വിദ്യാഭ്യാസ ഉപജില്ലകളുടെ വിഭജനം തന്നെ ശാസ്ത്രീയമല്ല
നിസാം കെ അബ്ദുല്ല
അശാസ്ത്രീയമായാണ് ജില്ലയിലെ വിദ്യാഭ്യാസ ഉപജില്ലകളെ വിഭജിച്ചിരിക്കുന്നത്. സ്‌കൂളുകളുടെ വലുപ്പ ചെറുപ്പമോ സ്‌കൂളുകളുടെ എണ്ണമോ ഭൂമിശാസ്ത്രമോ ഒന്നും മാനദണ്ഡമാക്കാതെയാണ് ഉപജില്ലകളെ വിഭജനം നടത്തിയത്. സുല്‍ത്താന്‍ ബത്തേരി ഉപജില്ല തോമാട്ടുചാല്‍ മുതല്‍ പെരിക്കല്ലൂര്‍ വരെ പരന്ന് കിടക്കുകയാണ്. മുട്ടില്‍, അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മീനങ്ങാടി, പൂതാടി, മുള്ളന്‍കാല്ലി പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും സ്‌കൂളുകളാണ് ഈ വിദ്യാഭ്യാസ ഉപജില്ലയില്‍പെടുന്നത്. വൈത്തിരി ഉപജില്ല പടിഞ്ഞാറത്തറ മുതല്‍ മൂപ്പൈനാട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ്. പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളും കല്‍പ്പറ്റ നഗരസഭയുമാണ് വൈത്തിരി വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയില്‍പ്പെടുന്നത്. മാനന്തവാടി ഉപജില്ലയുടെ പരിധിയില്‍ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാല്‍, വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക, പനമരം പഞ്ചായത്തുകളിലെ സ്‌കൂളുകളാണ് ഉള്‍പ്പെടുന്നത്. അതേസമയം ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ പല പഞ്ചായത്തുകളും ഉള്‍പ്പെട്ടിരിക്കുന്നത് കൃത്യമായ വിദ്യാഭ്യാസ ഉപജില്ലകളിലല്ലെന്ന് വ്യക്തമാവും. വൈത്തിരി വിദ്യാഭ്യാസ ഉപജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റക്ക് ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശമാണ് മുട്ടില്‍ പഞ്ചായത്ത്. എന്നാല്‍ മുട്ടില്‍ പഞ്ചായത്ത് ഉള്‍പ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ ഉപജില്ല സുല്‍ത്താന്‍ ബത്തേരിയാണ്. അതേസമയം റവന്യൂ, ബ്ലോക്ക് അടിസ്ഥാനത്തില്‍ മുട്ടില്‍ പഞ്ചായത്ത് കിടക്കുന്നത് വൈത്തിരി താലൂക്കിലും കല്‍പ്പറ്റ ബ്ലോക്കിലുമാണ്. ഇത്തരത്തിലുള്ള വിഭജനം കാരണമായി വിദ്യാഭ്യാസ മേലയില്‍ നിരവധി അശാസ്ത്രീയതയാണ് നിലനില്‍ക്കുന്നത്.റവന്യൂ അടിസ്ഥാനത്തിലോ ബ്ലോക്ക് അടിസ്ഥാനത്തിലോ അല്ല വയനാട്ടിലെ വിദ്യാഭ്യാസ ഉപജില്ലകളുടെ വിഭജനം നടന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാവും. ഇത്തരം ന്യൂനതകള്‍ പരിഹരിച്ച് വിദ്യാഭ്യാസ ഉപജില്ലകളുടെ വിഭജനം കാര്യക്ഷമമാക്കണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത്. ഇത്തരത്തിലുള്ള വിഭജനം കുട്ടികളെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനും അടിയന്തര പരിഹാരമുണ്ടാവണമെന്നാണ് പൊതുവെ അധ്യാപകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉയരുന്ന ആവശ്യം.
നാളെ...
ഉള്ളത് മൂന്ന് വിദ്യാഭ്യാസ ഉപജില്ലകള്‍, വേണ്ടത് 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."