ഇനി പുല്ല് പറിക്കലില്ല; വച്ചുപിടിപ്പിക്കല്‍ മാത്രം
കൊണ്ടോട്ടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കുന്ന തൊഴില്‍ സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങള്‍. 2020-2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള തൊഴിലുറപ്പിന്റെ ലേബര്‍ ബജറ്റ് രൂപീകരണം തയാറാക്കാന്‍ നല്‍കിയ നിര്‍ദേശത്തിലാണ് ത്രിതല പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയത്.
പതിവ് തൊഴിലുറപ്പിലെ പുല്ലുപറിക്കലും കാടുവെട്ടലും മാത്രമായി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ പരിസ്ഥിതിക്ക് ആഘാതമുളള പ്രവൃത്തികള്‍ നല്‍കുന്ന ഉദ്യോഗസ്ഥനെതിരേ നടപടികളുണ്ടാകും.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് പുതിയ രൂപം നല്‍കിയത്. ഇതനുസരിച്ച് റോഡുകളുടെ ഓരത്തിലും വനഭൂമിയിലും പൊതുഭൂമിയിലും ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കല്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന പുല്ലുകള്‍ വച്ചുപിടിപ്പിക്കല്‍, മുള, റബ്ബര്‍, തെങ്ങ് എന്നിവയുടെ പ്ലാന്റേഷന്‍ തുടങ്ങിയവയിലാണ് തൊഴില്‍ നല്‍കേണ്ടത്.
കുടിവെള്ളത്തിനും, ചെറുകിട ജലസേചന പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികളും ആവിഷ്‌കരിക്കണം.
തോടുകള്‍, കനാലുകള്‍ എന്നിവയുടെ നിര്‍മാണത്തിനും, ജലസ്രോതസുകളുടെ ആഴംകൂട്ടല്‍ എന്നിവ നടപ്പാക്കണം. തടാകങ്ങളുടേയും കുളങ്ങളുടെയും അരികുകള്‍ ബണ്ടുകള്‍ കെട്ടുന്ന പ്രവൃത്തികളും നല്‍കണം.
ഓരോ പഞ്ചായത്തും ഓരോ വര്‍ഷത്തേക്കും ആവശ്യമായ തൊഴില്‍ ദിനങ്ങള്‍ തിട്ടപ്പെടുത്തി പ്രവൃത്തികളുടെ പട്ടിക തയാറാക്കണം. ഇതനുസരിച്ച് 10ലധികം തൊഴിലാളികള്‍ തൊഴില്‍ തേടുമ്പോള്‍ പഞ്ചായത്തുകള്‍ക്ക് പെട്ടെന്ന് തൊഴില്‍ നല്‍കാന്‍ കഴിയുന്ന രീതിയിലാവണം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്. പ്രവൃത്തികള്‍ക്ക് ഭരണ സാങ്കേതിക അനുമതി തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമസഭകള്‍ ശുപാര്‍ശ ചെയ്യുന്ന പ്രവൃത്തികളില്‍ സാങ്കേതിക കാരണങ്ങളാല്‍ നടപ്പിലാക്കാന്‍ സാധ്യമായിട്ടില്ലെങ്കില്‍ ഇത് രണ്ടുവര്‍ഷംവരെ ഉപയോഗിക്കാന്‍ പാകത്തില്‍ തയാറാക്കണം.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള വാര്‍ഷിക മാസ്റ്റര്‍ സര്‍ക്കുലര്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ലേബര്‍ ബഡ്ജറ്റ് രൂപീകരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഗ്രാമസഭകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന് മുന്‍പ് ചേരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതികള്‍ക്കും പ്രത്യേക ഫയലും എസ്റ്റിമേറ്റും തയാറാക്കണമെന്നും, തൊഴില്‍ സ്ഥലങ്ങളുടെ ലൊക്കേഷന്‍ മാപ്പ്, പ്രദേശത്തിന്റെ ഫോട്ടോ, എസ്റ്റിമേറ്റ് റിപ്പോര്‍ട്ട്, വാര്‍ഷിക കര്‍മപദ്ധതിയുടെ പകര്‍പ്പ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."