രാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രതിപക്ഷ തീരുമാനം നാളെ
ന്യൂഡല്‍ഹി: പിന്നോക്ക ജാതിക്കാരനായ രാം നാഥ് കോവിന്ദിനെ ബി.ജെ.പി രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനായി പ്രതിപക്ഷം ചര്‍ച്ചതുടരുന്നു. നാളെ ഡല്‍ഹിയില്‍ നടക്കുന്ന വിവിധ പ്രതിപക്ഷകക്ഷികളുടെ യോഗത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം നടക്കുക.
നാലു പേരുകളാണ് പ്രതിപക്ഷത്തിന്റെ മുന്നില്‍ ഇപ്പോഴുള്ളത്. മഹാത്മാഗാന്ധിയുടെ കൊച്ചുമകനായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് ഇതില്‍ പ്രധാനി. എന്നാല്‍ ബി.ജെ.പി ദലിത് സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതോടുകൂടി അദ്ദേഹത്തിന്റെ സാധ്യത മങ്ങിയിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഷീല്‍കുമാര്‍ ഷിന്‍ഡെ, ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍, മുന്‍ ലോക്‌സഭാ സ്പീക്കര്‍ ജഗ്ജീവന്‍ റാമിന്റെ മകള്‍ മീരാകുമാര്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഇപ്പോള്‍ മുന്നിലുള്ളത്. ഈ മൂന്നുപേരും ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. പ്രകാശ് അംബേദ്ക്കറോടാണ് ഇടതുപക്ഷത്തിന് താല്‍പ്പര്യം.
കോവിന്ദിനെ പിന്തുണയ്ക്കണോ, സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തണോയെന്നത് സംബന്ധിച്ചും പ്രതിപക്ഷ നിരയില്‍ അഭിപ്രായഭിന്നതയുണ്ട്. സര്‍വസമ്മതനായ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട്.
അതേസമയം, ബിഹാര്‍ ഗവര്‍ണറായ കോവിന്ദിനു പിന്തുണ നല്‍കുന്നതില്‍ സംസ്ഥാനത്തെ ഭരണകക്ഷിയില്‍ ഭിന്നത നിലനില്‍ക്കുകയാണ്. എന്നാല്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് കോവിന്ദിനോട് താല്‍പ്പര്യമില്ല. നാളത്തെ യോഗത്തില്‍ പാര്‍ട്ടിയുടെ നിലപാട് മറ്റു പ്രതിപക്ഷ കക്ഷികളെ അറിയിക്കുമെന്ന് നിതീഷ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയിലുള്ള മീരാകുമാര്‍ ബിഹാര്‍ സ്വദേശിനിയായതിനാല്‍ ജെ.ഡി.യു പിന്തുണച്ചേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മഹാരാഷ്ട്രക്കാരനായ ഷിന്‍ഡെയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുടെ പിന്തുണ ആര്‍ജിക്കാനാവുമെന്നും പ്രതിപക്ഷം കരുതുന്നു.
പ്രതിപക്ഷം ദലിത് സ്ഥാനാര്‍ഥിയെ രംഗത്തിറക്കുകയാണെങ്കില്‍ കോവിന്ദിനെ പിന്തുണയ്ക്കില്ലെന്നാണ് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിലപാട്. ബി.ജെ.ഡി.യുവിന്റെയും അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗത്തിന്റെയും പിന്തുണ ഇതിനകം തന്നെ ബി.ജെ.പി ഉറപ്പാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ പ്രധാനമുഖങ്ങളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവര്‍ നാളത്തെ യോഗത്തില്‍ നിലപാട് അറിയിക്കും.
രാംനാഥ് കോവിന്ദ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞു
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാംനാഥ് കോവിന്ദ് രാജിവച്ചു. രാജിക്കത്ത് ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു കൈമാറി. കോവിന്ദിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
പ. ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് ബിഹാറിന്റെ അധികചുമതല നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."