കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം
ചാത്തന്നൂര്‍: ഡി.സി.സി. ജനറല്‍ സെക്രട്ടറിയും പരവൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവുമായ എ. ഷുഹൈബിന്റെ വീടിനുനേരേ കഴിഞ്ഞദിവസം രാത്രി ഒരു സംഘം സാമൂഹികവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മാതാവിനു പരുക്കേറ്റു.
വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത അക്രമികള്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍ ഗ്ലാസും ഹെഡ്‌ലൈറ്റും അടിച്ചു തകര്‍ത്തു. ഷുഹൈബിന്റെ വൃദ്ധയായ മാതാവും സഹോദരന്‍ സുജാതും കുടുംബവും താമസിക്കുന്ന പരവൂര്‍ തെക്കുംഭാഗത്തെ കുടുംബ വീട്ടിലാണ് അക്രമം നടന്നത്.
കടയ്ക്കല്‍ കുമ്മിള്‍ സ്വദേശവാസികളായ എട്ടുപേരടങ്ങുന്ന സംഘമാണു വീട്ടിലെത്തി അക്രമം നടത്തിയത്. ഷുഹൈബിന്റെ മാതാവിനെ അക്രമികള്‍ തള്ളി വീഴ്ത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഷുഹൈബിന്റെ സഹോദരന്‍ സുജാതും കടയ്ക്കല്‍ സ്വദേശിയുമായി വിദേശത്തുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു അക്രമം. ബാക്കി ലഭിക്കാനുള്ള തുക നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ അക്രമം നടത്തിയതെന്നും താരാനുള്ള തുക വരും ദിവസങ്ങളില്‍ വിദേശത്തു തന്നെ തന്നു തീര്‍ക്കാമെന്നു പറഞ്ഞിട്ടും കേള്‍ക്കാതെയാണു അക്രമം നടത്തിയതെന്ന് ഷുഹൈബ് പറഞ്ഞു.
അക്രമത്തില്‍ പരുക്കേറ്റ മാതാവിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷുഹൈബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."