതി നിലയത്തിലെ ഉല്‍പാദനം കുത്തനെ താഴേക്ക്. പവര്‍ ഹൗസിന്റെ ശേഷി 37.5 മെഗാവാട്ടില്‍ നിന്ന് 28 മെഗാവാട്ടായി കുറഞ്ഞു.
പ്രതിദിനം പരമാവധി 6.3 ലക്ഷം യൂനിറ്റ് വരെ ഉല്‍പാദിപ്പിക്കാനേ ഇപ്പോള്‍ കഴിയുന്നുള്ളൂ. പ്രതിദിനം 9 ലക്ഷം യൂനിറ്റ് വൈദ്യുതി വരെ പരമാവധി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്ന വൈദ്യുതി നിലയമാണ് പള്ളിവാസല്‍. പെന്‍സ്റ്റോക്ക് വഴി ആവശ്യത്തിന് വെള്ളം ജനറേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം. 'ബോട്ടില്‍നെക്ക് ഇഫക്ട്' എന്നാണ് ഈ പ്രതിഭാസത്തിന്റെ സാങ്കേതികനാമം. ഇതുമൂലം പള്ളിവാസലില്‍നിന്നും പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന ചെങ്കുളം പവര്‍ഹൗസിലും പൂര്‍ണതോതില്‍ ഉല്‍പാദനം നടത്താന്‍ കഴിയുന്നില്ല. നാല് പെന്‍സ്റ്റോക്കുകള്‍ വഴിയാണ് ആര്‍.എ ഹെഡ് വര്‍ക്‌സ് ഡാമില്‍ നിന്നും പള്ളിവാസല്‍ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. 5 മെഗാവാട്ടിന്റെയും 7.5 മെഗാവാട്ടിന്റെയും മൂന്ന് വീതം ജനറേറ്ററുകളുടേതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ട് ചെറിയ പെന്‍സ്റ്റോക്കുകളിലൂടെയാണ്.
ഇവിടെ 10 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്. മൂന്നാമത്തെ പെന്‍സ്റ്റോക്കിലൂടെ വെള്ളം എത്തുന്നത് 7.5 മെഗാവാട്ടിന്റേയും 5 മെഗാവാട്ടിന്റേയും രണ്ടു ജനറേറ്ററുകളിലേക്കാണ്. ഇവിടെ 12.5 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്. നാലാമത്തെ പെന്‍സ്റ്റോക്കാണ് ഏറ്റവും വലുത്. 7.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്കാണ് ഇതിലൂടെ വെള്ളം എത്തുന്നത്. 15 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് പരമാവധി 12 മെഗാവാട്ടാണ്. 4 പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ രണ്ടെണ്ണമാണ് ഏറെ ദുര്‍ബലമായി ചോര്‍ച്ച വര്‍ധിച്ചിരിക്കുന്നത്. നിരവധിയിടങ്ങളില്‍ ദ്രവിച്ച് ഏതു സമയവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണിത്.
കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചിയിലുള്ള ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വിസും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പള്ളിവാസല്‍ പെന്‍സ്റ്റോക്കുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തം നേരത്തേ പെന്‍സ്‌റ്റോക്ക് പെട്ടിത്തെറിച്ച പന്നിയാറിനേക്കാള്‍ പതിന്മടങ്ങായിരിക്കുമെന്ന് കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ കെ.കെ. കറപ്പന്‍കുട്ടി സുപ്രഭാതത്തോട് പറഞ്ഞു. 1940 മാര്‍ച്ച് 19 ന് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യരാണ് പള്ളിവാസല്‍ വൈദ്യുതി പദ്ധതി നാടിന് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."