നൊബേല്‍ പുരസ്‌കാരം 2019
രാജ്യാന്തര തലത്തിലും ദേശീയതലത്തിലും പ്രാദേശിക തലത്തിലുമുള്ള വിവിധ പുരസ്‌കാരങ്ങളെക്കുറിച്ച് കൂട്ടുകാര്‍ കേട്ടുകാണുമല്ലോ?
നൊബേല്‍, ഓസ്‌കാര്‍, ബുക്കര്‍ തുടങ്ങിയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ക്കും ഇന്ത്യയിലെ ഭാരതരത്‌ന, ജ്ഞാനപീഠം, പത്മ പുരസ്‌കാരങ്ങള്‍ക്കും അതുപോലെ കേരളത്തിലെ സാഹിത്യ പുരസ്‌കാരങ്ങളായ എഴുത്തച്ഛന്‍, ഓടക്കുഴല്‍, വള്ളത്തോള്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കും നമ്മുടെ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കി കാണുന്ന കാര്യം കൂട്ടുകാര്‍ക്ക് അറിയാവുന്ന കാര്യമാണല്ലോ? വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാന പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ എല്ലാ വര്‍ഷവും നൊബേല്‍ പുരസ്‌കാരം നല്‍കി വരുന്നു.
സ്വീഡിസ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേല്‍ വില്‍പത്രത്തിലൂടെ തന്റെ മരണാനന്തരം ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരങ്ങള്‍.
വൈദ്യശാസ്ത്ര പുരസ്‌കാരം മൂന്നുപേര്‍ക്ക്
കോശങ്ങള്‍ ഓക്‌സിജന്‍ ലഭ്യതയുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നു കണ്ടെത്തിയ ഗവേഷകര്‍ ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ വില്ല്യം ജി. കെയ്‌ലിന്‍, ഗ്രെഗ് എല്‍. സെമന്‍സ എന്നിവരും ബ്രിട്ടീഷ് ഗവേഷകന്‍ പീറ്റര്‍ റാറ്റ് ക്ലിഫുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കോശങ്ങളിലെ ഓക്‌സിജന്റെ അളവ് മനസിലാക്കി പ്രതികരിക്കാനുള്ള സംവിധാനമാണ് ഇവര്‍ അനാവരണം ചെയ്തത്. ''ഓക്‌സിജന്റെ അളവ് കോശങ്ങളുടെ പരിണാമത്തെയും ശരീരശാസ്ത്രത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് ഇവര്‍ കാണിച്ചുതന്നു. വിളര്‍ച്ച, ക്യാന്‍സര്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കെതിരെയും പോരാടാന്‍ ഈ ഗവേഷണം വഴിയൊരുക്കും-'' നൊബേല്‍ വിധികര്‍ത്താക്കളുടെ സമിതി പറഞ്ഞു.
തൊണ്ണൂറ് ലക്ഷം സ്വീഡിഷ് ക്രോണറാണ് (ഏകദേശം 6.5 കോടിയോളം രൂപ) സമ്മാനത്തുക. ഇത് മൂവരും പങ്കിടും. ഡിസംബര്‍ 10 ന് സ്റ്റോക്ക് ഹോമില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഇന്ത്യന്‍ വംശജനും ഭാര്യക്കും
സാമ്പത്തിക നൊബേല്‍
2019 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി, ഭാര്യ യു.എസ്. പൗരത്വമുള്ള എസ്തര്‍ ഡുഫ്‌ളോ (ഫ്രഞ്ച് വംശജ), യു. എസ്. സ്വദേശി മൈക്കിള്‍ ക്ലമര്‍ (ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍) എന്നിവര്‍ക്ക്. ആഗോള ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത സ്വദേശിയായ അഭിജിത് അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. സാമ്പത്തിക ശാസ്ത്ര നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും രണ്ടാമത്തെ വനിതയുമാണ് എസ്തര്‍ (46).
പ്രപഞ്ച രഹസ്യങ്ങള്‍ തിരഞ്ഞുപോയവര്‍ക്ക്
ഭൗതികശാസ്ത്ര നൊബേല്‍
അനന്ത പ്രപഞ്ചത്തിന്റെ ഇരുളാര്‍ന്ന രഹസ്യങ്ങള്‍ തിരഞ്ഞുപോയി സുപ്രധാന വിവരങ്ങള്‍ കണ്ടെത്തിയ മൂന്ന് പ്രപഞ്ച വിജ്ഞാനീയ ശാസ്ത്രജ്ഞര്‍ക്കാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍. കനേഡിയന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജയിംസ് പിബിള്‍സി (84) ന് സമ്മാനത്തുകയുടെ പകുതി ലഭിക്കും. രണ്ടാം പകുതി സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള മൈക്കല്‍ മേയര്‍ (ജനീവ സര്‍വകലാശാല), ദിദിയെ ക്വെലോ (കേംബ്രിഡ്ജ് സര്‍വകലാശാല) എന്നിവര്‍ പങ്കിട്ടു. സൂര്യനു സമാനമായ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം കണ്ടെത്തിയതാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
ലിഥിയം - അയണ്‍ ബാറ്ററി വികസിപ്പിച്ച
മൂന്നുപേര്‍ക്ക് രസതന്ത്ര നൊബേല്‍
മൊബൈല്‍ ഫോണുകളുള്‍പ്പെടെ ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളുടെ ഘടനയും ശേഷിയും മാറ്റിമറിച്ച ലിഥിയം-അയണ്‍ ബാറ്റണിയുടെ കണ്ടുപിടിത്തത്തിനു പിന്നിലെ ത്രിമൂര്‍ത്തികള്‍ക്കാണ് ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍. ജോണ്‍ ബി ഗുഡ്ഇനഫ് (ടെക്‌സസ് സര്‍വകലാശാല, യു.എസ്), ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ എം. സ്റ്റാന്‍ലി വിറ്റിങ്ഹാം (ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാല, യു.എസ്), ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകീര യോഷിനോ (മെയ്‌ജോ സര്‍വകലാശാല, ജപ്പാന്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം.
97 വയസുള്ള ജോണ്‍ ഗുഡ്ഇനഫ് നൊബേല്‍ സമ്മാന പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായമേറിയ ആളാണ്. സമ്മാനത്തുകയായ ഒന്‍പത് ദശലക്ഷം സ്വീഡിഷ് ക്രോണ മൂവരും തുല്യമായി പങ്കിടും. ഭാരം കുറഞ്ഞതും വീണ്ടും ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതുമായ ലിഥിയം-അയണ്‍ ബാറ്ററികളാണ് സൗരോര്‍ജ്ജം, കാറ്റ് എന്നിവയില്‍നിന്ന് ഉദ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ശേഖരിക്കാനും പുനരുപയോഗിക്കാനുമുള്ള സാധ്യത തെളിയിച്ചത്.
സ്മാര്‍ട്ട് ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയുമൊക്കെ ജീവനായി മാറിയ ഈ ബാറ്ററികളുടെ കൂടുതല്‍ സമയം ഊര്‍ജ്ജം ശേഖരിച്ചുവയ്ക്കാനുള്ള കഴിവാണ് വൈദ്യുത വാഹനങ്ങളുടെ കണ്ടുപിടിത്തത്തിനു തന്നെ അടിസ്ഥാനമായത്.
ഓള്‍ഗ തൊകാര്‍ചുക്കിനും
പീറ്റര്‍ ഹന്‍ഡ്‌കെയ്ക്കും സാഹിത്യ നൊബേല്‍
സാഹിത്യത്തിനുള്ള 2019 ലെ നൊബേല്‍ സമ്മാനം ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തുമായ പീറ്റര്‍ ഹന്‍ഡ്‌കെയും 2018 ലെ സമ്മാനം പോളിഷ് നോവലിസ്റ്റ് ഓള്‍ഗ തൊകാര്‍ചുക്കും നേടി. വിവാദങ്ങളെ തുടര്‍ന്ന് 2018 ലെ പ്രഖ്യാപനം നീട്ടിവച്ചതിനാലാണ് ഈ വര്‍ഷം രണ്ടു സമ്മാനങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കാന്‍ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.
രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്പില്‍ ജര്‍മന്‍ സാഹിത്യത്തില്‍ ഏറ്റവും സ്വാധീനശക്തിയുള്ള എഴുത്തുകാരിലൊരാളായ പീറ്റര്‍ ഹന്‍ഡ്‌കെ (76) തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്.
ഓസ്ട്രിയന്‍ നോവലിസ്റ്റ്, നാടകകൃത്ത്, വിവര്‍ത്തകന്‍ എന്നീ മേഖലകളില്‍ പേരെടുത്ത അദ്ദേഹം പഠനകാലത്തുതന്നെ നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളെല്ലാം വായനക്കാരന് പുതിയ അനുഭവവും കാഴ്ചപ്പാടുകളുമാണ് സമ്മാനിച്ചത്. ഭാഷാപരമായ ചാതുര്യം ഉപയോഗിച്ച് മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച രചനകളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ''വോക് എബൗട്ട് ദി വില്ലേജസ്, എ സ്ലോഹോം കമിങ്, എ സോറോ ബിയോണ്ട് ഡ്രീംസ്, ദി ഗോളീസ് ആങ്‌സൈറ്റി അറ്റ് ദി പെനല്‍റ്റി കിക്ക് എന്നിവയാണ് മുഖ്യകൃതികള്‍.
2018-ല്‍ മാറ്റിവച്ച സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ നോവലിസ്റ്റ് ഓള്‍ഗ തൊകാര്‍ചുക് (57) പോളിഷ് സാഹിത്യത്തിലെ സമകാലികരില്‍ ഏറ്റവും പ്രതിഭാശാലിയായി ആദരിക്കപ്പെടുന്നു.
സമാധാന നൊബേല്‍
എത്യോപ്യന്‍ പ്രധാനമന്ത്രിക്ക്
സമാധാനത്തിനുള്ള 2019 ലെ നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി നേടി. എറിത്രയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൈ എടുത്തതാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും അതില്‍ത്തന്നെ അയല്‍രാജ്യമായ എറിത്രയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ എടുത്ത നിര്‍ണായക തീരുമാനങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരം എന്നാണ് ജൂറി വിലയിരുത്തിയത്. നൂറാമത് സമാധാന നൊബേലാണ് പ്രഖ്യാപിച്ചത്. 45 കാരനായ അബി അഹമ്മദ് അലി ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. 17 വര്‍ഷം നീണ്ട എത്യോപ്യ-എറിത്രിയ യുദ്ധത്തിന് പൂര്‍ണവിരാമമിട്ട ഇരുരാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പുവച്ചത് 2018 ലാണ്. 80000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ട 20 വര്‍ഷം നീണ്ട യുദ്ധം 2000 ത്തില്‍ അവസാനിച്ചിരുന്നെങ്കിലും യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനും അബി നടത്തിയ ശ്രമങ്ങളെയും പ്രശംസിച്ച നൊബേല്‍ സമിതി രാജ്യത്ത് അദ്ദേഹം കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങളും രാജ്യാന്തര ശ്രദ്ധ നേടിയതായി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."