ഡല്‍ഹിയിലേക്ക് മാറി ദേവഗൗഡ
ബംഗളൂരു: ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് ഇടനല്കി മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ ന്യൂഡല്‍ഹിയിലെ വസതിയിലേക്കു മാറി. ഡല്‍ഹി സഫ്ദര്‍ജങ്ങിലെ അഞ്ചാം നമ്പര്‍ വീട്ടിലേക്കു കുടുംബസമേതമാണ് അദ്ദേഹം മാറിയത്.
1996ല്‍ പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് അദ്ദേഹം താമസിച്ച വീടാണിത്. പ്രധാനമന്ത്രി പദം ലഭിച്ചത് ഈ വീടിന്റെ ഐശ്വര്യമായാണ് ദേവഗൗഡ കാണുന്നത്. വാസ്തുവിധിപ്രകാരമുള്ള മാറ്റങ്ങള്‍ക്കും നവീകരണത്തിനും ശേഷമാണ് ഗൃഹപ്രവേശം നടത്തിയത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദം ലക്ഷ്യംവച്ചാണ് അദ്ദേഹം ഡല്‍ഹിയിലേക്കു മാറിയതെന്ന സൂചനയായാണ് രാഷ്ട്രീയ രംഗം ഈ വീടുമാറ്റത്തെ കാണുന്നത്.
ബി.ജെ.പി വിരുദ്ധ കൂട്ടുകെട്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായി ദിവസങ്ങള്‍ക്കു മുന്‍പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ബംഗളൂരുവിലെത്തി ദേവഗൗഡയുമായും മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേവഗൗഡ ഡല്‍ഹിയിലേക്കു കുടുംബസമേതം താമസം മാറ്റിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1996 ആവര്‍ത്തിക്കുമെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞിരുന്നു. അന്നും ചന്ദ്രബാബു നായിഡുതന്നെയായിരുന്നു രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."