കാലിഫോര്‍ണിയയില്‍ ആളിപ്പടര്‍ന്ന് കാട്ടുതീ
ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാട്ടുതീ നിയന്ത്രണാതീതമായി ആളിപ്പടരുന്നു. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നിട്ടുണ്ട്. 200 പേരെയാണ് കാണാതായിരിക്കുന്നത്.
1933ല്‍ ലോസ് ആഞ്ചല്‍സിലെ ഗ്രിഫിത്ത് പാര്ക്കിലുണ്ടായതിനു സമാനമാണ് ഇപ്പോള്‍ കാലിഫോര്‍ണിയയുടെ മൂന്നു ഭാഗങ്ങളിലായി വന്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ. കഴിഞ്ഞ ദിവസം വടക്കന്‍ കാലിഫോര്‍ണയയിലെ ക്യാംപ് ഫയറില്‍ ആറു പേരാണ് വെന്തുമരിച്ചത്. തെക്കന്‍ കാലിഫോര്‍ണിയയില്‍ വോള്‍സേ കാട്ടുതീയില്‍ രണ്ടുപേര്‍ മരിച്ചു. മാലിബു തീരദേശത്തെ നിരവധി റിസോര്‍ട്ടുകള്‍ പാടെ നശിച്ചിട്ടുണ്ട്.
സംഭവത്തെ പ്രധാന ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ട്രംപിന്റെ വിവാദ പ്രസ്താവന പുറത്തുവന്നതിനു പിറകെയാണ് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വനങ്ങളിലെ തെറ്റായ ഇടപെടലുകള്‍ കാരണമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ജനങ്ങളെ അവഹേളിക്കുകയാണ് പ്രസിഡന്റ് ചെയ്തിരിക്കുന്നതെന്ന് ഇന്റര്‍നാഷനല്‍ അസോസിയേഷന് ഓഫ് ഫയര്‍ ഫൈറ്റേഴ്സ് പ്രസിഡന്റ് ഹെരോള്‍ഡ് ഷൈറ്റ്ബെര്ഗര് ആരോപിച്ചു.
വോള്‍സേ, ഹില്‍, ക്യാംപ് ഫയര്‍ എന്നീ പേരുകളിലായി കാലിഫോര്‍ണിയയുടെ മൂന്നു മേഖലകളിലാണ് തീ നാശംവിതയ്ക്കുന്നത്.
ആദ്യത്തെ രണ്ടു സംഭവങ്ങളും ലോസ് ആഞ്ചല്സിനടുത്തും ക്യാംപ് ഫയര്‍ പാരഡൈസ് നഗരത്തിലുമാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോസ് ആഞ്ചല്‍സ് നഗരത്തില്‍നിന്നു തെക്കുവടക്കു മാറി 64 കിലോമീറ്റര്‍ അകലെ തൗസന്‍ഡ് ഓക്സില് അഗ്നിബാധ ആരംഭിച്ചത്. തലസ്ഥാനമായ സാക്രമെന്റോയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്ലുമാസ് ദേശീയ വനമാണ് ക്യാംപ് ഫയറിന്റെ ഉല്ഭവസ്ഥാനം.
രണ്ടായിരത്തോളം ഏക്കര്‍ ഭൂപ്രദേശത്ത് ഇപ്പോള്‍ കാട്ടുതീ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പാരഡൈസ് നഗരം പൂര്‍ണമായും തീ വിഴുങ്ങിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 35,000 ഏക്കര്‍ പ്രദേശങ്ങള്‍ മുഴുവന്‍ തീ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. രണ്ടര ലക്ഷത്തോളം പേര്‍ക്കു വീടുകള്‍ ഒഴിയേണ്ടിയും വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."